ന്യൂഡൽഹി: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ സുരക്ഷക്ക് നിർത്തിയ പോലീസുകാരെ യൂണിഫോമിന് പകരം കാവിയുടുപ്പിച്ച് യുപി സർക്കാർ. പൂജാരിമാരെപ്പോലെ കാവിയുടുത്ത് രുദ്രാക്ഷ മാലയിട്ടാണ് ക്ഷേത്രത്തിൽ പോലീസുകാർ നിൽക്കുന്നത്. പുരോഹിത വേഷത്തിൽ പോലീസുകാർ തീർഥാടകരെ നിയന്ത്രിക്കുന്നതിന്റെ വീഡിയോ പ്രതിപക്ഷമായ സമാജ്വാദി പാർട്ടി പുറത്തുവിട്ടു.
യൂണിഫോമില്ലാതെ പോലീസുകാരെ നിയോഗിക്കുന്നതിലൂടെ വലിയ സുരക്ഷാ വിഷയം തന്നെ സർക്കാർ സൃഷ്ടിച്ചിരിക്കുകയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഏത് പോലീസ് മാന്വൽ പ്രകാരമാണ് പോലീസുകാരെ പുരോഹിത വേഷം അണിയിച്ചതെന്നും അഖിലേഷ് യാദവ് ഉന്നയിച്ചു.
പുരുഷ പോലീസുകാരെ ദോത്തിയും കുർത്തയും വനിത പോലീസുകാരെ സൽവാറും കുർത്തയുമായി ക്ഷേത്രത്തിൽ നിയോഗിച്ചത് തീർഥാടകരുടെ ക്ഷേമം മുൻനിർത്തിയാണെന്നാണ് വാരാണസി പോലീസ് കമ്മീഷണർ മോഹിത് അഗർവാൾ പറഞ്ഞത്.
“അനായാസ ക്ഷേത്ര ദർശനം ഉറപ്പ് വരുത്താനും തീർഥാടകർക്ക് വഴി കാണിക്കാനുമാണ് പോലീസിനെ ഇവിടെ നിയോഗിക്കുന്നത്. ക്ഷേത്ര ദർശനത്തിനിടെ പോലീസ് ഉദ്യോഗസ്ഥർ തള്ളിയിടുന്നതായി തീർഥാടകർ പരാതിപ്പെടാറുണ്ട്. എന്നാൽ, പുരോഹിത വേഷത്തിലുള്ളവർ അത് ചെയ്താൽ തീർഥാടകർ ക്ഷമിക്കും.”, കമീഷണർ കൂട്ടിച്ചേർത്തു.