Thu. May 2nd, 2024

1950ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഡേവിഡ് ബെന്‍-ഗുറിയോണ്‍ മുന്നോട്ടുവെച്ച പെരിഫെറി സിദ്ധാന്തവും ഇറാന്‍-ഇസ്രായേല്‍ ബാന്ധവത്തന് സഹായകമായി

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഈ ഭീതിയെ കൂടുതല്‍ വഷളാക്കുന്നത്. ഗാസയിലെ ഇസ്രയേല്‍ വംശത്യക്കെതിരെ സായുധമായി പ്രധിരോധിക്കുന്ന ഏക പശ്ചിമേഷ്യന്‍ രാജ്യം ഇറാനാണ്.

ഇറാന് പുറമേ ഹിസ്ബുള്ളയും ചാവുകടലില്‍ ഹൂതികളും ഇറാഖിലും സിറിയയിലുമുള്ള ഷിയാ മിലിറ്റന്‍സും ഇസ്രായേലിനെതിരെ പ്രതിരോധം തീര്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ ആറു മാസമായി പശ്ചിമേഷ്യ യുദ്ധഭീതിയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്.

ഈ സ്ഥിതി വഷളാക്കിയത് ദമാസ്‌ക്കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണമാണ്. സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിനെ ആക്രമിക്കുക എന്നത് ഇറാനെ നേരിട്ട് ആക്രമിക്കുന്നതിന് തുല്യമാണ്. കാരണം അന്തര്‍ദേശീയ നിയമമനുസരിച്ച് ഒരു രാജ്യത്തിന്റെ എംബസി കോണ്‍സുലേറ്റ് ആ രാജ്യത്തിന്റെ പരമാധികാര സ്ഥലമായിട്ടാണ് കണക്കാക്കുന്നത്.

ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റ് Screengrab, Copyright: AFP

ആക്രമണത്തില്‍ ഇറാന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ സീനിയര്‍ കമാന്‍ഡറായ റെസ സഹേദി, സൈനിക ജനറല്‍ മുഹമ്മദ് ഹാദി റഹീമി, ഏഴ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നേരിട്ട്  പ്രഖ്യാപിച്ചു.

ഏപ്രില്‍ 14 ന്  ഇറാന്‍ തിരിച്ചടിച്ചു. 300 ലധികം ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടാണ് ചരിത്രത്തില്‍ ആദ്യമായി ഇറാന്‍ ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചത്. സിറിയയിലെയോ ലിബിയയിലെയോ ലെബനാനിലെയോ സഖ്യകക്ഷികള്‍ വഴി ആക്രമണം നടത്താതെ നേരിട്ടാണ് ഇറാന്‍ ഇസ്രായേലിനെതിരെ ബാലിസ്റ്റിക്ക് മിസൈലുകള്‍ തൊടുത്തുവിട്ടത്.

അമേരിക്കയുടെയും ജോര്‍ദാന്റെയും യുകെയുടെയും ഫ്രാന്‍സിന്റെയും ഇസ്രായേലിന്റെയും എല്ലാം പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഇറാന്റെ ബാലിസ്റ്റിക്ക് മിസൈലുകള്‍ക്ക് ഇസ്രായേലിന്റെ സൈനികത്താവളത്തില്‍ പതിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് ഇസ്രായേലിനോടുള്ള വലിയൊരു വെല്ലുവിളിയാണ്. പ്രതികാരം നിര്‍വഹിച്ചുവെന്നും ഇസ്രായേല്‍ തിരിച്ച് ആക്രമിക്കാതെ ഇനി ആക്രമണം നടത്തില്ലാ എന്നുമാണ് ഇറാന്റെ നിലപാട്.

അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവാ കണ്‍വെന്‍ഷെന്റെയും ലംഘനമാണ് ഇറാന്‍ എംബസിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണം. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോലും പരസ്പരം യുദ്ധം ചെയ്തിരുന്ന രാജ്യങ്ങള്‍ എംബസികള്‍ ആക്രമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലും ഇസ്രായേല്‍ മനപ്പൂര്‍വമാണ് ഇറാനെ ആക്രമിക്കുന്നത്. അതിന് ചരിത്രപരമായി തന്നെ കാരണങ്ങളുമുണ്ട്.

ഒരു കാലത്ത് സൗഹൃദ രാഷ്ട്രങ്ങള്‍ ആയിരുന്ന ഇറാനും ഇസ്രായേലും ഇന്ന് പശ്ചിമേഷ്യയില്‍ ഏറ്റവും വലിയ ശത്രുക്കളാണ്. അറബ് രാജ്യങ്ങളുമായി അബ്രാം ഉടമ്പടിയില്‍ എത്തിയ ഇസ്രായേലിന് ഇന്ന് ഏക വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചിമേഷ്യന്‍
രാജ്യം ഇറാന്‍ മാത്രമാണ്.

മാത്രമല്ല, ഇസ്രായേലിന്റെ അധിനിവേശത്തെ വെല്ലുവിളിക്കുന്നതോടൊപ്പം ഇസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഇറാന്‍ പിന്തുണക്കുന്നുണ്ട്. സയണിസ്റ്റ് എന്റിറ്റി എന്നാണ് ഇസ്രായേലിനെ ഇറാന്‍ വിളിക്കുന്നത്. ഇറാന്റെ വിപ്ലവ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളിലൊന്ന് ജെറുസലേമിന്റെ വിമോചനമാണ്. ഇങ്ങനെ പ്രത്യയശാസ്ത്രപരമായും ഈ രാഷ്ട്രങ്ങള്‍ തമ്മില്‍ ശത്രുതയിലാണ്.

