Sat. Jan 18th, 2025

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജെയ് അമിത് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 16000 മടങ്ങായി വർദ്ധിച്ചു. ഒരു വർഷം കൊണ്ട് കമ്പനിയുടെ വരുമാനം 50000 രൂപയിൽ നിന്നും 80,00,00,000 ആയി ഉയർന്നു

 

Highlights
മോദി സർക്കാരിനുകീഴിൽ നടന്ന അഴിമതികളെക്കുറിച്ച് കറപ്റ്റ് മോദി വെബ്സൈറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ തുടർച്ച

ഇ-ടെന്‍ഡര്‍ അഴിമതി- 2016-2017

2016 ഏപ്രിലിനും 2017 മാര്‍ച്ചിനുമിടയില്‍ ഛത്തീസ്ഗഡില്‍ രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടത്തിയ അഴിമതിയാണ് ഇ-ടെന്‍ഡര്‍ അഴിമതി. സര്‍ക്കാര്‍ വിളിച്ച ടെന്‍ഡറുകളുടെ ഇ-പ്രോക്യുര്‍മെന്റ് നടപടികളില്‍ ക്രമക്കേടുണ്ടെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തി.

17 സര്‍ക്കാര്‍ വകുപ്പുകളിലായി 1,971 ടെന്‍ഡറുകള്‍ക്കായി 477 ലേലക്കാര്‍ ടെന്‍ഡര്‍ വിളിക്കാന്‍ 74 പൊതുവായ കമ്പ്യൂട്ടറുകളും ഇ-മെയില്‍ ഐഡികളും ഉപയോഗിച്ചതായി സിഎജി കണ്ടെത്തി. 4,601 കോടി രൂപയുടെ ടെന്‍ഡറുകളാണ് ക്ഷണിച്ചത്. ലേല നടപടികള്‍ക്ക് മുമ്പ് തന്നെ ബിഡ്ഡര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ അടുത്തം ബന്ധം പുലര്‍ത്തിയിരുന്നു. ഓരോ വകുപ്പിലെയും ഒരു ഉദ്യോഗസ്ഥനെ എങ്കിലും ടെന്‍ഡര്‍ നടപടികള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതു ഇ-മെയില്‍ ഐഡികളുള്ള ഒന്നിലധികം ലേലക്കാരെയും 15.44 കോടി രൂപയുടെ അഞ്ച് ടെന്‍ഡറുകള്‍ അര്‍ഹതയില്ലാത്ത കരാറുകാര്‍ക്ക് നല്‍കിയതായും സിഎജി കണ്ടെത്തി. സംഭവത്തില്‍ ആദായനികുതി നിയമത്തിന്റെ ലംഘനങ്ങളുണ്ടെന്നും സിഎജി ഛത്തീസ്ഗഢ് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

79 കരാറുകാര്‍ രണ്ട് പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പിഡബ്ല്യുഡിയുടെ ഇ-വര്‍ക്ക്‌സ് പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യാനും വെന്‍ഡര്‍ ഐഡി ലഭിക്കാനുമാണ് ഇവര്‍ രണ്ട് പാന്‍ കാര്‍ഡ് ഉപയോഗിച്ചത്. ഇത് 1961 ലെ ഐടി ആക്ടിലെ സെക്ഷന്‍ 272 ബിയുടെ ലംഘനമാണ്.

വൈദ്യുതി കുംഭകോണം- 2016

ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ മധ്യപ്രദേശ് ഭരിച്ചിരുന്ന 2016 ലാണ് വൈദ്യുതി കുംഭകോണം നടക്കുന്നത്.’മധ്യപ്രദേശ് ഊര്‍ജ വികാസ് നിഗം’ (പുനരുപയോഗ ഊര്‍ജ മേഖലയ്ക്കായി കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ പരിപാടികളും നയങ്ങളും നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി) 180 കോടി രൂപയുടെ സര്‍ക്കാര്‍ പദ്ധതി വൈദ്യുത മന്ത്രിയായിരുന്ന മന്ത്രി പരാസ് ജെയിനിന്റെ മകളുടെയും മരുമകളുടെയും ഉടമസ്ഥതയിലുള്ള കമ്പനിയിക്ക് നല്‍കി. ബന്ധുക്കളുടെ കമ്പനിയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ടെന്‍ഡര്‍ അപേക്ഷക്കുള്ള സമയപരിധി രണ്ടുതവണയാണ് നീട്ടിയത്.

