ഹോര്‍ലിക്സില്‍ നിന്ന് ‘ഹെല്‍ത്ത്’ ലേബല്‍ ഒഴിവാക്കിയിരിക്കുകയാണ് നിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ‘ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്സ്’ എന്നവകാശപ്പെട്ട് ബില്ല്യന്‍ കണക്കിന് പണമുണ്ടാക്കിയ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ലേബല്‍ ഒഴിവാക്കിയിരിക്കുന്നത്. ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്’ (എഫ്എന്‍ഡി) എന്നായിരിക്കും ഹോര്‍ലിക്‌സിനെ പുതുതായി അവതരിപ്പിക്കുക.ലോകാരോഗ്യസംഘടന പറയുന്നതുപ്രകാരം മനുഷ്യനില്‍ കാന്‍സറിന് കാരണമാകുന്നവയുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് എഥിലീന്‍ ഓക്‌സൈഡിന്റെ സ്ഥാനം. പ്രത്യുല്‍പ്പാദന തകരാറുകള്‍ക്കും കാരണമാകാം
നിയമപരമായ വ്യക്തതയില്ലാത്തതിനാല്‍ ഡയറി, ധാന്യങ്ങള്‍ അല്ലെങ്കില്‍ മാള്‍ട്ട് അധിഷ്ഠിത പാനീയങ്ങള്‍ എന്നിവയെ ‘ഹെല്‍ത്ത് ഡ്രിങ്ക്സ്’ അല്ലെങ്കില്‍ ‘എനര്‍ജി ഡ്രിങ്ക്സ്’ എന്നിങ്ങനെ തരംതിരിക്കാന്‍ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ മാറ്റം.
ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ‘ഹെല്‍ത്ത് ഡ്രിങ്ക്‌സ്’ വിഭാഗത്തില്‍നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് സൈറ്റുകളോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ പത്തിനാണ് നിര്‍ദേശം നല്‍കിയത്. ഹെല്‍ത്ത് ഡ്രിങ്ക് എന്ന പ്രയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് കേന്ദ്രം ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്ക് എത്തിയത്. എഫ്എസ്എസ്എഐ ആക്ട് 2006 പ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് എന്നൊരു വിഭാഗമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും ചൂണ്ടിക്കാണിച്ചിരുന്നു.
ഹോര്‍ലിക്‌സിന്റെ ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കുന്നത് കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലുമാണ്. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തും എന്ന് പറഞ്ഞുതന്നെയാണ് ഹോര്‍ലിക്‌സ് ഇത്രകാലവും ബിസിനസ് ലാഭത്തിലാക്കിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവിന്റെ മാത്രമല്ല നെസ്ലെയുടെയും കൂടുതല്‍ ഉപഭോക്താക്കളും കുട്ടികളാണ്.
ബേബി ഫുഡ് നിര്‍മാണ മേഖലയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയാണ് നെസ്ലെ. കഴിഞ്ഞ ദിവസങ്ങളിലാണ് നെസ്ലെക്കെതിരെ ഗുരുതര റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്ത്യയടക്കമുള്ള താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്ന രണ്ട് ബേബി ഫുഡ് ബ്രാന്‍ഡുകളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും തേനും ചേര്‍ക്കുന്നുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ‘പബ്ലിക് ഐ’ എന്ന സ്വതന്ത്ര അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
യുകെ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, മറ്റ് വികസിത രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന ഇതേ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേര്‍ക്കുന്നില്ലെന്നും ‘പബ്ലിക് ഐ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് കമ്പനി അന്ടത്തുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മാത്രമാണ് ലംഘനങ്ങള്‍ കണ്ടെത്തിയത്.
ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാക്കിന്റെ ഓരോ സ്പൂണിലും മൂന്ന് ഗ്രാം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. എത്യോപ്യയിലും തായ്‌ലന്‍ഡിലും വില്‍ക്കുന്ന സെറിലാക്കില്‍ ഒരു സ്പൂണില്‍ ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. ലോകത്തെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായ ബ്രസീലിലും ഇന്ത്യയിലേതിന് സമാനമായി സെര്‍ലാക് ഉത്പന്നങ്ങളില്‍ മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ത്തിട്ടുണ്ട്.
