Thu. May 2nd, 2024

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നിലെ വെടിവെപ്പിന് പിന്നാലെ താരത്തിന് നേരെ ഭീഷണി. ഞായറാഴ്ച പുലര്‍ച്ചെ 4.55 ഓടെ മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുന്നിൽ വെടിവെപ്പുണ്ടാ യിരുന്നു.

അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയാണ് സംഭവത്തിന് പിന്നിൽ. ഇനി സൽമാൻ ഖാൻറെ വീടിനകത്താണ് വെടിവെപ്പ് നടക്കുകയെന്നും ബിഷ്‌ണോയി ഭീഷണിപ്പെടുത്തി.

ഞായറാഴ്ച ബൈക്കിലെത്തിയ രണ്ടുപേർ നടന്റെ വീടിന് മുന്നിൽ നിന്ന് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

“ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്. അടിച്ചമർത്തലിനെതിരായ തീരുമാനം യുദ്ധമാണെങ്കിൽ, അങ്ങനെയാകട്ടെ. ഞങ്ങളുടെ ശക്തി മനസിലാക്കുന്നതിനും അത് പരീക്ഷിക്കാതിരിക്കുന്നതിനും ഞങ്ങൾ നിങ്ങൾക്ക് ട്രെയിലർ കാണിച്ചുതന്നിട്ടുണ്ട്. ഇത് ആദ്യത്തെയും അവസാനത്തെയും താക്കീതാണ്. ഇതിന് ശേഷം വീടിന് പുറത്ത് മാത്രം വെടിവെക്കില്ല. നിങ്ങൾ ദൈവങ്ങളായി കരുതുന്ന ദാവൂദ് ഇബ്രാഹിമിൻ്റെയും ഛോട്ടാ ഷക്കീലിൻ്റെയും പേരിലുള്ള നായ്ക്കൾ ഞങ്ങൾക്കുണ്ട്. ഇപ്പോൾ എനിക്ക് അധികം സംസാരിക്കുന്ന ശീലമില്ല.”, അൻമോൽ ഫേസ്ബുക്കിൽ കുറിച്ചു.

ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം സല്‍മാന്‍ ഖാന് നേരെ നാളുകളായി വധഭീഷണി ഉയർത്തുന്നു. 1998 ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു. സംഭവത്തിന്റെ പകയിലാണ് ലോറന്‍സ് ബിഷ്ണോയി നടനെ വധിക്കാൻ ശ്രമിക്കുന്നത്.

കൃഷ്ണമൃഗത്തെ തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജ്ജന്മമായാണ് ബിഷ്‌ണോയി വിഭാഗം കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി ബിഷ്‌ണോയി വിഭാഗം കണക്കാക്കുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ ബിഷ്ണോയികള്‍ ഇടപെടാറുണ്ട്.

നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്ത ബിഷ്ണോയി കൃഷ്ണമൃഗത്തെ കൊന്നതിന് സല്‍മാന്‍ ഖാനോട് പകരം വീട്ടുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു.

സല്‍മാന്‍ ഖാന്റെ പിതാവും നടനും തിരക്കഥാകൃത്തുമായ സലിം ഖാന് നേരെയും വധഭീഷണി ഉണ്ടായിട്ടുണ്ട്. സലിം ഖാന് കത്ത് വഴിയാണ് വധഭീഷണി ലഭിച്ചത്. സലിം ഖാന്‍ പതിവായി നടക്കാന്‍ പോകുമ്പോൾ വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയിരുന്നത്.

പഞ്ചാബി ഗായകന്‍ മൂസാവാലെയെ ചെയ്തതുപോലെ ചെയ്യും എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. നിലവില്‍ പഞ്ചാബിലെ ഒരു ജയിയിലാണ് ലോറന്‍സ് ബിഷ്ണോയിയുള്ളത്.