Wed. May 1st, 2024

മഗഡി: കർണാടകയിൽ ഒരു തുള്ളി വെള്ളം പോലും വരാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൽ ജീവൻ മിഷന് കീഴിൽ സ്ഥാപിച്ച പൈപ്പുകൾ. ബാംഗ്ലൂർ റൂറൽ ലോക്‌സഭാ മണ്ഡലത്തിലെ മഗഡിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമായ ഷാനുഭോഗനഹള്ളിയിലാണ് സംഭവം.

കഴിഞ്ഞ വർഷമാണ് ഗ്രാമത്തിൽ സർക്കാർ ടാപ്പുകൾ സ്ഥാപിച്ചത്. ഗ്രാമത്തിലുള്ളവർ ‘മോദി ടാപ്പ്’ എന്നാണ് വിളിക്കുന്നത്. 700 ആളുകളുള്ള 160 ലധികം വീടുകളാണ് ഷാനുഭോഗനഹള്ളിയിലുള്ളത്.

“കഴിഞ്ഞ വർഷം ചിലർ വന്ന് ഈ ടാപ്പുകൾ സ്ഥാപിച്ചു. പക്ഷേ അതിനുശേഷം ഇതുവരെ ഞങ്ങൾക്ക് വെള്ളം കിട്ടിയിട്ടില്ല. ഞങ്ങൾക്ക് പഞ്ചായത്ത് ടാപ്പുകളുമുണ്ട്. അതിലൂടെയാണ് ഞങ്ങൾക്ക് രണ്ട് ദിവസത്തിലൊരിക്കൽ വെള്ളം കിട്ടുക. അതും ഒരു മണിക്കൂറോളം. അപ്പോഴേക്കും പാത്രങ്ങളും കുടങ്ങളും നിറയ്ക്കണം. മഴയില്ലാത്തതും ഗ്രാമത്തിലെ ജല സ്രോതസ്സുകൾ വറ്റിവരണ്ടതും സാഹചര്യം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.”, ഗ്രാമത്തിലെ 60 വയസുള്ള ലക്ഷമ്മ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വീടിന് മുന്നിൽ പൈപ്പ് സ്ഥാപിച്ചപ്പോൾ, മിക്കവാറും എല്ലാ ദിവസവും വെള്ളം വിതരണം ചെയ്യുമെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി ലക്ഷമ്മ പറഞ്ഞു. എന്നാൽ തുടക്കം മുതലേ പൈപ്പിൽ നിന്നും ഒരു തുള്ളി വെള്ളം പോലും വന്നില്ലെന്ന് ലക്ഷമ്മ കൂട്ടിച്ചേർത്തു.

ഷാനുഭോഗനഹള്ളിക്ക് അടുത്തുള്ള മറ്റ് ഗ്രാമങ്ങളിലെ ആളുകളുടെ അവസ്ഥയും സമാനമാണ്. എന്നാൽ പദ്ധതിയുടെ നടത്തിപ്പ് പതുക്കെയായതിനെ കേന്ദ്രം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. സംസ്ഥാന സർക്കാർ പദ്ധതി കൃത്യമായി നടത്താത്തതുകൊണ്ടാണ് ജനങ്ങൾക്ക് വെള്ളം ലഭിക്കാത്തതെന്നാണ് കേന്ദ്രം പറയുന്നത്.