ഇറാന്‍-ഇസ്രായേല്‍ ബന്ധം

ഏഴ് പതിറ്റാണ്ടിലേറെക്കാലം നീണ്ടു നിന്ന ബന്ധമാണ് ഇറാനും ഇസ്രയേലും തമ്മില്‍. 1947ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന് ശേഷം ഫലസ്തീന്‍ വിഷയത്തിന് പരിഹാരം കാണുന്നതിനായി ഐക്യരാഷ്ട്ര സഭ പ്രത്യേകം രൂപീകരിച്ച സമിതിയിലെ 11 അംഗങ്ങളില്‍ ഒരാളായിരുന്നു ഇറാന്‍.

ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതിക്കെതിരേ വോട്ട് ചെയ്ത ഇന്ത്യയ്ക്കും യുഗോസ്ലാവിയയ്ക്കുമൊപ്പമായിരുന്നു  ഇറാന്‍ നിലകൊണ്ടത്. ഒരു രാഷ്ട്രത്തിലൂടെ മാത്രമേ സമാധാനം സ്ഥാപിക്കാന്‍ കഴിയൂ എന്ന് വാദിച്ച ഇറാന്‍ വിഭജനം തലമുറകളുടെ പോരാട്ടത്തിലേക്ക് നയിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ഇസ്രയേല്‍ സ്ഥാപിക്കുന്നതിനെതിരേ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വലിയ പ്രതിഷേധവും നടന്നിരുന്നു.

1948-ലെ ഒന്നാം അറബ്-ഇസ്രായേല്‍ യുദ്ധത്തിന് ശേഷം ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുന്ന ഫലസ്തീനികള്‍ Screengrab, Copyright: AFP

1948-ലെ ഒന്നാം അറബ്-ഇസ്രായേല്‍ യുദ്ധത്തിന് ശേഷം ഫലസ്തീനിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്തു. ഇതോടെ ആ വര്‍ഷം ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇസ്രായേലിന്റെ പ്രവേശനത്തിനെതിരെ ഇറാന്‍ വോട്ട് ചെയ്തു. എന്നാല്‍ കേവലം രണ്ട് വര്‍ഷത്തിനിപ്പുറം ഇസ്രായേലിനെ പരമാധികാര രാഷ്ട്രമായി ഇറാന്‍ അംഗീകരിച്ചു. തുര്‍ക്കിയായിരുന്നു ഇറാനെ ആദ്യം അംഗീകരിച്ച മുസ്ലിം ഭൂരിപക്ഷ രാജ്യം.

സയണിസ്റ്റ് അനുകൂല പാശ്ചാത്യ ശക്തികളുമായി ബന്ധമുണ്ടാക്കാനുള്ള മാര്‍ഗമായാണ് മുഹമ്മദ് റഷ പെഹ്ലവിയുടെ ഭരണകൂടം ഇസ്രായേലുമായുള്ള ബന്ധത്തെ കണ്ടത്. 1950ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഡേവിഡ് ബെന്‍-ഗുറിയോണ്‍ മുന്നോട്ടുവെച്ച പെരിഫെറി സിദ്ധാന്തവും ഇറാന്‍-ഇസ്രായേല്‍ ബാന്ധവത്തന് സഹായകമായി.

അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അണിനിരന്നിരുന്ന വിശാലമായ അറബ് സൈനിക സഖ്യത്തിനെതിരെ വിശ്വസനീയമായ എതിര്‍സഖ്യത്തെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മധ്യപൂര്‍വ്വേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും ചില അറബ് ഇതര രാജ്യങ്ങളുമായി അടുത്ത നയതന്ത്രബന്ധം പുലര്‍ത്തുകയെന്നതായിരുന്നു പെരിഫെറി സിദ്ധാന്തത്തിന്റെ കാതല്‍. തുര്‍ക്കി, ഇറാന്‍, എത്യോപ്യ, ഇറാഖിലെ കുര്‍ദുകള്‍, സിറിയ എന്നിവരെയായിരുന്നു ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിട്ടത്. അന്ന് ഈ പദ്ധതിയില്‍ ഇസ്രായേലിന്റെ പ്രധാന പങ്കാളികള്‍ ഇറാനായിരുന്നു.

1952 മുഹമ്മദ് മൊസാദ്ദെഗ് ഇറാന്റെ പ്രധാനമന്ത്രിയായതിനുശേഷം സ്ഥിതി മാറി. പാശ്ചാത്യ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രായേലുമായുള്ള ബന്ധം മൊസാദ്ദെഗ് വിച്ഛേദിച്ചു. 1953-ല്‍ അമേരിക്കയുടേയും ബ്രിട്ടന്റെയും പിന്തുണയോടെ ഇറാനിലെ സൈന്യം മൊസാദ്ദെഗിനെ അട്ടിമറിച്ചു.