സോളാര്‍ വൈദ്യുതി ഗ്രിഡുകള്‍ സ്ഥാപിക്കാന്‍ വകയിരുത്തിയ 180 കോടിയുടെ പദ്ധതിയാണ് പരാസ് ജെയിനിന്റെ മകള്‍ സ്വാതിയുടെയും മരുമകള്‍ പൂജയുടെയും സൗരോര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി എനര്‍ജി സൊല്യൂഷന്‍സ് എന്ന കമ്പനിയ്ക്ക് നല്‍കിയത്. 2016 ജൂണിലാണ് പദ്ധതിയുടെ ടെന്‍ഡര്‍ വിളിച്ചത്. ജൂലൈയില്‍ ഇന്‍ഫിനിറ്റി സൊല്യൂഷന്‍സിന് ടെന്‍ഡര്‍ ലഭിച്ചു. ഇതിനിടെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം സമയപരിധി നീട്ടിയത്.

ഇ-ടെന്‍ഡര്‍ അഴിമതി- 2018

2018 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ ഇ-ടെന്‍ഡര്‍ അഴിമതി പുറത്തുവന്നത്. 3000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് മധ്യപ്രദേശ് പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) കണക്കാക്കിയത്. സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്മെന്റ് കോര്‍പറേഷന്റെ (എംപിഎസ്ഇഡിസി) സോഫ്റ്റ്വെയറിലാണ് അഴിമതി നടത്തിയത്.

ചില ലേലക്കാര്‍ക്ക് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേയ്ക്ക് അനധികൃതമായി പ്രവേശനം ലഭിച്ചതായും ബിഡ് വില മനസ്സിലാക്കിയതിന് ശേഷം അതിനനുസരിച്ച് കരാര്‍ സ്വന്തമാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഏതാനും സ്വകാര്യ കമ്പനികള്‍ക്ക് അനുകൂലമായി മധ്യപ്രദേശ് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംഭരണ പ്ലാറ്റ്ഫോമില്‍ വലിയ തോതിലുള്ള കൃത്രിമം നടത്തിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 ജനുവരി മുതല്‍ മാര്‍ച്ച് വരെ നടന്ന അഴിമതിയിലാണ് 3000 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. മുന്‍കാല ടെന്‍ഡറുകള്‍ അന്വേഷിച്ചാല്‍ 80,000 കോടി രൂപയുടെ അഴിമതിയുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രാഥമിക അന്വേഷണത്തില്‍ അഞ്ച് വകുപ്പുകളുടെ ടെന്‍ഡറുകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. ജല്‍ നിഗത്തിന്റെ മൂന്ന് ടെന്‍ഡറുകളിലും പിഡബ്ല്യുഡിയുടെ രണ്ട് ടെന്‍ഡറുകളിലും ജലവിഭവ വകുപ്പിന്റെ രണ്ട് ടെന്‍ഡറുകളിലും എംപി റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഒന്ന്, പിഡബ്ല്യുഡിയുടെ ഒന്ന്, പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ ഒരു ടെന്‍ഡര്‍ എന്നിവയിലാണ് കൃത്രിമം നടന്നത്. ഡിജിറ്റല്‍ ഒപ്പുകളും ദുരുപയോഗം ചെയ്തിട്ടുണ്ട്.

സിറോത്തിയ ബെല്‍ജി പ്രൈവറ്റ് ലിമിറ്റഡ്, ജിവിപിആര്‍ കമ്പനി ഹൈദരാബാദ്, മാക്‌സ് മെന്റെന ലിമിറ്റഡ് മുംബൈ, ഹ്യൂം പൈപ്പ് ലിമിറ്റഡ് മുംബൈ, മാധവ് ഇന്‍ഫ്രാ പ്രോജക്ട് ലിമിറ്റഡ് ഭോപ്പാല്‍, രാമുമാര്‍ നര്‍വാനി ലിമിറ്റഡ് ഭോപ്പാല്‍, സോഫ്റ്റ്വെയര്‍ കമ്പനിയായ ഓസ്‌മോ ഐടി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ഭോപ്പാല്‍ തുടങ്ങിയ ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനികള്‍ക്കാണ് ഭൂരിഭാഗം ടെന്‍ഡറുകളും നല്‍കിയത്.