ഇഡോനേഷ്യയില്‍ നെസ്ലെയുടെതന്നെ നിഡോയുടെ തേന്‍ രൂപത്തിലുള്ള ബേബി ഫുഡില്‍ 100 ഗ്രാമില്‍ രണ്ട് ഗ്രാം പഞ്ചസാരയുണ്ടെന്നാണ് കണ്ടെത്തല്‍. സെറിലാക്കിന്റെ പാക്കറ്റിന് പുറത്ത് പഞ്ചസാര ചേര്‍ത്തതിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളില്‍ സപ്ലിമെന്ററി ഷുഗര്‍ നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
നെസ്ലെ ഇന്ത്യയില്‍ നൂഡില്‍സ്, ചോക്ലേറ്റുകള്‍, പാക്ക് ചെയ്ത പാല്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. 2022-ല്‍ ഇന്ത്യയില്‍ 20,000 കോടി രൂപയുടേതാണ് നെസ്ലെയുടെ സെര്‍ലാക് ഉത്പന്നങ്ങളുടെ വില്‍പന.
നിലവില്‍ എഫ്എസ്എസ്എഐയുടെ സയന്റിഫിക് കമ്മിറ്റി വിഷയം പരിശോധിച്ചു വരികയാണ്. നെസ്ലെയ്ക്കെതിരെ മാത്രമല്ല കുട്ടികള്‍ക്കായുള്ള ഇത്തരം ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന മറ്റ് ബ്രാന്‍ഡുകളും ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നും എഫ്എസ്എസ്എഐ പരിശോധിക്കും. ഒരു മാസത്തിനികം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് സൂചന.
അതേസമയം, രാജ്യത്തുടനീളമുള്ള എംഡിഎച്ച്, എവറസ്റ്റ് എന്നിവയുള്‍പ്പെടെ വിവിധ ബ്രാന്‍ഡുകളില്‍ നിന്നുള്ള കറി മസാലകളുടെ സാമ്പിള്‍ പരിശോധനയും എഫ്എസ്എസ്എഐ ആരംഭിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിന് ഹാനികരമായ കീടനാശിനിയായ എഥിലീന്‍ ഓക്സൈഡിന്റെ അമിത സാന്നധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങള്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സ്‌പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ ഇതിനോടകം ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡര്‍, സാമ്പാര്‍ മസാല, കറി പൗഡര്‍ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എഥിലീന്‍ ഓക്‌സൈഡിന്റെ അളവ് കൂടുതലായി കണ്ടെത്തിയത്. ഹോങ്കോങ്ങിലെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ശേഖരിച്ച് പരിശോധിച്ച മസാലക്കൂട്ടുകളിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. എഥിലീന്‍ ഓക്‌സൈഡ് ഭക്ഷ്യയോഗ്യമായ ഘടകമല്ലെന്നും കാര്‍ഷിക മേഖലയില്‍ അണുനശീകരണത്തിനായി ഉപയോഗിച്ച് വരുന്നതാണെന്നുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പറഞ്ഞത്.
എവറസ്റ്റിന്റെ മീന്‍കറി മസാലയുടെ വില്‍പനയാണ് സിങ്കപ്പൂര്‍ ഫുഡ് ഏജന്‍സി (എസ്എഫ്എ) തടഞ്ഞത്. എവറസ്റ്റ് മസാലയുടെ കയറ്റുമതിക്കാരനായ എസ്പി മുത്തയ്യാ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ ഉല്‍പന്നങ്ങള്‍ ഉടന്‍ തിരിച്ചുകൊണ്ടുപോകുമെന്നും ഏപ്രില്‍ 18ന് സിങ്കപ്പൂര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എഥിലിന്‍ ഓക്സൈഡ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതിന് ഇന്ത്യയിലും വിലക്കുണ്ട്. ക്രിമിനല്‍ കേസ് അടക്കം എടുക്കാനുള്ള വകുപ്പുള്ള കുറ്റകൃത്യമാണിത്. സംഭവത്തിന് പിന്നാലെ ഇന്ത്യയിലൊട്ടാകെയുള്ള എല്ലാ മസാല നിര്‍മാണ ഫാക്ടറികളില്‍നിന്ന് സാംപിള്‍ ശേഖരിച്ച് പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
രാജ്യത്തെ എല്ലാ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍മാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മൂന്ന്, നാല് ദിവസത്തിനുള്ളില്‍ രാജ്യത്തുള്ള എല്ലാ മസാല നിര്‍മാണ ഫാക്ടറികളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചു കഴിയും. 20 ദിവസത്തിനുള്ളില്‍ സാംപിളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് ഉന്നതവൃത്തങ്ങള്‍ അറിയിച്ചത്.
