Mon. Dec 23rd, 2024

ന്യൂഡൽഹി: ഡൽഹിയിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ്കുമാർ ആനന്ദ് രാജിവെച്ചു. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്നാരോപിച്ചാണ് രാജ്കുമാർ ആനന്ദ് മന്ത്രിപദവി രാജിവെച്ചത്. ആം ആദ്മി പാർട്ടി അംഗത്വവും രാജ്കുമാർ ആനന്ദ് രാജിവെച്ചു.

സാമൂഹ്യക്ഷേമ വകുപ്പിന് പുറമെ ഏഴ് വകുപ്പുകളുടെ ചുമതല രാജ്‍കുമാർ ആനന്ദിനുണ്ടായിരുന്നു. എഎപിയില്‍ ദളിത് വിരുദ്ധത നിലനിൽക്കുന്നുവെന്നും സ്ത്രീകൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജ്കുമാർ ആനന്ദിന്റെ രാജി.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ ഡി നേരത്തെ രാജ്കുമാർ ആനന്ദിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു രാജ്കുമാർ ആനന്ദിനെ ഇ ഡി ചോദ്യം ചെയ്തിരുന്നത്. അന്ന് രാജ്കുമാർ ആനന്ദിന്റെ വസതികളിൽ റെയ്ഡ് നടത്തിയിരുന്നു.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലില്‍ നിന്ന് ഭരിക്കുന്നതിൽ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രമുഖ മന്ത്രി പാര്‍ട്ടിയില്‍ നിന്നും മന്ത്രി സഭയില്‍ നിന്നും രാജിവെച്ചത്.