ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങിന് തുടക്കമായി. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇന്ന് 21 സംസ്ഥാനങ്ങളിലായി 102 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും.
തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം നടക്കുന്നത് ജൂണ്‍ ഒന്നിനാണ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടിങ് നടക്കുക.
അരുണാചല്‍ പ്രദേശ്, അസം, ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ജമ്മു കശ്മീര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
അതേസമയം, സിക്കിമിലും അരുണാചല്‍ പ്രദേശിലും ഇന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കുള്ള വോട്ടെടുപ്പും നടക്കും. 32 മണ്ഡലങ്ങളുള്ള സിക്കിമില്‍ 146 സ്ഥാനാര്‍ഥികളും അരുണാചലില്‍ 50 മണ്ഡലങ്ങളില്‍ 133 പേരുമാണ് മത്സരരംഗത്തുള്ളത്. അരുണാചലില്‍ 60 അംഗ നിയമസഭയാണ്. എന്നാല്‍, 10 മണ്ഡലങ്ങളില്‍ ഭരണകക്ഷിയായ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മത്സരം 50ലേക്ക് ചുരുങ്ങിയത്.
സിക്കിമില്‍ മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് തുടങ്ങിയവരാണ് മത്സരരംഗത്തെ പ്രമുഖര്‍. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) അധ്യക്ഷനായ പ്രേം സിങ് തമാങ് രണ്ട് മണ്ഡലങ്ങളില്‍നിന്നാണ് മത്സരിക്കുന്നത്. ഗാങ്‌ടോക് ജില്ലയിലെ റെനോക്, സോറെങ് ജില്ലയിലെ സോറെങ് ചകൂങ് മണ്ഡലങ്ങളില്‍നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. ഒമ്പതാം തവണ മത്സരിക്കുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) അധ്യക്ഷന്‍ പവന്‍ കുമാര്‍ ചാംലിങ്ങും രണ്ട് മണ്ഡലങ്ങളില്‍നിന്ന് ജനവിധി തേടുന്നുണ്ട്.
അരുണാചലില്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയിന്‍ എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആറ് മണ്ഡലങ്ങളില്‍ ഓരോ നാമനിര്‍ദേശ പത്രിക വീതമാണ് സമര്‍പ്പിച്ചത്. നാല് മണ്ഡലങ്ങളില്‍ മറ്റുള്ളവര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. 2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 41 നിയമസഭാ സീറ്റുകളും രണ്ട് ലോക്‌സഭാ സീറ്റുകളുമാണ് ബിജെപി നേടിയത്.