Tue. Nov 5th, 2024

ജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച 2.98 കോടിപ്പേരും സി ബാധിച്ച 55 ലക്ഷം പേരുമാണ് ഇന്ത്യയിലുള്ളതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഹെപ്പറ്റൈറ്റിസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. 8.3 കോടി രോഗികളാണ് ചൈനയിലുള്ളത്. ആഗോളതലത്തിൽ പ്രതിദിനം 3500 പേർ ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ കാരണം മരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന.

2022 ൽ ആഗോളതലത്തിൽ 254 ദശലക്ഷം പേർ ഹെപ്പറ്റൈറ്റിസ് ബിയും 50 ദശലക്ഷം ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ചവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ 2024 ലെ ഗ്ലോബൽ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ടിൽ പറയുന്നു.

കരളിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം മരണത്തിനുവരെ കാരണമായേക്കാം. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകളാണുള്ളത്. ഇവയെല്ലാം പകരുന്ന രീതികൾ, രോഗത്തിൻ്റെ തീവ്രത, പ്രതിരോധം എന്നിവ വ്യത്യസ്തമാണ്.

187 രാജ്യങ്ങളിൽ നിന്നുള്ള പുതിയ കണക്ക് പ്രകാരം, വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണങ്ങളുടെ എണ്ണം 2019 ൽ 1.1 ദശലക്ഷത്തിൽ നിന്ന് 2022 ൽ 1.3 ദശലക്ഷമായി ഉയർന്നു. ഇതിൽ ഹെപ്പറ്റൈറ്റിസ് ബി മൂലം 83ശതമാനവും ഹെപ്പറ്റൈറ്റിസ് സി മൂലം 17ശതമാനവുമാണ് മരണം സംഭവിക്കുന്നത്.