ഗ്‌നിശമന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതില്‍ അഴിമതി- 2015

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയിരിക്കെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അഗ്‌നിശമന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് നല്‍കിയ കരാറില്‍ ക്രമക്കേട് കണ്ടെത്തി. മഹാരാഷ്ട്രയിലെ 62,105 ജില്ലാ പരിഷത്ത് സ്‌കൂളുകളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ വിതരണം ചെയ്തതിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ബിജെപി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന വിനോദ് താവ്ഡെ ഇ-ടെന്‍ഡര്‍ ക്ഷണിക്കാതെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അഗ്‌നിശമന ഉപകരണങ്ങള്‍ വാങ്ങുന്നതിന് 191 കോടി രൂപയാണ് അനുവദിച്ചു കൊടുത്തത്. 2015 ഫെബ്രുവരി 11-നാണ് കരാര്‍ അനുവദിച്ചു കൊടുത്തത്. ധനവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് ഉന്നയിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് നാലിന് ഉപകരണങ്ങളുടെ വിതരണം സ്റ്റേ ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതരായി. വിവാദത്തെത്തുടര്‍ന്ന്, എല്ലാ സ്‌കൂളുകളിലും ആദ്യം ”ഫയര്‍ ഓഡിറ്റ്” നടത്തുമെന്ന് താവ്‌ഡെ പ്രഖ്യാപിച്ചു.

കള്ളനോട്ട് കേസ്- 2017

രാജ്യത്ത് നോട്ട് നിരോധനം നിലവില്‍ വന്നതിന്റെ അടുത്ത വര്‍ഷമാണ് തൃശ്ശൂരില്‍ നിന്നും കള്ളനോട്ടടിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്. കൊടുങ്ങല്ലൂര്‍ യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റ് രാകേഷിനെയാണ് ഓപറേഷന്‍ കുബേര പ്രകാരം അറസ്റ്റ് ചെയ്തത്.

രാകേഷ് പലിശ ഇടപാട് നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍  1.37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. 2000 രൂപയുടെ 64 എണ്ണം, 500 രൂപയുടെ 13, 50 രൂപയുടെ അഞ്ച്, 20 രൂപയുടെ പത്ത് എന്നിങ്ങനെയാണ് പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണം.

ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും സജ്ജീകരിച്ചിരുന്നത്. വ്യാജനോട്ടുകള്‍ എ ഫോര്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത നിലയിലായിരുന്നു. കമ്പ്യൂട്ടര്‍ വിദഗ്ധനായ രാകേഷ് കള്ളനോട്ട് അച്ചടിക്കുന്നതിലെ സ്ഥിരം പ്രതിയാണ്. രാകേഷിന്റെ സഹോദരന്‍ ബിജെപി, ഒബിസി മോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി രാജീവും കേസിലെ പ്രതിയാണ്.

നിലക്കടല അഴിമതി- 2018

ഗുജറാത്ത് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നിലക്കടലയുമായി ബന്ധപ്പെട്ട് 2018 ല്‍ 4000 കോടി രൂപയുടെ അഴിമതിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ സംഭരിച്ച നിലക്കടല ബിജെപി അനുഭാവികളുടെ ഉടമസ്ഥതയിലുള്ള മില്ലുകാര്‍ക്ക് വില്‍ക്കുകയും സ്റ്റോക്കുകളില്‍ മണലും കല്ലുകളും ചേര്‍ത്ത് മായം കലര്‍ത്തിയെന്നുമാണ് റിപ്പോര്‍ട്ട്. മായം കലര്‍ത്തിയ സ്റ്റോക്കുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണുകള്‍ക്ക് സംശയാസ്പദമായി തീപിടിച്ച നാല് സംഭവങ്ങളും ഉണ്ടായി.

2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സര്‍ക്കാര്‍ നിലക്കടല ക്വിന്റലിന് മിനിമം താങ്ങുവിലയായി 4,500 രൂപ പ്രഖ്യാപിക്കുന്നത്. ഈ വിലയ്ക്ക് നിലക്കടല സ്റ്റോക്ക് സംഭരിക്കുന്നതിന് കാര്‍ഷികോത്പന്ന വിപണനത്തിന്റെ ഉന്നത സഹകരണ സ്ഥാപനമായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് (എന്‍എഎഫ്ഇഡി) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇതേ തുടര്‍ന്ന്, എന്‍എഎഫ്ഇഡിയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ GUJCOT, GUJCOMASOL (ഗുജറാത്ത് സ്റ്റേറ്റ് കോഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്), GUJPRO (അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം പ്രൊഡ്യൂസര്‍ കമ്പനി), ബനാസ് ഡയറി, സബര്‍ ഡയറി എന്നിവയെ നിലക്കടല സംഭരിക്കാന്‍ നിയോഗിച്ചിരുന്നു.