എന്താണ് എഥിലീന്‍ ഓക്‌സൈഡ്?
വാണിജ്യ വ്യാവസായിക മന്ത്രാലയത്തിനു കീഴിലുള്ള സ്‌പൈസസ് ബോര്‍ഡിന്റെ നിര്‍വചനപ്രകാരം 10.7 സെല്‍ഷ്യസിനു മുകളിലുള്ള താപനിലയില്‍ കത്തുന്ന നിറമില്ലാത്ത വാതകമാണ് എഥിലീന്‍ ഓക്‌സൈഡ്. അണുനാശിനി, കീടനാശിനി എന്നിവയ്ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ സ്റ്റെറിലൈസ് ചെയ്യുന്നതിനും ഈ വാതകം ഉപയോഗിക്കുന്നു.
ലോകാരോഗ്യസംഘടന പറയുന്നതുപ്രകാരം മനുഷ്യനില്‍ കാന്‍സറിന് കാരണമാകുന്നവയുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് എഥിലീന്‍ ഓക്‌സൈഡിന്റെ സ്ഥാനം. പ്രത്യുല്‍പ്പാദന തകരാറുകള്‍ക്കും കാരണമാകാം. ബ്രെസ്റ്റ് കാന്‍സര്‍, ഉദരാര്‍ബുദം, ലിംഫോമ, ലുക്കീമിയ എന്നിവയുമായും ഇതു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.
എഥിലീന്‍ ഓക്‌സൈഡ് ദീര്‍ഘകാലം ഉപയോഗിക്കുന്നത് മനുഷ്യന്റെ കേന്ദ്രനാഡീ വ്യവസ്ഥയെ തകരാറിലാക്കുകയും വിഷാദത്തിനു കാരണമാവുകയും കണ്ണ്, മൂക്ക്, തൊണ്ട, ശ്വാസകോശം തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുകയും ചെയ്യുമെന്ന് യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പറയുന്നു.
നേരത്തെയും പല ഭക്ഷ്യവസ്തുക്കള്‍ക്കെതിരെയും കറി പൗഡറുകള്‍ക്കെതിരെയും നിരോധനവും നടപടിയും ഉണ്ടായിട്ടുണ്ട്. കൃത്രിമനിറങ്ങള്‍ ചേര്‍ത്ത പഞ്ഞി മിഠായിയും ഗോബി മഞ്ചൂരിയനും 2024 ല്‍ കര്‍ണാടക നിരോധിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളായ റൊഡാമിന്‍-ബി, ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ആരോഗ്യ മന്ത്രാലയം വില്‍പന നിരോധിച്ചത്. ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ പഞ്ഞി മിഠായിയിലും ഗോബി മഞ്ചൂരിയനിലും 107-ഓളം കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.
തമിഴ്നാടും പുതുച്ചേരിയും പഞ്ഞി മിഠായി നിരോധിച്ചിരുന്നു. അര്‍ബുദത്തിന് കാരണമാകുന്ന, വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന റൊഡാമിന്‍-ബിയാണ് പഞ്ഞി മിഠായിക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്നതെന്ന് ഗിണ്ടിയിലെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
2006-ലെ ഭക്ഷ്യ സുരക്ഷാ നിയമം റൊഡാമിന്റെ ഉപയോഗം വിലക്കുന്നുണ്ട്. നിയമപ്രകാരം ഭക്ഷ്യവസ്തുക്കളില്‍ റൊഡാമിന്‍ ബി ചേര്‍ക്കുന്നതും പാക്ക് ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്.
