Sat. Jan 18th, 2025

ന്യൂമാഹി: വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു.

മുസ്ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി എച്ച് അസ്ലമിനെതിരെയാണ് കേസെടുത്തത്. ന്യൂമാഹി യുഡിഎഫ് ചെയർമാൻ കൂടിയാണ് അസ്ലം.

കെ കെ ശൈലജയുടെ വ്യാജ വീഡിയോ പങ്കുവെച്ച് നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. മുസ്ലീം ജനവിഭാഗം ആകെ വർഗീയവാദികളാണെന്ന് കെ കെ ശൈലജ പറയുന്ന രീതിയിലുളള വ്യാജ വീഡിയോയാണ് പങ്കുവെച്ചത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് അസ്ലം വീഡിയോ പോസ്റ്റ്‌ ചെയ്തത്.

കഴിഞ്ഞ ദിവസം കെ കെ ശൈലജ വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയും സമ്മതത്തോടെയും പ്രോത്സാഹനത്തോടെയും സൈബർ ആക്രമണം നടത്തുന്നുവെന്നും ഫോട്ടോകൾ മോർഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജ പ്രചരണം നടത്തുന്നുവെന്നും പരാതിയിൽ പറയുന്നത്.