തുടര്‍ന്ന് സൗരാഷ്ട്ര മേഖലയിലുടനീളമുള്ള 139 പര്‍ച്ചേസിംഗ് സെന്ററുകള്‍ വഴി 4,000 കോടി രൂപ മൂല്യമുള്ള 10.46 ലക്ഷം മെട്രിക് ടണ്‍ നിലക്കടല സംഭരിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2017ല്‍ ഏകദേശം 32 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു സംസ്ഥാനത്തെ നിലക്കടല ഉല്‍പ്പാദനം.

279 ഗോഡൗണുകളിലായാണ് സംഭരിച്ച നിലക്കടല സൂക്ഷിച്ചിരുന്നത്. ഇതില്‍ നാല് ഗോഡൗണുകള്‍ക്കാണ് സംശയാസ്പദമായ സാഹചര്യത്തില്‍ തീപിടിച്ചത്. പ്രാദേശിക രാഷ്ട്രീയക്കാരുമായും ഇടനിലക്കാരുമായി ചേര്‍ന്ന് എന്‍എഎഫ്ഇഡിയിലെയും GUJCOT ലെയും ഉദ്യോഗസ്ഥര്‍ നിലക്കടല മോഷ്ടിക്കുകയും എണ്ണ മില്ലുകാര്‍ക്ക് വില്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ജിഎസ്‌ഐഡിസി കണ്‍സള്‍ട്ടന്റ് സ്‌കാം- 2014

2012-14ല്‍ മനോഹര്‍ പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മണ്ഡോവി പാലം പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. അഴിമതിയില്‍ മുങ്ങിയ ഗോവ സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡി (ജിഎസ്‌ഐഡിസി)നെയാണ് നിര്‍മാണം ഏല്‍പ്പിച്ചത്. ഈ പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നതിനായി ഗുജറാത്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എസ്എന്‍ ഭോബെ ആന്‍ഡ് അസോസിയേറ്റ്സിന് കണ്‍സള്‍ട്ടന്‍സി ഫീസായി സര്‍ക്കാര്‍ 10 കോടി രൂപയും നല്‍കി.

മണ്ഡോവി പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് തുരുമ്പുപിടിച്ച സ്റ്റീല്‍ ആണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി.  അന്ന് കേന്ദ്രത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ ഈ പാലം പണിയുന്നതിനുള്ള ഫണ്ട്  നിഷേധിച്ചു. തുടര്‍ന്ന് ഗോവ സര്‍ക്കാരിന്റെ ട്രഷറിയാണ് പലത്തിനുവേണ്ടി നിക്ഷേപം നടത്തിയത്. ബിജെപിയുടെ തന്നെ ലക്ഷ്മികാന്ത് പര്‍സേക്കര്‍ മുഖ്യമന്ത്രിയായപ്പോഴും പദ്ധതിയുമായി മുന്നോട്ടുപോവുകയാണുണ്ടായത്. കേന്ദ്രത്തിലെയും ഭരണം ബിജെപിയായിരുന്നു. 2015 ല്‍ വിവരാവകാശ പ്രകാരമാണ് ഈ അഴിമതി പുറത്തുകൊണ്ട് വരുന്നത്.

ഭവന പദ്ധതി അഴിമതി – 2018

സമാജ്‌വാദി ആവാസ് യോജനക്ക് കീഴിൽ വീട് നൽകാമെന്ന് വാഗ്ദാനം നൽകി ഒരാളിൽ നിന്ന് 10 ലക്ഷം രൂപ കബളിപ്പിച്ച കേസിൽ, ബിജെപിയുടെ ഉത്തർപ്രദേശ് എംഎൽസി ആയിരുന്ന സരോജിനി അഗർവാളിൻ്റെ ഭർത്താവ് ഓംപ്രകാശ് അഗർവാളിനെതിരെയും മകൾ നീമ അഗർവാളിനെതിരെയും 2018ൽ വഞ്ചനകുറ്റത്തിന് കേസെടുത്തിരുന്നു. 

