Sat. Jan 18th, 2025

ന്യൂഡൽഹി: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. സത്യവാങ്മൂലം പരിശോധിക്കാൻ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ് (സിബിഡിടി) തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം നല്‍കിയത്.

രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് പൊരുത്തക്കേടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയിരുന്നു. തുടർന്ന് സത്യവാങ്മൂലം പരിശോധിക്കാനും പൊരുത്തക്കേടുണ്ടെങ്കിൽ പരിശോധിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ സിബിഡിടിയോട് നിർദേശിച്ചു.

സിപിഐഎമ്മും രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ വിവരങ്ങളും കണക്കുകളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയല്ലെന്നാണ് രണ്ട് പാർട്ടികളും ആരോപിക്കുന്നത്.

എന്നാൽ സത്യവാങ്മൂലത്തിലെ എന്തെങ്കിലും പൊരുത്തക്കേടോ കൃത്രിമത്വമോ കണ്ടെത്തിയാൽ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 എ പ്രകാരം നടപടി സ്വീകരിക്കും.

വ്യാഴാഴ്ചയാണ് രാജീവ് ചന്ദ്രശേഖർ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്.