Sun. May 5th, 2024

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിലാണ് ഹനിയെയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. ഇസ്രായേല്‍ ഡ്രോണ്‍ കാറില്‍ പതിച്ചാണ് ഇവർ മരിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ തങ്ങളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാമെന്നാണ് ഇസ്രായേൽ കരുതുന്നതെന്ന് മരണവിവരം പങ്കിട്ട ഹനിയെ പറഞ്ഞു. തന്റെ മക്കളും പേരക്കുട്ടികളും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ 60 പേര്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടുണ്ടെന്നും ഹനിയെ പറഞ്ഞു.

അതേസമയം, ഗാസയിലെ വെടി നിര്‍ത്തല്‍ പരിഗണിക്കുന്ന സമാധാന ചര്‍ച്ചകൾ നടക്കുമ്പോഴാണ് ഇസ്രായേല്‍ ആക്രമണം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ സമാധാന ചര്‍ച്ചകളെ ഇത് ബാധിച്ചേക്കും.