സരോജിനി അഗർവാളിൻ്റെ മകളും ഭർത്താവും ഡയറക്ടർമാരായ ഡീൽകോം ലിമിറ്റഡ് കമ്പനിക്ക് ഫ്ലാറ്റുകൾ നിർമിക്കുന്നതിനായി നിയമവിരുദ്ധമായി കരാർ നേടിയതിൽ സരോജിനി അഗർവാളിനെതിരെയും ആരോപണമുണ്ടായിരുന്നു. 2017ലാണ് സമാജ്‌വാദി പാർട്ടി എംഎൽസിയായിരുന്ന സരോജിനി അഗർവാൾ ബിജെപിയിൽ ചേരുന്നത്. 

ജനങ്ങളെ കബളിപ്പിച്ചതിൻ്റെ പേരിൽ കമ്പനിക്കെതിരെയും കമ്പനിയിലെ തൊഴിലാളികൾക്കെതിരെയും മുൻപും 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി അന്ന് ഉത്തർപ്രദേശ് പോലീസ് പറഞ്ഞിരുന്നു.

ഗോവ ഹൗസിങ്ങ് ലോണ്‍ അഴിമതി – 2015 

എംഎൽഎമാർക്കുള്ള ഗോവ സർക്കാരിൻ്റെ ഭവന നിർമാണ പദ്ധതിയിൽ അന്നത്തെ ബിജെപി മന്ത്രിയായിരുന്ന മഹാദേവ് നായ്ക് അഴിമതി നടത്തിയെന്ന് തെളിഞ്ഞിരുന്നു. ഭവനവായ്പ വാണിജ്യ സ്ഥലങ്ങൾ വാങ്ങുന്നതിനായി മഹാദേവ് നായ്ക് ദുരുപയോഗം ചെയ്തെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 30 ലക്ഷം രൂപയുടെ അഴിമതിയാണ് മഹാദേവ് നായ്ക് നടത്തിയത്. രണ്ട് ശതമാനം പലിശ നിരക്കിൽ വീടുകളോ റെസിഡൻഷ്യൽ ഫ്ലാറ്റുകളോ നിർമിക്കുന്നതിനായിരുന്നു ഭവന പദ്ധതി ആവിഷ്കരിച്ചിരുന്നത്. 

അനധികൃത കരാർ അഴിമതി – 2019 

2019ൽ കൈക്കൂലി വാങ്ങിയതിൻ്റെ പേരിൽ ആദിത്യനാഥ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുടെ പേഴ്സണൽ സെക്രട്ടറിമാരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാക്ക വിഭാഗ വകുപ്പ് മന്ത്രിയായിരുന്ന ഓം പ്രകാശ് രാജ്ഭർ, ഖനന വകുപ്പ് മന്ത്രിയായിരുന്ന അർച്ചന പാണ്ഡെ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന സന്ദീപ് സിങ്ങ് എന്നിവരുടെ  പേഴ്സണൽ സെക്രട്ടറിമാരാണ് അറസ്റ്റിലായത്. ഖനനം, സ്കൂളുകളിലെ പുസ്കത വിതരണം, സ്ഥലംമാറ്റൽ തുടങ്ങിയ കരാറുകൾക്ക് പകരമായി കൈക്കൂലി വാങ്ങിയെന്നാണ് കുറ്റവാളികൾക്കെതിരെയുള്ള എഫ്ഐആർ. എബിപി ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് അഴിമതി നടന്നുവെന്ന് തെളിഞ്ഞത്. 

മണൽ ഖനനം – 2017

ശിവരാജ് സിങ്ങ് ചൗഹാന്‍ സർക്കാരിൻ്റെ പിന്തുണയോടെ മധ്യപ്രദേശിൽ അനധികൃത മണൽ ഖനനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2017ൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന അരുൺ യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. നർമദ നദിയിൽ നിന്നുള്ള മണൽ ഖനനം തടയുമെന്ന് ശിവരാജ് സിങ്ങ് ചൗഹാന്‍ പ്രഖ്യാപിച്ചിതിന് പിന്നാലെ അനധികൃതമായി ഖനനം ചെയ്ത മണലുകൾ കയറ്റിയ ട്രക്കുകൾ പിടികൂടിയിരുന്നു. ബിജെപി മുഖ്യമന്ത്രിയായ ശിവരാജ് സിങ്ങ് ചൗഹാൻ്റെ അനുജൻ്റെ മകൻ്റേതാണ് പിടികൂടിയ ട്രക്കുകളെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഐഎഫ്എഫ്ഐ അഴിമതി – 2014