മുഹമ്മദ് റെസ പഹ്‌ലവി അഹമ്മദ് ഖവാമിനെ പ്രധാനമന്ത്രിയായി നിയമിച്ചു. ഇതോടെ ഇസ്രായേലുമായുള്ള ബന്ധം വീണ്ടും മെച്ചപ്പെട്ടു. ആയുധങ്ങളുടെയും രഹസ്യാന്വേഷണത്തിന്റെയും കാര്യത്തിലടക്കം സഹകരണം ശക്തമായി. ഇറാന്‍ ഇസ്രായേലില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുകയും പെട്രോളിയം കയറ്റുമതി ചെയ്യുകയും ചെയ്തു.

1956ലെ സൂയസ് യുദ്ധത്തോടെ ഈജിപ്ത് മുന്‍ പ്രസിഡന്റ് ആയിരുന്ന ഗമാല്‍ അബ്ദുള്‍ നാസര്‍ അറബ് ലോകത്തെ ഹീറോ ആയി മാറി. സൂയിസ് കനാലിന് വേണ്ടി ഇസ്രായേലിനെ കൂട്ടുപിടിച്ചായിരുന്നു ഫ്രാന്‍സും ബ്രിട്ടനും ഈജിപ്തിനെതിരെ യുദ്ധം നയിച്ചത്. ഈജിപ്തിന്റെ ചെറുത്തുനില്‍പ്പിനു മുന്നില്‍ യുദ്ധം തുടങ്ങി ഒമ്പതാം നാള്‍ ഫ്രാന്‍സിനും ബ്രിട്ടനും പിന്തിരിയേണ്ടി വന്നു.

ഇറാൻ മുന്‍ മന്ത്രി റെസ സഫീനിയ ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഡേവിഡ് ബെൻ-ഗുറിയോണിനൊപ്പം 1950 ജൂണ്‍ ഒന്നിന് ജറുസലേമിൽ നടന്ന പാർട്ടിയിൽ Screengrab, Copyright: GPO

ഇറാനും തുര്‍ക്കിയും എത്യോപ്യയും ഗമാല്‍ അബ്ദുള്‍ നാസറിന്റെ വിശാല അറബ് ആശയത്തേയും സോവിയറ്റ് സ്വാധീനത്തെയും ഭയപ്പെട്ടു. ഈ ഭയം ഇസ്രായേലിനും ഉണ്ടായിരുന്നു. ഈ ഘട്ടത്തിലായിരുന്നു ഈ രാജ്യങ്ങളെല്ലാം ഇസ്രായേലിന്റെ പെരിഫെറി സിദ്ധാന്തത്തിന്റെ ഭാഗമാകുന്നത്.

1960ല്‍ ഇസ്രായേലിന് ടെഹ്റാനില്‍ ഒരു അനൗദ്യേഗിക എംബസി തുറക്കാനും സ്ഥിരം ജീവനക്കാരെ നിയമിക്കാനും ഷാ അനുമതി നല്‍കി. 1967ല്‍ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ ഫലസ്തീനു വേണ്ടി 1967 ജൂണ്‍ അഞ്ചിന് ആരംഭിച്ച ആറുദിവസ യുദ്ധത്തിന് ശേഷം ഇസ്രായേല്‍-ഇറാന്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി.

ഈജിപ്ത്-സിറിയ-ജോര്‍ദ്ദാന്‍ സഖ്യത്തെയാണ് ഇസ്രായേല്‍ നിസ്സാരമായി തോല്‍പ്പിച്ചു കളഞ്ഞത്. ഇതോടെ ഇസ്രായേല്‍ വലിയ ശക്തിയായി മാറുമെന്ന് ഷാ ഭരണകൂടം പ്രതീക്ഷിച്ചിരുന്നു. ഇസ്രായേലിനെ അകമഴിഞ്ഞ് സഹായിച്ചാല്‍ അതുവഴി ഇറാന് പശ്ചിമേഷ്യയിലെ പ്രധാന ശക്തിയായി തീരാമെന്നും പ്രതീക്ഷയുണ്ടായിരുന്നു. ഇതിനായി ഇറാന്‍ വന്‍തോതില്‍ എണ്ണ ഇസ്രായേലിലെയ്ക്ക് ഒഴുക്കി.

ഇസ്രായേല്‍-ഇറാന്‍ സംയുക്ത സംരംഭമായ എയ്ലാറ്റ്-അഷ്‌കെലോണ്‍ പൈപ്പ് ലൈന്‍ വഴിയാണ് ഇറാനില്‍ നിന്നും എണ്ണ യൂറോപ്യന്‍ വിപണികളിലേക്ക് കയറ്റി അയച്ചത്. ഇസ്രായേല്‍ നിര്‍മാണ സ്ഥാപനങ്ങളും എന്‍ജിനീയര്‍മാരും ഇറാനില്‍ സജീവമായതോടെ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ഉണര്‍ന്നു. ഇസ്രായേലി ദേശീയ വിമാനക്കമ്പനിയായ എല്‍അല്‍ ടെല്‍-അവീവിനും ടെഹ്റാനുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തി.

1973ല്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയുടെയും യൂറോപ്പിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് അറബ് രാഷ്ട്രങ്ങള്‍ എണ്ണ ബഹിഷ്‌കരണം പ്രഖ്യാപിച്ചു. എന്നാല്‍ ഇറാന്‍ ഇതിന്റെ ഭാഗമായില്ല. മാത്രമല്ല ഇറാന്‍ അവരുടെ എണ്ണ ഉത്പാദനം അതേ നിലനിലയില്‍ തുടരുകയും അത് വരുമാനമാക്കി മാറ്റുകയും ചെയ്തു. എണ്ണയില്‍ നിന്നും ലഭിച്ച വരുമാനം സൈനിക ആവശ്യങ്ങള്‍ക്കായാണ് വിനിയോഗിച്ചത്.