2018 മെയ് മാസത്തില്‍ കേരളത്തില്‍ കച്ചവടം ചെയ്തിരുന്ന 45 ബ്രാന്‍ഡ് വെളിച്ചെണ്ണ ഇനങ്ങളില്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് 2006 പ്രകാരം മായം ചേര്‍ത്തതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ കാരണത്താല്‍ 51 ബ്രാന്‍ഡ് വെളിച്ചെണ്ണകളും ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നിരോധിച്ചു. 74 ബ്രാന്‍ഡുകളെ ഡിസംബര്‍ മാസത്തിലും നിരോധിച്ചിരിക്കുന്നു.
വില കുറഞ്ഞ എണ്ണകള്‍ കൂടാതെ ക്രൂഡോയില്‍, പെട്രോളിയം പ്രൊഡക്ടുകള്‍ എന്നിവ സ്വേദനം നടത്തിക്കിട്ടുന്ന പാരഫിന്‍, ഹെക്സ്ഐന്‍ തുടങ്ങിയ മാരക രാസപദാര്‍ഥങ്ങളും വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊപ്രയില്‍ നിന്നും കൂടുതല്‍ എണ്ണ ലഭിക്കാന്‍ ചേര്‍ക്കുന്ന ആല്‍ക്കലോയ്ഡ് രാസപദാര്‍ഥങ്ങള്‍ ഇതിന് പുറമെയാണ്.
മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ ഉപയോഗം കാന്‍സര്‍, തളര്‍വാതം, കരള്‍വീക്കം, തലവേദന, കാഴ്ചശക്തി കുറയല്‍, ട്യൂമര്‍, ഹൃദ്രോഗം, ശ്വാസതടസ്സം, കാലിലെ മസില്‍ കുഴയില്‍ തുടങ്ങി നിരവധി പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്.
2021 ല്‍ കേയാ ഫുഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്ത ‘ഡ്രൈഡ് ഒറിഗാനോ’ എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ചിരുന്നു. ഈ ഉല്‍പ്പന്നം ഓണ്‍ലൈന്‍/പൊതുമാര്‍ക്കറ്റുകള്‍ വഴി വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചിരുന്നു. ഈ ഭക്ഷ്യ വസ്തുവില്‍ സാല്‍മൊണല്ല രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാലായിരുന്നു നിരോധനം.
2015ല്‍ മായം ചേര്‍ന്നതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിറപറ ബ്രാന്‍ഡിന്റെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയ്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മുമ്പ് 34 തവണ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിറപറ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു. കറി ൗഡറുകളില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സ്റ്റാര്‍ച്ചിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.
പൂജ്യം ശതമാനമായിരിക്കണം കറി ൗഡറുകളില്‍ സ്റ്റാര്‍ച്ചിന്റെ സാന്നിദ്ധ്യമെന്നാണ് നിയമം. എന്നാല്‍ 15 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് നിറപറയുടെ ഉല്‍പന്നങ്ങളില്‍ സ്റ്റാര്‍ച്ചിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നത്. നിറപറയുടെ 60000 കോടി രൂപയുടെ ഗുണനിലവാരമില്ലാത്ത കുരുമുളകും പിടിച്ചെടുത്തിരുന്നു.
നമ്മുടെ ആരോഗ്യം നാം കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യത്തെയും ഗുണമേന്മയെയും ആശ്രയിച്ചാണിരിക്കുന്നത്. പക്ഷേ ഇന്നത് ഉറപ്പുവരുത്തുന്നത് എളുപ്പമല്ല. പാക്കറ്റുകളില്‍ വിപണിയില്‍ കിട്ടുന്ന, ഉടന്‍ കഴിക്കാവുന്നവയും പെട്ടെന്ന് ചൂടാക്കി കഴിക്കാവുന്നവയും ആയ ”ബ്രാന്‍ഡഡ് സൗകര്യ ാചകക്കൂട്ടുകള്‍” ആണ് തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തിലെ അന്നം. കൂടാതെ പലതരം ബേക്കറി സാധനങ്ങള്‍, ആരോഗ്യപാനീയങ്ങള്‍, പഴസത്തുകള്‍ എന്നിവയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.