2014ൽ ഗോവയിൽ വെച്ച് നടന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ അഴിമതി നടന്നതായി സിഎജി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഐഎഫ്എഫ്ഐയിലെ ചില വർക്കുകളുടെ ടെൻഡറിനായി 5 കോടി രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു.

ഇതുകൂടാതെ അലങ്കാരങ്ങൾക്കും മറ്റുമായി ഐഎഫ്എഫ്ഐ സംഘടിപ്പിക്കുന്ന നോഡൽ ഏജൻസിയായ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ(ഇഎസ്ജി) 61.69 ലക്ഷത്തിൻ്റെ അധികചിലവ് വരുത്തിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. പ്രതിനിധികൾക്ക് വിതരണം ചെയ്യാനായി 11500 ബാഗുകൾക്ക് 40 ലക്ഷം രൂപയാണ് ഇഎസ്ജി ചിലവാക്കിയത്. എന്നാൽ 8400 ബാഗുകൾ മാത്രമാണ് വിതരണം ചെയ്തത്. 

ഐഎല്‍&എഫ്എസ് അഴിമതി- 2018

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കരുത്തരായിരുന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനുണ്ടായ (ഐഎല്‍&എഫ്എസ്) തകര്‍ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. 91,000 കോടി രൂപയുടെ കടമുണ്ടായിരുന്ന സ്ഥാപനത്തെ 2018 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. തുടര്‍ന്ന് സ്ഥാപന നടത്തിപ്പിനായി ഉദയ് കോട്ടക്കിന്റെ നേതൃത്വത്തില്‍ പുതിയ ബോര്‍ഡിനെ നിയമിക്കുകയും ചെയ്തു.

സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാരുടെ 9,700 കോടി രൂപയോളം വരുന്ന പ്രൊവിഡന്റ്, പെന്‍ഷന്‍ ഫണ്ടുകളാണ് ഐഎല്‍&എഫ്എസ് സാമ്പത്തിക പ്രതിസന്ധി മൂലം കുടുങ്ങിക്കിടന്നത്. രാജ്യത്തെ ഏകദേശം 1,400 കമ്പനികളിലെ ജീവനക്കാരുടെ പണമാണ് ഇത്തരത്തില്‍ കൈമാറ്റം ചെയ്യാന്‍ കഴിയാത്ത വിധം പ്രശ്‌നത്തിലായത്. പെന്‍ഷന്‍/ പ്രൊവിഡന്റ് ഫണ്ടുകള്‍ ട്രസ്റ്റുകള്‍ ചേര്‍ന്നാണ് കോടികള്‍ വരുന്ന തുക ഐഎല്‍&എഫ്എസ് ഗ്രൂപ്പ് ബോണ്ടുകളില്‍ നിക്ഷേപിച്ചിരുന്നത്.

ഐഎല്‍&എഫ്എസ് ഇക്വിറ്റിയുടെ 40% കൈവശം വച്ചിരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസി, ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയായിരുന്നു. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളുടെ 40% ഓഹരി ഉണ്ടായിരുന്ന ഒരു കമ്പനിയ്ക്ക് എങ്ങനെയാണ് 91,000 കോടിയുടെ കടമുണ്ടായത് എന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

ഈ കടബാധ്യത എന്തുകൊണ്ട് എല്‍ഐസി, എസ്ബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നുള്ളതും മറ്റൊരു ചോദ്യമാണ്.മാത്രമല്ല, കമ്പനിയുടെ 35% ഓഹരികള്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ളതാണ്. ജപ്പാന്‍, അബുദാബി രാജ്യങ്ങളില്‍ നിന്നുള്ള പണമാണ് കൂടുതലുണ്ടായിരുന്നത്. വിദേശ നിക്ഷേപകരെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ പൊതുപണം ഉപയോഗിച്ച് ഐഎല്‍&എഫ്എസിനെ രക്ഷിക്കാന്‍ പ്രത്യേക താല്‍പ്പര്യം കാണിച്ചത് എന്നും ആരോപണം ഉണ്ടായിരുന്നു.