നൂതന മിസൈല്‍ സംവിധാനം രൂപപ്പെടുത്തുന്നതിനായി ഇറാനും ഇസ്രായേലും സംയുക്തമായി രൂപപ്പെടുത്തി ‘ഫ്ളവര്‍ പ്രൊജക്ടി’ന് 1977ല്‍ തുടക്കം കുറിച്ചു. എണ്ണക്ക് പകരം ആയുധം എന്ന ധാരണയുടെ പുറത്ത് ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട ആറ് കരാറുകളില്‍ ഒന്നായിരുന്നു ഇത്. ഇസ്രായേലിന്റെ നിരവധി ഗവേഷണ വികസന പദ്ധതികളില്‍ ഇക്കാലയളവില്‍ ഇറാന്‍ പണം മുടക്കിയതായും പറയപ്പെടുന്നുണ്ട്.

ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരായ ഹസൻ തൂഫാനിയനും ബഹ്‌റാം അരിയാനയും (ഇടത്), 1975-ൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്‍റെ ആസ്ഥാനത്ത് ഇസ്രായേൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു Screengrab, Copyright: public domain, Wikimedia Commons

1958ല്‍ ഇസ്രായേല്‍ ‘ട്രിഡന്റ്’ എന്ന കോഡ് പേരില്‍ ഒരു ത്രിരാഷ്ട്ര രഹസ്യാന്വേഷണ സഖ്യം രൂപപ്പെടുത്തിയിരുന്നു. ഇസ്രായേലിന് പുറമെ തുര്‍ക്കിയും ഇറാനുമായിരുന്നു ഈ സഖ്യത്തില്‍ ഉണ്ടായിരുന്നത്. ഇരുരാജ്യങ്ങളുടെയും സൈന്യം പുതിയ മിസൈല്‍ പ്രതിരോധം വാങ്ങുമെന്ന ധാരണയോടെ മിസൈല്‍ അസംബ്ലിങ്ങും പരീക്ഷണ സൗകര്യങ്ങളും ആരംഭിച്ചു. ഇസ്രായേലായിരുന്നു ഈ പദ്ധതികളെ നയിച്ചിരുന്നത്. ഈ നിലയില്‍ ഇറാന്‍-ഇസ്രായേല്‍ സഹകരണം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ശിച്ചു.

ഇസ്ലാമിക വിപ്ലവത്തിന് ശേഷം

1979-ലെ ഇസ്ലാമിക വിപ്ലവം കാര്യങ്ങള്‍ മാറ്റി മറിച്ചു. പഹ്‌ലവി രാജവംശം നിലംപതിച്ചു. മുഹമ്മദ് റെസ പഹ്‌ലവിയെ അട്ടിമറിച്ച് ഷിയാ മുസ്ലിം മതനേതാവായ അയത്തുള്ള റുഹൊള്ള ഖമേനി ഇറാനില്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചു. 1979 ഫെബ്രുവരി 19-ന്, ഇസ്ലാമിക വിപ്ലവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇറാന്‍ ഇസ്രായേലുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു.

ഇസ്രായേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചത് പിന്‍വലിക്കുകയും ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രപരവും വാണിജ്യപരവും മറ്റ് ബന്ധങ്ങളും അവസാനിപ്പിക്കുകയും ചെയ്തു. ഇസ്രായേലി പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു. ഇറാന്റെ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ‘അധിനിവേശ ഫലസ്തീനിലേക്ക്’ യാത്ര ചെയ്യുന്നത് വിലക്കി. ടെഹ്റാനിലെ ഇസ്രയേല്‍ എംബസി അടച്ച് പിഎല്‍ഒയ്ക്ക് കൈമാറുകയും ചെയ്തു.

ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ ഫലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് ഇറാന്‍ സന്ദര്‍ശിച്ചു. ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഔദ്യോഗിക വിദേശ നേതാവായിരുന്നു അറാഫത്ത്. എന്നാല്‍ അറഫാത്ത് ഇസ്രായേലിനെ അംഗീകരിക്കുകയും ഓസ്ലോ ഉടമ്പടിയില്‍ ഒപ്പുവെക്കുകയും ചെയ്തതോടെ പിഎല്‍ഒയുടെ ഇറാനുമായുള്ള ബന്ധത്തിലും ഉലച്ചില്‍ സംഭവിച്ചു.

ഇതോടെ ഫലസ്തീനിലും ലെബനാനിലും പുതിയ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കാനും നിലവിലുള്ളവയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും ഇറാന്‍ ശ്രമം തുടങ്ങി. ഇസ്രായേലിനെ പ്രതിരോധിക്കാന്‍ ഫലസ്തീനിലെയും ലെബനാനിലെയും പുതിയ ശക്തികളുമായി ചേര്‍ന്ന് ഇറാന്‍ പ്രവര്‍ത്തിച്ചു.

