ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ പുനക്രമീകരിക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബൈയിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.
കാലാവസ്ഥ മോശമായതോടെ 1,240-ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ദുബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു. 41 ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിമാനങ്ങളുടെ സര്‍വീസ് സംബന്ധിച്ച് അതാത് എയര്‍ലൈനുകളുടെ സ്ഥിരീകരണത്തിന് ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച ആരംഭിച്ച മഴയെത്തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയതിന് പിന്നാലെയാണ് ക്രമീകരണങ്ങള്‍. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ യുഎഇയിലെ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ദുബൈ വിമാനത്താവളത്തിലുള്ള ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിന് ദുബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. 24*7 പ്രവര്‍ത്തിക്കുന്ന +971501205172, +971569950590, +971507347676, +971585754213 നമ്പറുകള്‍ എംബസി തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.