ജെയ് ഷാ അഴിമതി – 2016

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജെയ് അമിത് ഭായ് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 16000 മടങ്ങായി വർദ്ധിച്ചു. ഒരു വർഷം കൊണ്ട് കമ്പനിയുടെ വരുമാനം 50000 രൂപയിൽ നിന്നും 80,00,00,000 ആയി ഉയർന്നു. ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെംപിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്  2013നും 2014നും നഷ്ടമുണ്ടായതായി  റജിസ്‌ട്രാർ ഓഫ് കമ്പനീസിൽ (ആർഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളിൽ സൂചിപ്പിക്കുന്നു. 2015ൽ 18,728 രൂപയായിരുന്നു കമ്പനിയുടെ ലാഭം. 2015 – 16ൽ വരുമാനം 80 കോടിയായി. 

കമെങ്ങ് ജലവൈദ്യുത പദ്ധതി അഴിമതി – 2016

600 മെഗാവാട്ട് ശേഷിയുള്ള കമെങ്ങ് ജലവൈദ്യുത പദ്ധതിക്ക് വേണ്ടി രണ്ട് അണക്കെട്ടുകളുടെ നിർമാണത്തിൽ  അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന കിരൺ റിജിജുവും അദ്ദേഹത്തിൻ്റെ ബന്ധുവും അരുണാചൽപ്രദേശിലെ കരാറുകാരനുമായ ഗോബോയ് റിജിജുവും 450 കോടിയുടെ അഴിമതി നടത്തിയതായി കണ്ടെത്തി. 

നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ്റെ ചീഫ് വിജിലൻസ് ഓഫീസറായിരുന്ന സതീഷ് വർമ നൽകിയ റിപ്പോർട്ടിലാണ്   അഴിമതിയെക്കുറിച്ച് പറയുന്നത്. ഡാമുകളുടെ നിർമാണത്തിനായി പാറകൾ എത്തിച്ചതിന് വ്യജ ബില്ലുകളാണ് സമർപ്പിച്ചത്. മുബൈ ആസ്ഥാനമായുള്ള പട്ടേൽ എഞ്ചിനീയറിങ്ങ് ലിമിറ്റഡിൻ്റെ കരാറുകാരൻ സമർപ്പിച്ച രേഖകളും ബില്ലുകളുമെല്ലാം വ്യാജമായിരുന്നുവെന്ന് സതീഷ് വർമയുടെ റിപ്പോർട്ടിൽ പറയുന്നു. 

ഗോവ ഭൂമിയിടപാട് അഴിമതി – 2015

ട്യൂം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്ലോട്ട് അനുവദിച്ചതിന് പകരമായി കൈക്കൂലി വാങ്ങിയ കേസിൽ ഗോവ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷനിലെ ഫീൽഡ് ഓഫീസറും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പർസേകറിൻ്റെ ബന്ധുവുമായ ദിലീപ് മൽവൻകറിനെ 2015 ൽ ആൻ്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. 

സഞ്ജയ് കുമാവത് എന്ന വ്യവസായിക്ക് ആയുർവേദ മരുന്നു നിർമാണ കമ്പനി ആരംഭിക്കുന്നതിനായാണ് ട്യൂം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്ലോട്ട് അനുവദിച്ചത്. 

എൽഇഡി ബൾബ് അഴിമതി – 2017

2017ൽ രാജസ്ഥാനിൽ ജയ്പൂരിലെ സെൻട്രൽ സ്റ്റോറിൽ നിന്ന് എൽഇഡി ബൾബുകൾ വിറ്റതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി രാജസ്ഥാൻ ആൻ്റി കറപ്ഷൻ ബ്യൂറോ കണ്ടെത്തിയിരുന്നു.  പബ്ലിക് ഹെൽത്ത് എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെൻ്റിന് ഉയർന്ന വിലക്ക് എൽഇഡി ബൾബുകൾ വിറ്റുവെന്നാണ് കേസ്. 15 വാട്ട് ബൾബ് ഒന്നിന് 15000 രൂപ, 9  വാട്ട് ബൾബിന് 972 രൂപ, 12 വാട്ട് ബൾബിന് 12000 രൂപ എന്നിങ്ങനെയാണ് വിറ്റത്. 