ഇറാനിയന്‍ വിപ്ലവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1982-ല്‍ ലെബനാനില്‍ സ്ഥാപിതമായ ഷിയാ സംഘടനയായ ഹിസ്ബുള്ള ഇറാന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു. ഫലസ്തീനില്‍ ഉയര്‍ന്നുവന്ന ഹമാസിനും ഇറാന്‍ വലിയ പിന്തുണ നല്‍കി. ഇതോടെ ഇറാന്‍ ഹമാസിന്റെ പ്രാഥമിക സൈനിക-സാമ്പത്തിക പങ്കാളിയായി. അവര്‍ ഇറാന്റെ ധനസഹായത്തോടെയും പിന്തുണയോടെയും സായുധ പോരാട്ടം ആരംഭിച്ചു.

മാത്രമല്ല ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് അറാഫത്ത് സദ്ദാം ഹുസൈനെ പിന്തുണച്ചതും ഈ ബന്ധത്തെ കൂടുതല്‍ വഷളാക്കി. ഇറാനില്‍ ഉണ്ടായ ഷിയാ വിപ്ലവം അറബ് ലോകത്തേക്ക് പടരാതിരിക്കാന്‍ അമേരിക്കന്‍ പിന്തുണയോടെ അറബ് രാജ്യങ്ങള്‍ ഇറാഖിനെ മുന്‍ നിര്‍ത്തി നടത്തിയ യുദ്ധമാണിതെന്നാണ് ഒരു കൂട്ടരുടെ വിലയിരുത്തല്‍.

ഇസ്ലാമിക വിപ്ലവ സമയത്ത് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന ഇറാന്‍റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള റുഹൊള്ള ഖമേനി Screengrab, Copyright: ABC

ഇറാനില്‍ നടന്നത് പോലുള്ള വിപ്ലവം മുസ്ലിം ലോകത്ത് മുഴുവന്‍ ഉണ്ടാകണമെന്ന് ഖമേനി ആഹ്വാനം ചെയ്തിരുന്നു. ഈ പ്രഖ്യാപനമാണ് ആശങ്കയ്ക്ക് വിത്തിട്ടത്. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഷിയാ മുസ്ലിംകള്‍ ഉള്ളത് പാക്കിസ്താനിലും ഇറാഖിലുമാണ്. മൂന്നാം സ്ഥാനത്തുള്ള ഇറാഖില്‍ അവിടെ ഭരണത്തിന്റെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത് ന്യൂനപക്ഷ സുന്നി വിഭാഗത്തില്‍പെട്ടവരായിരുന്നു.

1980 സെപ്റ്റംബര്‍ 22ന് ഇറാനിലെ എണ്ണ സമ്പന്നമായിരുന്ന ഖുസെസ്താന്‍ പ്രവിശ്യയില്‍ ഇറാഖി സൈന്യം ആക്രമണം നടത്തുന്നതോടുകൂടിയാണ് യുദ്ധത്തിന്റെ തുടക്കം. ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്നുണ്ടായ കലുഷിതമായ രാഷ്ട്രീയാവസ്ഥ ഇറാന്റെ സൈന്യത്തെ തളര്‍ത്തിയിട്ടുണ്ടാവും എന്നായിരുന്നു ഇറാഖിന്റെ വിലയിരുത്തല്‍. അതിനാല്‍ ഇറാന് കാര്യമായ ചെറുത്തുനില്‍പ്പ് നടത്താന്‍ കഴിയില്ലെന്ന് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കണക്കുകൂട്ടി.

യുദ്ധത്തിന്റെ തുടക്കത്തില്‍ ഇറാനില്‍ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ഇറാഖി സൈന്യത്തിന് സാധിച്ചു. 1982 ന്റെ പകുതിയോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യുദ്ധത്തിന്റെ കടിഞ്ഞാണ്‍ ഇറാന്റെ കൈവശമായി. പിന്നീടുള്ള ആറ് വര്‍ഷം ഇറാനാണ് യുദ്ധത്തില്‍ മുന്നിട്ടുനിന്നത്. ഇറാന്റെ ഈ മുന്നേറ്റത്തിനു സഹായിച്ചതാവട്ടെ ഇസ്രായേല്‍ നല്‍കിയ ആയുധങ്ങളാണ്.  ഇസ്രായേല്‍ വിരുദ്ധത പിന്തുടരുമ്പോഴും ആയുധത്തിനായി ഇറാന് അവരെ ആശ്രയിക്കേണ്ടി വന്നു.

അമേരിക്ക ആയുധ വിതരണത്തില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിയ സാഹചര്യത്തിലാണ് ഇറാന്‍ നവീന ആയുധങ്ങള്‍ക്ക് വേണ്ടി ഇസ്രായേലിനെ ആശ്രയിച്ചത്. ഇറാന് ആവശ്യമുള്ള ആയുധങ്ങള്‍ ഇസ്രായേല്‍ കൈമാറി. ഇറാഖിന്റെ ആണവായുധ പദ്ധതിയുടെ കേന്ദ്ര ഘടകമായിരുന്ന ഒസിറാക്ക് ആണവ റിയാക്ടര്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍ ഇറാന്റെ യുദ്ധശ്രമത്തിന് നേരിട്ട് പിന്തുണ നല്‍കി.

