Thu. May 2nd, 2024

ഇന്ത്യയിലെ ആദ്യ അനൗദ്യോദിക സര്‍ക്കാര്‍ പക്ഷേ, ആസാദ് ഹിന്ദ് സര്‍ക്കാരല്ല. 1915 ഡിസംബര്‍ ഒന്നിന് കാബൂളില്‍ സ്ഥാപിതമായ പ്രൊവിഷണല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയാണ്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മിറ്റി (ഐഐസി) എന്ന ഗ്രൂപ്പാണ് സര്‍ക്കാര്‍ രൂപീകരണം നടത്തിയത്

ന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസാണെന്ന അവകാശവാദം പല തവണയായി ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. അവസാനമായി ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കങ്കണ റണാവത്താണ് ജവഹര്‍ലാല്‍ നെഹ്റുവിനെ തള്ളി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് അവകാശപ്പെട്ടത്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ സര്‍ക്കാരിന് മുന്‍പ് തന്നെ സുഭാഷ്ചന്ദ്ര ബോസ് സര്‍ക്കാര്‍ രൂപീകരിച്ചതായി കങ്കണ പറയുന്നു.

പരാമര്‍ശം വിവാദമായതിനു ശേഷം 1943 ഒക്ടോബര്‍ 21-ന് നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരില്‍ ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടും കങ്കണ രംഗത്തെത്തിയിട്ടുണ്ട്. 1943 ഒക്ടോബര്‍ 21-ന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രത്തലവനും യുദ്ധമന്ത്രിയുമായി സ്വയം പ്രഖ്യാപിച്ചുവെന്നാണ് കങ്കണ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ മധ്യത്തില്‍ സിംഗപ്പൂരില്‍ വെച്ച് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

കങ്കണ റണാവത്ത് Screengrab @ Copyright Facebook

വൈദേശികനയങ്ങള്‍ നടപ്പാക്കുകയായിരുന്ന ശക്തികളാണ് നേതാജിയെ ഇന്ത്യയിലേക്ക് കാലുകുത്താന്‍ അനുവദിക്കാതിരുന്നത് എന്നും കങ്കണ പറയുന്നു. എന്നാല്‍ കങ്കണയുടെ ഈ പരാമര്‍ശത്തെ തള്ളിയും രൂക്ഷമായി വിമര്‍ശിച്ചും നേതാജിയുടെ കുടുംബം രംഗത്തെത്തി. ആരും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചരിത്രത്തെ വളച്ചൊടിക്കരുതെന്നാണ് നേതാജിയുടെ അനന്തരവന്‍ ചന്ദ്ര കുമാര്‍ ബോസ് പറഞ്ഞത്.

‘നേതാജി സുഭാഷ് ചന്ദ്രബോസ് ഒരു രാഷ്ട്രീയ ചിന്തകനും സൈനികനും രാഷ്ട്രതന്ത്രജ്ഞനും ദീര്‍ഘദര്‍ശിയും അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നേതാജിയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നതിലൂടെയാണ് അദ്ദേഹത്തോടുള്ള ബഹുമാനം കാണിക്കേണ്ടത്’, ചന്ദ്ര കുമാര്‍ ബോസ് എക്‌സില്‍ കുറിച്ചു.

യഥാര്‍ത്ഥത്തില്‍ സുഭാഷ് ചന്ദ്ര ബോസ് ആണോ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് സുഭാഷ് ചന്ദ്രബോസ് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്ത് ജര്‍മനിയില്‍ ചെന്നെത്തി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്ത് സ്വാതന്ത്ര്യം നേടുകയായിരുന്നു ലക്ഷ്യം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സൈനികവും രാഷ്ട്രീയവും നയതന്ത്ര പരവുമായുള്ള പിന്തുണ ഉണ്ടെങ്കിലേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടാനാകൂ എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.

1941 ജനുവരി 19ന് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് സുഭാഷ് ചന്ദ്രബോസ് പെഷവാറിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്ന് അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജര്‍മ്മനിയില്‍ എത്തി. അവിടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഒരു ഓഫീസും എല്ലാ സൗകര്യങ്ങളും ജര്‍മന്‍ സര്‍ക്കാര്‍ അനുവദിച്ചുകൊടുത്തു. യൂറോപ്പിലെ ജര്‍മന്‍ അധിനിവേശ രാജ്യങ്ങളിലുണ്ടായിരുന്ന ഇന്ത്യക്കാരെയും ഉത്തരാഫ്രിക്കയില്‍ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യന്‍ സൈനികരെയും സംഘടിപ്പിച്ച് ഇന്ത്യന്‍ ലീജിയണ്‍ എന്നൊരു സേനാഘടകം ബോസ് രൂപീകരിച്ചു.