എന്നാല്‍ ഇങ്ങനെ കിട്ടുന്നവയുടെ ഗുണനിലവാരം, ശുദ്ധത ഇവയെക്കുറിച്ച് ഉപഭോക്താക്കള്‍ എത്രമാത്രം അറിവുള്ളവരാണ്? പാക്കറ്റ് ഭക്ഷണങ്ങളില്‍ നിറത്തിനും മണത്തിനും രുചിക്കുമൊക്കെയായി ചേര്‍ത്തിരിക്കുന്ന ഭക്ഷ്യേതര ചേരുവകള്‍, അവയുടെ അളവ്, അനുവദിക്കപ്പെട്ടവയോ അതോ വ്യാജമോ എന്നൊന്നും മനസ്സിലാക്കാനുള്ള മാര്‍ഗങ്ങള്‍ ഉപഭോക്താവിന് ലഭ്യമല്ല. ഉപഭോക്താവിന്റെ അറിവില്ലായ്മയെ ബിസിനസ് ആക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്.
സംസ്‌കരിച്ചതും അല്ലാത്തതുമായി വിപണിയില്‍ കിട്ടുന്ന എല്ലാത്തരം ഭക്ഷണ സാധനങ്ങളിലും നിറം, മണം, രുചി മുതലായവയ്ക്കായി ചേര്‍ത്തിരിക്കുന്ന കൂട്ടുകളില്‍ അനുവദിച്ചിട്ടില്ലാത്ത പല രാസ വസ്തുക്കളും ചേര്‍ത്തിരിക്കുന്നതായും അനുവദിച്ചിട്ടുള്ളവതന്നെ വളരെ കൂടിയ അളവില്‍ ചേര്‍ത്തിരിക്കുന്നതായും പല സര്‍വ്വേകളും വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല വമ്പന്‍ കമ്പനികള്‍ക്ക് അന്താരാഷ്ട്ര വ്യാവസായിക മാര്‍ക്കറ്റില്‍ നിരോധനം നേരിടേണ്ടി വരുന്നതും നമ്മള്‍ കാണുന്നുണ്ട്. എന്നിട്ടും ആരോഗ്യകരമായ നല്ല ഭക്ഷണത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. പാക്കറ്റ്, ബ്രാന്‍ഡഡ്, ഇന്‍സ്റ്റഡ് ഭക്ഷങ്ങള്‍ നമ്മുടെ തീന്‍ മേശകളിലും ജീവിതത്തിന്റെയും ഭാഗമാകുന്നു. ആരോഗ്യവും നശിക്കുന്നു.
FAQs
എന്താണ് ആരോഗ്യം?
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നതുകൊണ്ടുദ്ദേശിച്ചിരുന്നത്. എന്നാൽ 1948-ലെ ലോക ആരോഗ്യ അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതികൂടിയാണ് ആരോഗ്യം.
എന്താണ് ആഹാരം?
നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം. ഓരോ സംസ്കാരങ്ങൾക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു.
എന്താണ് എഥിലീന്‍ ഓക്‌സൈഡ്?
10.7 സെല്‍ഷ്യസിനു മുകളിലുള്ള താപനിലയില്‍ കത്തുന്ന നിറമില്ലാത്ത വാതകമാണ് എഥിലീന്‍ ഓക്‌സൈഡ്. അണുനാശിനി, കീടനാശിനി എന്നിവയ്ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ സ്റ്റെറിലൈസ് ചെയ്യുന്നതിനും ഈ വാതകം ഉപയോഗിക്കുന്നു.
Quotes
“ആരോഗ്യമാണ് ഏറ്റവും വലിയ സമ്മാനം, സംതൃപ്തിയാണ് ഏറ്റവും വലിയ സമ്പത്ത്, വിശ്വസ്തതയാണ് ഏറ്റവും നല്ല ബന്ധം”- ബുദ്ധന്‍.