അമേരിക്കയുടെ മൗനാനുവാദത്തോടെ, ഇസ്രായേല്‍ ഇറാന് ഏകദേശം രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ ആയുധങ്ങളാണ് നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രഹസ്യസഹകരണം അവിടേയും അവസാനിച്ചില്ല. 1985-നും 1986-നും ഇടയില്‍ അമേരിക്കയില്‍ നിന്ന് ഇറാനിലേക്കുള്ള ആയുധ കയറ്റുമതി സുഗമമാക്കുന്നതില്‍ ഇസ്രായേല്‍ നിര്‍ണായക പങ്ക് വഹിച്ചു.

ആക്കാലത്ത് ഇറാഖിനെയും സദ്ദാം ഹുസൈനെയും ഇസ്രായേല്‍ ഭീഷണിയായി കണ്ടിരുന്നു. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും സഹായം ലഭിച്ചിരുന്ന ഇറാഖ് അക്കാലത്ത് ഒരു പ്രധാന സൈനിക ശക്തിയായിരുന്നു. ആണവ ആയുധങ്ങളുടെ വിഷയത്തില്‍ അടക്കം ഇറാഖിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളും തങ്ങളെ ബാധിക്കുമെന്ന് ഇസ്രായേല്‍ ഭയപ്പെട്ടിരുന്നു. ഇതുകൊണ്ടൊക്കെയാണ് ഇസ്രായേല്‍ ഇറാനെ സഹായിക്കാന്‍ തയ്യാറായത്. ഇസ്രായേലിന്റെ സഹായങ്ങള്‍ക്ക് പകരമായി ജൂതന്മാര്‍ക്ക് ഇറാനില്‍ നിന്നും അമേരിക്കയിലേയ്ക്കോ ഇസ്രായേലിലേയ്ക്കോ കുടിയേറാന്‍ ഖമേനി അനുമതി നല്‍കി.

ഇറാന്റെ ആണവ പദ്ധതിയും ഇസ്രായേലിന്റെ ഭയവും

1970 കളുടെ മധ്യത്തോടെ ആണവോര്‍ജ്ജം വികസിപ്പിക്കാന്‍ ഇറാനിലെ ഷാ ഭരണകൂടം തീരുമാനിച്ചു. എന്നാല്‍ പശ്ചിമേഷ്യയിലെ ആണവായുധങ്ങളുടെ മേലുള്ള തങ്ങളുടെ കുത്തക അവസാനിക്കുമെന്ന ഭയത്തില്‍ ഇസ്രായേല്‍ ഇറാന്റെ ആണവോര്‍ജ്ജ പദ്ധതിയെ പ്രോത്സാഹിപ്പിച്ചില്ല. 1990-കളുടെ മധ്യത്തിലാണ് തടസപ്പെട്ട ആണവ പദ്ധതി റഷ്യന്‍ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാന്‍ ഇറാന്‍ പുനരാലോചന തുടങ്ങുന്നത്. ഇസ്രായേല്‍ വീണ്ടും ആശങ്കയിലായി.

നിര്‍മാണം നടക്കുന്ന ഇസ്രായേലിലെ ഡിമോണ നഗരത്തിനടുത്തുള്ള ഷിമോൺ പെരസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം Screengrab, Copyright: AP

ഇസ്രായേല്‍ ഒരു ആണവ രാഷ്ട്രം ആണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. നൂറിലധികം വാര്‍ഹെഡ്‌സ് ഇസ്രായേലിനുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 1968ലെ ആണവനിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍പിടി) ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ ഇസ്രയേല്‍ പരിശോധനയ്ക്ക് വിധേയമല്ല. ഇറാനാകട്ടെ എന്‍പിടിയിലും അതിന്റെ സുരക്ഷാ കരാറിലും ഒപ്പുവച്ച രാജ്യമാണ്. കൂടാതെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐഎഇഎ) പരിശോധനകള്‍ക്ക് വിധേയവുമാണ്.

ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതായി ഇസ്രായേല്‍ ആരോപിക്കുന്നുണ്ട്. ഇറാന് നിരന്തരമായ ഒരു ആണവോര്‍ജ പദ്ധതിയുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ ഇറാന്റെ പക്കല്‍ ആണവായുധങ്ങള്‍ ഇല്ല എന്നാണ് നിഗമനം. കാരണം ആയുധം വഹിക്കാനുള്ള വാര്‍ ഹെഡ് ഇറാന്റെ കൈവശമില്ല.

2005-ല്‍ തീവ്ര യാഥാസ്ഥിതികനായ മഹ്‌മൂദ് അഹമ്മദി നെജാദ് ഇറാന്റെ പ്രസിഡന്റായതോടെ ഇസ്രായേലിനോടുള്ള ശത്രുതയും രൂക്ഷമായി. ഇറാനെ ഒരിക്കലും ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഇസ്രായേലിന്റെ പ്രഖ്യാപനം നെജാദിനെ കൂടുതല്‍ പ്രകോപിതനാക്കി. ഭൂപടത്തില്‍ നിന്ന് തന്നെ ഇസ്രായേലിനെ മായ്ച്ചുക്കളയണമെന്നായിരുന്നു നെജാദിന്റെ നിലപാട്.