സെൻട്രൽ സ്റ്റോറിലെ മാളവ്യ നഗർ യൂണിറ്റിലുള്ള ഉദ്യോഗസ്ഥർ കരാറുകാരൻ്റെ രണ്ട് കോടിയുടെ ബിൽ വ്യക്തമായി പരിശോധിക്കാതെ ക്ലിയർ ചെയ്യുകയും ചെയ്തു. സെൻട്രൽ സ്റ്റോറിന് എൽഇഡി ബൾബുകൾ വിൽക്കാനുള്ള അനുമതിയില്ല. മാത്രമല്ല ഒരു ലക്ഷത്തിന് മുകളിലുള്ള വാങ്ങലുകൾക്ക് ടെൻഡർ ക്ഷണിക്കണമെന്നാണ് നിയമം. 

ഛത്തീസ്ഗഡ് ഭൂമികയ്യേറ്റം – 2017

ഛത്തീസ്ഗഡ് മുൻ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ബ്രിജ്മോഹൻ അഗർവാളിൻ്റെ ഭാര്യ സരിത അഗർവാൾ 2017ൽ റിസോർട്ട് പണിയുന്നതിനായി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള 4.12 ഹെക്ടർ വനഭൂമി കയ്യേറിയിരുന്നു. ഇതിനുപുറമെ ഇതേ പദ്ധതിക്കായി 13.9 ഹെക്ടർ വനഭൂമിയും സരിത അഗർവാളിൻ്റെ കമ്പനി കയ്യേറി. 

1994ൽ വിഷ്ണു സാഹു എന്ന കർഷകൻ ഛത്തീസ്ഗഡിലെ ജലവിഭവ വകുപ്പിന് ദാനമായി നൽകിയതായിരുന്നു 4.12 ഹെക്ടർ ഭൂമി. 13.9 ഹെക്ടർ ഭൂമി സർക്കാരിൻ്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്നവയാണ്. ഭൂമി കയ്യേറ്റം ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് കമ്പനിക്ക് കത്തയച്ചിരുന്നെങ്കിലും സ്വന്തം സ്ഥലമാണെന്നായിരുന്നു കമ്പനി മറുപടി നൽകിയത്. കയ്യേറിയ ഭൂമിക്ക് പകരമായി മറ്റൊരു ഭൂമി കമ്പനി വാഗദാനം ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. 

FAQs

ആരാണ് അർച്ചന പാണ്ഡെ?

ഉത്തർപ്രദേശിലെ മുൻ എക്സൈസ് മന്ത്രിയാണ് അർച്ചന പാണ്ഡെ. മുൻ ഭാരതീയ ജനതാ പാർട്ടിയുടെ എംപിയും എംഎൽഎയും ഉത്തർപ്രദേശിലെ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഘടകത്തിൻ്റെ മുൻ ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡൻ്റുമായ ശ്രീ രാം പ്രകാശ് ത്രിപാഠിയുടെ മകളാണ് .

എന്താണ് ഇക്വിറ്റി?

ഒരു കമ്പനിയുടെ സാമ്പത്തിക ഭദ്രത തിരിച്ചറിയാൻ ഒരു നിക്ഷേപകൻ ഉപയോഗിക്കുന്ന പ്രധാന സൂചകങ്ങളിൽ ഒന്നാണിത്. ഒരു കമ്പനിയുടെ എല്ലാ കടങ്ങളും അടച്ച് അതിൻ്റെ ആസ്തികൾ ലിക്വിഡേറ്റ് ചെയ്താൽ ഒരു ഷെയർഹോൾഡർക്ക് ലഭിക്കാൻ അർഹതയുള്ള മൊത്തം പണമാണ് ഇക്വിറ്റി.

ആരാണ് കിരൺ റിജിജു?

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ആഭ്യന്തര വകുപ്പ് സഹമന്ത്രിയുമാണ് കിരൺ റിജജു.

Quotes

അഴിമതി ഒരു ക്യാൻസറാണ്, ജനാധിപത്യത്തിലുള്ള ഒരു പൗരൻ്റെ വിശ്വാസത്തെ കാർന്നുതിന്നുന്ന ക്യാൻസർ, നവീകരണത്തിനും സർഗ്ഗാത്മകതയ്ക്കുമുള്ള അവസരങ്ങളെ അത് കുറയ്ക്കുന്നു- ജോ ബൈഡൻ 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.