Tue. Sep 17th, 2024

ചണ്ഡീഗഢ്: ഹരിയാനയിലെ ജനസംഖ്യയിൽ 63% ആളുകളും ദാരിദ്ര രേഖയ്ക്ക് താഴെയെന്ന് റിപ്പോർട്ട്. പരിവാർ പെഹ്ചാൻ പത്ര (പിപിപി) യുടെയും കുടുംബ ഐഡികളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഭക്ഷ്യ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഹരിയാനയിൽ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളത് 1,80,93,475 വ്യക്തികളും 44,90,017 കുടുംബങ്ങളുമാണ്.

പിപിപി ഡാറ്റ പ്രകാരം, ഹിസാൻ സന്ദർശനത്തിനിടെ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞത് ഹരിയാനയുടെ ഇപ്പോഴത്തെ ജനസംഖ്യ 2.86 കോടിയാണെന്നാണ്. അതിനർത്ഥം സംസ്ഥാനത്തെ ജനസംഖ്യയുടെ 63% ആളുകളും ദാരിദ്ര രേഖയ്ക്ക് താഴെയാണെന്നാണ്.

കുടുംബ ഐഡികളിൽ ആളുകൾ നൽകിയിരിക്കുന്ന വരുമാനം പരിശോധിച്ചതിന് ശേഷം മാത്രമാണ് ബിപിഎൽ പദവി നൽകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാലും ബിപിഎൽ കാർഡുകൾ ലഭിക്കുന്നതിനായി ആളുകൾ നൽകുന്ന വിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് ഔദ്യോഗിക ഉറവിടങ്ങളും റേഷൻ ഡിപ്പോ ഉടമകളും സാമൂഹിക ശാസ്ത്രജ്ഞരും സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.

തങ്ങൾക്കറിയാവുന്ന നല്ല വരുമാനമുള്ളതും ഇടത്തരം വിഭാഗത്തിൽ പെടുന്നവരുമായ ചില കുടുംബങ്ങൾ സൗജന്യ ഭക്ഷ്യധാന്യം, വില കുറഞ്ഞ റേഷൻ തുടങ്ങിയ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ബിപിഎൽ കാർഡുകൾ ഉപയോഗിക്കുന്നതായി ഒരു ഡിപ്പോ ഉടമ പറഞ്ഞു.

നഗരങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മറ്റൊരു ഡിപ്പോ ഉടമയും വെളിപ്പെടുത്തി. നല്ല കുടുംബ വരുമാനം ഉണ്ടായിട്ടും ചില കുടുംബങ്ങൾ ബിപിഎൽ വിഭാഗത്തിൻ്റെ പരിധി ലംഘിക്കാതിരിക്കാനായി പ്രത്യേകം കാർഡുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ഡിപ്പോ ഉടമ കൂട്ടിച്ചേർത്തു.

ഡാറ്റ പ്രകാരം, ഫരീദാബാദാണ് പട്ടികയിൽ ഏറ്റവും കൂടുതൽ ബിപിഎൽ കുടുംബങ്ങളുള്ള നഗരം. മേവാത്ത്, ഹിസാർ, കർണാൽ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ഹിസാറും കർണാലും ഹരിയാനയിലെ ഏറ്റവും സമ്പന്നമായ ജില്ലകളിൽ ഒന്നാണ്.