Sat. Jun 22nd, 2024

ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്നും സംവരണങ്ങൾ ഇല്ലാതാക്കുമെന്നും തുടരെ പറഞ്ഞിരുന്ന ബിജെപി ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രമല്ല അങ്ങനെ പറഞ്ഞവരെ കൊണ്ട് അത് മാറ്റി പറയിപ്പിക്കുകയും ചെയ്യുന്നു.

വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തില്ലെന്നും സംവരണം ഇല്ലാതാക്കില്ലെന്നുമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഏപ്രിൽ 25ന് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് രാജ്നാഥ് സിങ്ങിൻ്റെ പ്രതികരണം. ‘സംവരണം ഒരിക്കലും നിർത്തലാക്കില്ല. സംവരണം വേണമെന്നാണ് ഞാൻ ദൃഢമായി വിശ്വസിക്കുന്നത്. ഭരണഘടനയിൽ മാറ്റം വരുത്തേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്നും എനിക്ക് തോന്നുന്നില്ല’, രാജ്നാഥ് സിങ്ങ് പറഞ്ഞു.

ഏപ്രിൽ 23 ന് മഹാരാഷ്ട്രയിലെ അകോലയിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എസ്സി എസ്ടി, ഒബിസി സംവരണങ്ങൾ ഇല്ലാതാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.

ബിജെപി സംവരണം ഇല്ലാതാക്കും എന്ന വാർത്തക്ക് ഇത്രയും പ്രാധാന്യം
ലഭിക്കുന്നതെന്തുകൊണ്ടാണ്?

2009 മുതൽ ഒബിസി വോട്ടുകൾ കൂടിയത് ബിജെപിയുടെ വിജയത്തിന് കാരണമായിട്ടുണ്ട്.പ്രധാനപ്പെട്ട ഒബിസി വോട്ടുകൾ ബിജെപി എങ്ങനെ നേടി എന്നത് സിഎസ്എസ്ഡിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2009ൽ 17 ശതമാനമായിരുന്ന ഒബിസി വോട്ടുകൾ 2019ൽ 47 ശതമാനമായി ഉയർന്നു.

അധികാരത്തിലെത്തിയാൽ സംവരണം ഇല്ലാതാക്കുമെന്ന വാർത്ത ബിജെപിക്ക് ലഭിക്കുന്ന ഒബിസി വോട്ടുകളിൽ കുറവ് വരുത്തും. ഭരണഘടനയിൽ മാറ്റം വരുത്തുമെന്നും 400 സീറ്റുകൾ നേടുമെന്നും രാജ്യത്തുടനീളം ബിജെപി നേതാക്കൾ പ്രസംഗിച്ചിരുന്നു. സംവരണത്തെക്കുറിച്ചുള്ള ആശങ്ക ദളിത്, ഒബിസി വിഭാഗങ്ങൾക്കിടയിലെ ബിജെപിയുടെ വോട്ട് കുറക്കുമെന്നതിനാൽ 400 സീറ്റുകൾ എന്ന പ്രയോഗവും ബിജെപി ഉപേക്ഷിച്ചു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക അഡ്വൈസറി കൗൺസിൽ ചെയർമാൻ മുതൽ ബിജെപി എംപിമാരും എംഎൽഎമാരുമടക്കം ഭരണഘടന മാറ്റുവാൻ ബിജെപിക്ക് ഭൂരിപക്ഷം വേണമെന്ന് പറഞ്ഞിരുന്നു. കർണാടക ബിജെപി എംപി അനന്തകുമാർ ഹെഗ്ഡെ, ദീർഘകാലം അയോധ്യയിലെ എംഎൽഎയായ ലല്ലു സിങ്ങ്, മീറൂട്ടിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായ അരുൺ ഗോവിൽ തുടങ്ങിയവർ ഭരണഘടനയിൽ മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞവരാണ്.

ആർഎസ്എസും ബിജെപിയും ഇന്ത്യൻ ഭരണഘടനയെ തുടക്കം മുതലെ എതിർത്തിരുന്നു. 1949ൽ പ്രസിദ്ധീകരണം ആരംഭിച്ച ആർഎസ്എസിൻ്റെ വാരികയായിരുന്ന ‘ഓർഗനൈസറിൽ’ ഭരണഘടനക്കെതിരായ പരാമർശങ്ങളാണ് ഉണ്ടായിരുന്നത്.
‘ഇന്ത്യൻ ഭരണഘടനയിൽ ഭാരതത്തിൻ്റേതായി ഒന്നുമില്ല. ഭരണഘടനയുടെ നിർമാതാക്കൾ അതിൽ ബ്രിട്ടീഷ്, അമേരിക്കൻ, സ്വിസ്സ്, കനേഡിയൻ തുടങ്ങിയവയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുരാതന ഭാരതീയ ഭരണഘടന നിയമങ്ങളെക്കുറിച്ച് പറയുന്നില്ല.മനുവിൻ്റെ നിയമങ്ങൾ സ്പാർട്ടയിലെ ലിക്കർഗസ്, പേർഷ്യയിലെ സോളൻ എന്നീ രണ്ട് കാലഘട്ടങ്ങൾക്ക് മുൻപേ എഴുതപ്പെട്ടതാണ്.മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ രാജ്യത്തിൻ്റെ മേന്മയെ ഉയർത്തുന്നതാണ്. എന്നാൽ ഇവിടത്തെ പണ്ഡിതന്മാർക്ക് അതിനെക്കുറിച്ച് അറിയില്ല’, ‘ഓർഗനൈസറിൽ’ ഭരണഘടനയെക്കുറിച്ച് പറഞ്ഞിരിക്കുന്നതിങ്ങനെയാണ്.

2015ൽ ആർഎസ്എസ് മാഗസിനായ പാഞ്ചജന്യക്ക് നൽകിയ അഭിമുഖത്തിൽ സംവരണം പുനർപരിശോധിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞിരുന്നു.ഹിന്ദുത്വവാദികൾ ഭരണഘടനയേക്കാൾ പ്രാധാന്യം നൽകിയിരുന്നത് മനുസ്മൃതിക്കാണ്. അതുകൊണ്ട് തന്നെ അവർ അധികാരത്തിലെത്തുന്നത് ഒബിസി, ദളിത് വിഭാഗങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.