Wed. Jan 22nd, 2025

വാഷിംഗ്ടൺ: തീവ്രവാദികളെ അവരുടെ വീടുകളിൽ ചെന്ന് കൊല്ലുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ യു എസ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനും ചർച്ചയിലൂടെ പരിഹാരം കാണുന്നതിനും വേണ്ടിയാണ് അമേരിക്ക പ്രോത്സാഹിപ്പിക്കുന്നതെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

തീവ്രവാദികളെ അവരുടെ വീടുകളിൽ വെച്ച് കൊല്ലാൻ ഇന്ത്യ മടിക്കില്ലെന്ന മോദിയുടെയും പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗിന്റെയും പരാമർശത്തിൽ ബൈഡൻ ഭരണകൂടത്തിന് ആശങ്കയുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മാത്യു മില്ലർ ഇക്കാര്യം പറഞ്ഞത്.

“അമേരിക്ക ഇതിന്റെ ഇടയിലേക്ക് കടക്കാൻ പോകുന്നില്ല. എന്നാൽ സംഘർഷാവസ്ഥ ഒഴിവാക്കാനും ചർച്ചയിലൂടെ പരിഹാരം കാണാനും ഞങ്ങൾ ഇന്ത്യയെയും പാകിസ്താനെയും പ്രോത്സാഹിപ്പിക്കും.”, മില്ലർ പ്രതികരിച്ചു.

10 വർഷമായുള്ള ബിജെപിയുടെ ഭരണത്തിൽ തീവ്രവാദികൾ അവരുടെ സ്വന്തം വീടുകളിൽ വെച്ച് കൊല്ലപ്പെട്ടുവെന്നാണ് ഉത്തരാഖണ്ഡിലെ ഋഷികേശിലെ പൊതു റാലിയിൽ മോദി പറഞ്ഞത്.

പാക്കിസ്താന്റെ ഉദേശം വ്യക്തമാണെങ്കിൽ, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ പ്രവർത്തിക്കണമെന്ന് രാജ്നാഥ്‌ സിംഗ് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

“ഭീകരവാദിതത്തിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്റെ ശ്രമമെങ്കിൽ അതിന്റെ അനന്തര ഫലങ്ങൾ അവർ നേരിടേണ്ടിവരും. പാകിസ്ഥാൻ തീവ്രവാദത്തെ നിയന്ത്രിക്കേണ്ടതുണ്ട്. പാകിസ്താന് അത് നിയന്ത്രിക്കാൻ കഴിവില്ലെന്ന് കരുതുന്നുണ്ടെങ്കിൽ, ഇന്ത്യ ഒരു അയൽരാജ്യമാണ്. അവർക്ക് ഇന്ത്യയുടെ സഹായം വേണമെങ്കിൽ, ഭീകരതയെ നേരിടാൻ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്.”, രാജ്നാഥ്‌ സിംഗ് പറഞ്ഞിരുന്നു.

അതേസമയം, ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിനെതിരെയുള്ള കൊലപാതക ഗൂഢാലോചന ആരോപണത്തിൽ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യത്തിനും മില്ലർ പ്രതികരിക്കുകയുണ്ടായി. യുഎസ് ഉപരോധങ്ങളെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യുന്നില്ലെന്നായിരുന്നു മില്ലർ പറഞ്ഞത്.