Sat. Nov 23rd, 2024

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെ പോലീസ് സ്റ്റേഷനിൽ നിന്നും കാണാനില്ലെന്ന് കുടുംബം. ദുർഗാ റാവു എന്നയാളെയാണ് കാണാതായത്.

ഏപ്രിൽ 13 നാണ് വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ആക്രമണം നടന്നത്. അടുത്ത ദിവസം ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ദുർഗാ റാവുവിനെയാണ് കാണാതായത്. ദുർഗാ റാവുവിനെ കാണാനില്ലെന്ന് പറഞ്ഞ് വിജയവാഡയിൽ വഡ്ഡേര കോളനി നിവാസികൾ പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി.

കള്ളക്കേസിലാണ് ആറ് പേരെ കുടുക്കിയതെന്നാണ് വഡ്ഡേര കോളനി നിവാസികൾ പറയുന്നത്. പോലീസ് പിടികൂടിയ ദിവസ വേതന തൊഴിലാളികളെ ഉടൻ വിട്ടയക്കണമെന്നും കുടുംബങ്ങൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച അജിത് സിങ് നഗറിലെ ദാബാ കോട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചാരണത്തിനിടയിലാണ് മുഖ്യമന്ത്രിക്ക് നേരെ കല്ലേറ് ഉണ്ടായത്.

കല്ലേറിൽ ജഗൻ മോഹൻ റെഡ്ഡിയുടെ പുരികത്തിന് മുകളിലായി പരിക്കേറ്റിട്ടുണ്ട്. ജഗൻ മോഹൻ റെഡ്ഡിയുടെ അടുത്ത് നിന്നിരുന്ന വൈഎസ്ആർസിപി എംഎൽഎ വേലംപള്ളി ശ്രീനിവാസ റാവുവിനും പരിക്കുണ്ട്.

അതേസമയം, കേസന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. റോഡ് ഷോയുടെ ഭാഗമായുള്ള സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

എംഎൽഎ ശ്രീനിവാസ റാവുവിൻ്റെ പരാതിയിൽ എഎസ് നഗർ പോലീസ് സ്റ്റേഷനിൽ സെക്ഷൻ 307 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.