തങ്ങളുടെ ആണവ പരിപാടി സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇതിനിടെ ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നിരവധി അട്ടിമറി ആക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തി. 2000-കളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ വന്‍നാശം വിതച്ച സ്റ്റക്‌സ്‌നെറ്റ് മാല്‍വെയറിന് പിന്നില്‍ ഇസ്രായേലും യുഎസുമാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

ഇറാന്റെ ആണവായുധ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന മുഹ്‌സിന്‍ ഫക്രിസാദെയെ 2020-ല്‍ പിക്കപ്പ് ട്രക്കിന്റെ പിന്നില്‍ ഘടിപ്പിച്ച സാറ്റലൈറ്റ് നിയന്ത്രിത മെഷീന്‍ ഗണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് പിന്നിലും ഇസ്രായേലാണെന്നാണ് കരുതപ്പെടുന്നത്.

1989ല്‍ ആയത്തുള്ള ഖമേനിയുടെ മരണത്തോടെ കുറച്ചുകൂടി യാഥാസ്ഥിതികമായ നയങ്ങളാണ് ഇറാന്‍ നടപ്പാക്കിയത്. 1990കളോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന രഹസ്യ സഹകരണവും ഏകദേശം നിലയ്ക്കുന്ന നിലയിലായി. പിന്നീടുള്ള ദശകങ്ങള്‍ ഇരു രാജ്യങ്ങളും പതിയെ നേരിട്ടുള്ള ശത്രുക്കളായി പരിണമിക്കുന്നതിന്റേതായിരുന്നു.

ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈൻ 1990-ൽ ജോർദാന്‍ സന്ദര്‍ശന വേളയില്‍ ഹുസൈൻ രാജാവിനൊപ്പം Screengrab, Copyright: AFP

സദ്ദാം ഹുസൈന്റെ പതനത്തോടെ ഇറാഖിനെക്കാള്‍ സുരക്ഷാ ഭീഷണിയായി ഇറാനെ ഇസ്രായേല്‍ കാണാന്‍ തുടങ്ങി. കാരണം ഇസ്രായേലിന്റെ സഹകരണത്തോടെ ആരംഭിച്ച ഇറാന്റെ മിസൈല്‍ പദ്ധതികള്‍ ഇസ്രായേലിനെ ഭയപ്പെടുത്തുന്നവ ആയിരുന്നു. ഇതിനിടെ ഇറാന്റെ പിന്തുണയുള്ള ഹമാസും ഹിസ്ബുള്ളയും അതിര്‍ത്തികളില്‍ ഇസ്രായേലിന് ഭീഷണിയായി മാറി. 2006 ഹിസ്ബൊള്ളയുമായും 2008ല്‍ ഹമാസുമായും ഇസ്രായേല്‍ ഏറ്റുമുട്ടിയിരുന്നു. ഈ രണ്ട് സന്ദര്‍ഭങ്ങളിലും സായുധസംഘടനകളെ അകമഴിഞ്ഞ് സഹായിച്ചത് ഇറാനാണ്.

ഇസ്രായേലിന്റെ നിഴല്‍ യുദ്ധ രീതി

ഇറാന്റെ ഉന്നത സൈനിക നേതൃത്വത്തേയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തുക എന്നതാണ് ഇറാനെതിരായ നിഴല്‍ യുദ്ധത്തില്‍ ഇസ്രായേലിന്റെ ഇപ്പോഴത്തെ രീതി. സിറിയയിലും ലെബനാനിലും വ്യോമമാര്‍ഗം ആക്രമണം നടത്തിയാണ് ഇസ്രായേല്‍ ഇത് നടപ്പാക്കുന്നത്.

2020 ജനുവരിയില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്സിലെ മേജര്‍ ജനറലായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകം ഇറാനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ചിരുന്നു. ഇറാനെ സംബന്ധിച്ചെടുത്തോളം ഖാസിം സുലൈമാനി ഒരു ഐതിഹാസിക നേതാവാണ്.

ബാഗ്ദാദില്‍ വെച്ച് അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിലായിരുന്നു സുലൈമാനിയെ വധിച്ചത്. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് അമേരിക്കയാണെങ്കിലും ഇസ്രായേലിന്റെ പിന്തുണയുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇറാഖിലെ യുഎസ് എംബസി ആക്രമിക്കുകയും ഉപരോധിക്കുകയും ചെയ്തതിന് പിന്നില്‍ ഇറാനാണെന്നും അതിന്റെ ആസൂത്രകന്‍ സുലൈമാനി ആണെന്നും ആരോപിച്ചായിരുന്നു കൊലപാതകം.

ഇതിന് പിന്നാലെയാണ് 2021ല്‍ ആണവശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദെയെയും റെവല്യൂഷനറി ഗാര്‍ഡ് കേണല്‍ സയാദ് ഖോദയീയെയും ഇസ്രായേല്‍ വധിച്ചത്. 2023 ഡിസംബറില്‍ ഡമാസ്‌കസില്‍ വെച്ച് ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ്സിന്റെ ഉപദേഷ്ടാവും ബ്രിഗേഡ് ജനറലുമായ സയ്യിദ് റാസി മൗസവിയെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ വധിച്ചു. മൗസവി ഖാസിം സുലൈമാനിയുടെ അടുത്ത അനുയായി ആണെന്നും ഹിസ്ബുള്ളക്ക് ആയുധങ്ങള്‍ നല്‍കുന്നതില്‍ മേല്‍നോട്ടം വഹിച്ചിരുന്നുവെന്നുമായിരുന്നു ഇസ്രായേലിന്റെ ആരോപണം.

