Mon. Dec 23rd, 2024

 

ഉന്നാവോ: ക്ലാസ് സമയത്ത് സ്‌കൂളിന്റെ പാചകപ്പുരയില്‍ ഫേഷ്യല്‍ ചെയത് പ്രധാനധ്യാപിക. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക സംഗീത സിംഗാണ് ക്ലാസ് സമയത്ത് ഫേഷ്യല്‍ ചെയ്തത്.

ബിഗാപൂര്‍ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. പ്രധാനധ്യാപികയുടെ പ്രവര്‍ത്തി സഹഅധ്യാപിക വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

അധ്യാപികയായ അനം ഖാന്‍ വീഡിയോ എടുക്കുന്നത് കണ്ട പ്രധാനധ്യാപിക കസേരയില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇതിന് ശേഷം പ്രധാനധ്യാപിക അനം ഖാനെ മര്‍ദ്ദിക്കുകയും കൈക്ക് കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.

കടിയേറ്റ പാടുകളുടെ വീഡിയോയും അധ്യാപിക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയും വൈറലാണ്. വീഡിയോ വൈറലായതിന് പിന്നാലെ പ്രധാനധ്യാപികക്കെതിരെ അന്വേഷണത്തിന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു.

ഇതിന് പിന്നാലെ ബിഘപൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്രധാനധ്യാപിക മര്‍ദ്ദിച്ചെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ബിഘപൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ മായാ റായ് പറഞ്ഞു.