ഇറാൻ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനി Screengrab, Copyright: Anadolu Agency

ഇസ്ലാമിക വിപ്ലവാനന്തരം ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖത്തിലല്ല. പ്രത്യേകിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം. ഇറാന്‍ ആണവ ശക്തിയായി മാറുമോ എന്ന ആശങ്ക അമേരിക്കയ്ക്കുമുണ്ട്. അതുകൊണ്ടാണ് അമേരിക്ക നിരന്തരമായി ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത്.

മാത്രമല്ല, പതിറ്റാണ്ടുകളായി അറേബ്യന്‍ രാജ്യങ്ങളുമായി നിലനിന്നിരുന്ന ഇസ്രായേലിന്റെ മോശം ബന്ധം മികച്ചതാക്കാന്‍ സഹായിച്ചത് അമേരിക്കയാണ്. ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ തന്റെ മുതിര്‍ന്ന ഉപദേശകനും മരുമകനുമായ ജരേഡ് കുശ്‌നറുടെ സഹായത്തോടെയാണ് അമേരിക്ക അബ്രഹാം കരാര്‍ സ്ഥാപിക്കാന്‍ ഇസ്രായേലിനെ സഹായിച്ചത്. ഇതോടെ അറബ് രാജ്യങ്ങള്‍ ഇസ്രായേലിന്റെ കൂട്ടുകാരായി. അപ്പോഴും കരാറിനെ എതിര്‍ത്തത് ഇറാനാണ്. അതുകൊണ്ട് അറബ് മേഖലയില്‍ ഇറാനുള്ള സ്വാധീനം ഇല്ലാതാക്കണമെന്നാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്. അതുകൊണ്ടാണ് ഇസ്രായേലിനും ഇറാനും ഇടയിലുള്ള നിഴല്‍ യുദ്ധം കൂടുതല്‍ ശക്തമായി നിലനില്‍ക്കുന്നത്.

FAQs

എന്താണ് ജനീവ കണ്‍വന്‍ഷനുകള്‍?

നാല് ഉടമ്പടികളും മൂന്ന് അധിക പ്രോട്ടോക്കോളുകളും അടങ്ങുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളാണ് ജനീവ കൺവെൻഷനുകൾ. യുദ്ധസമയത്ത് ശത്രുവിന്‍റെ സൈനികരോടും സിവിലിയൻ പൗരന്മാരോടും പെരുമാറേണ്ട മാനുഷിക തത്വങ്ങളെ കുറിച്ചാണ് ജനീവ കണ്‍വന്‍ഷനുകളില്‍ ഒപ്പുവെച്ച ഉടമ്പടികളില്‍ പറയുന്നത്.

എന്താണ് പഹ്‌ലവി രാജവംശം?

1925 നും 1979 നും ഇടയിൽ ഏകദേശം 54 വർഷം ഇറാന്‍ ഭരിച്ചിരുന്ന രാജവംശമാണ് പഹ്‌ലവി. മസന്ദറാനി പട്ടാളക്കാരനായ റെസ ഷാ പഹ്‌ലവിയാണ് ഈ രാജവംശം സ്ഥാപിച്ചത്. ഇസ്ലാമിന് മുമ്പുള്ള സസാനിയൻ സാമ്രാജ്യത്തിൽ സംസാരിച്ചിരുന്ന പഹ്‌ലവി ഭാഷയുടെ പേരാണ് തന്റെ രാജവംശത്തിനും റെസ ഷാ നല്‍കിയത്. 1979ല്‍ ഷിയ വിപ്ലവം വരെ പഹ്‌ലവി രാജവംശം ഇറാനില്‍ സ്വേച്ഛാധിപത്യം തുടര്‍ന്നു.

എന്താണ് അറബ്- ഇസ്രായേൽ യുദ്ധം?

ഫലസ്തീൻ പ്രദേശത്ത് 1948-ൽ നടന്ന യുദ്ധമാണ് അറബ്-ഇസ്രായേൽ യുദ്ധം. ഇസ്രായേൽ-ഫലസ്തീൻ പ്രതിസന്ധിയിലെ പ്രഥമ യുദ്ധമാണിത്. യഹൂദന്മാർ ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചതോടെ യുദ്ധം അവസാനിച്ചു. യുദ്ധത്തോടെ പ്രദേശത്തിന്റെ 78 ശതമാനം ഇസ്രായേൽ രാഷ്ട്രത്തിനും ബാക്കി ഫലസ്തീൻ ജനതക്കുമായി വീതിക്കപ്പെട്ടു. ജോർദാന്റെ കൈവശമുണ്ടായിരുന്ന വെസ്റ്റ് ബാങ്ക്, ഈജിപ്തിന്റെ അധീനതയിലായിരുന്ന ഗാസ എന്നിവയിലാണ് ഫലസ്തീൻ സർക്കാർ സ്ഥാപിക്കപ്പെട്ടത്.

Quotes

“നിങ്ങൾക്ക് സമാധാനത്തെ സ്വാതന്ത്ര്യത്തിൽ നിന്നും വേർപ്പെടുത്താൻ കഴിയില്ല. കാരണം അവനവന് സ്വാതന്ത്രം ഇല്ലെങ്കില്‍ ആർക്കും സമാധാനമായിരിക്കാനാവില്ല- മാൽക്കം എക്സ്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.