സുഭാഷ്‌ചന്ദ്രബോസ് Screengrab @ Copyright NDTV

നാസികളുടെ സഹായത്തോടെ ഒരു ഇന്ത്യാ ആക്രമണവും അതുവഴി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. പക്ഷേ ഹിറ്റ്ലറുടെ പല പ്രവൃത്തികളോടും ബോസിന് യോജിക്കാന്‍ സാധിച്ചില്ല. ഹിറ്റ്ലറിന്റെ പ്രവൃത്തികളെ അദ്ദേഹം പരസ്യമായി എതിര്‍ത്തിരുന്നു. 1943 ജൂണ്‍ 23ന് നേതാജി സിംഗപ്പൂരിലേക്ക് പോയി. അതേ വര്‍ഷം ഒക്ടോബര്‍ 21നാണ് സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് എന്ന പേരില്‍ (”സ്വതന്ത്ര ഇന്ത്യ”) താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

ഈ താല്‍ക്കാലിക സര്‍ക്കാറിന്റെ രാഷ്ട്രത്തലവനായിരുന്നു ബോസ്. വിദേശകാര്യങ്ങളുടെയും യുദ്ധ വകുപ്പുകളുടെയും ചുമതല അദ്ദേഹം വഹിച്ചു. എ സി ചാറ്റര്‍ജി ധനകാര്യത്തിന്റെ ചുമതലയും എസ് എ അയ്യര്‍ പബ്ലിസിറ്റി, പ്രചരണ മന്ത്രിയുമായി. ഏക വനിതയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി വനിതാകാര്യ മന്ത്രിയായും അധികാരമേറ്റു. ബോസിന്റെ സൈന്യമായ ആസാദ് ഹിന്ദ് ഫൗജിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കാബിനറ്റ് പദവിയും നല്‍കിയിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരായി നടത്തിയ പോരാട്ടത്തിന് നിയമസാധുത നല്‍കാനായാണ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് പ്രഖ്യാപിച്ചുകൊണ്ട്, അദ്ദേഹം തന്റെ സൈന്യത്തിന് അന്താരാഷ്ട്ര നിയമത്തിന്റെ ദൃഷ്ടിയില്‍ നിയമസാധുത നല്‍കാനാണ് ലക്ഷ്യമിട്ടത്. കൂടാതെ, ആസാദ് ഹിന്ദ് ഫൗജിന്റെ ഉദ്യോഗസ്ഥര്‍ നടത്തിയ പൗരത്വ സത്യവാങ്മൂലം 1945-46 ലെ ചെങ്കോട്ട വിചാരണയുടെ സമയത്ത് അവരുടെ പ്രവര്‍ത്തനങ്ങളുടെ നിയമസാധുതയുടെ തെളിവായി ഹാജരാക്കിയിരുന്നു.

ആസാദ് ഹിന്ദ് സര്‍ക്കാര്‍ സ്ഥാപിതമായതിന് ശേഷം ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നാസികളുടെയും ജപ്പാന്റെയും നിയന്ത്രണത്തിലുള്ള ചില രാജ്യങ്ങളില്‍ നിന്നും അംഗീകാരം ലഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് തൊട്ടുപിന്നാലെ ബ്രിട്ടനോടും അമേരിക്കയോടും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ആസാദ് ഹിന്ദ് സര്‍ക്കാര്‍ ജപ്പാന്റെ നിയന്ത്രണത്തിലായിരുന്ന ബര്‍മ്മ, സിംഗപ്പൂര്‍, മലയ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ കോളനികളിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും സൈനികര്‍ക്കും മേല്‍ അധികാരം അവകാശപ്പെട്ടു. ആസാദ് ഹിന്ദ് ഫൗജിന് ജാപ്പനീസ് സേനയുടെ പിന്തുണയും ഉണ്ടായിരുന്നു.

മൗലാന ബര്‍ക്കത്തുള്ള Screengrab @ Copyright Wikipedia

ഇന്ത്യയിലെ ആദ്യ അനൗദ്യോദിക സര്‍ക്കാര്‍ പക്ഷേ, ആസാദ് ഹിന്ദ് സര്‍ക്കാരല്ല. 1915 ഡിസംബര്‍ ഒന്നിന് കാബൂളില്‍ സ്ഥാപിതമായ പ്രൊവിഷണല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയാണ്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മിറ്റി (ഐഐസി) എന്ന ഗ്രൂപ്പാണ് സര്‍ക്കാര്‍ രൂപീകരണം നടത്തിയത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കാനായിരുന്നു കമ്മിറ്റി ലക്ഷ്യമിട്ടത്.

ഒന്നാം ലോക മഹായുദ്ധ സമയത്ത്, വിദേശത്തുള്ള ഇന്ത്യന്‍ ദേശീയവാദികളും അതുപോലെ ഇന്ത്യയില്‍ നിന്നുള്ള വിപ്ലവകാരികളും പാന്‍-ഇസ്ലാമിസ്റ്റുകളും ഐഐസിമായി ചേര്‍ന്ന് സമാന ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. 1917-ല്‍ ഐഐസി സോവിയറ്റ് യൂണിയന്റെ പിന്തുണ തേടുകയും ചെയ്തിരുന്നു.

ഓട്ടോമന്‍ ഖലീഫയുടെയും ജര്‍മ്മനിയുടെയും സഹായത്തോടെ ഐഐസി ഇന്ത്യയില്‍ കലാപം വളര്‍ത്താന്‍ ശ്രമിച്ചു. പ്രധാനമായും കശ്മീരിലെയും ബ്രിട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും മുസ്ലീം ഗോത്രങ്ങള്‍ക്കിടയില്‍ അശാന്തി ഉണ്ടാക്കി ബ്രിട്ടീഷ് നിയന്ത്രണത്തെ ദുര്‍ബലപ്പെടുത്താനായിരുന്നു ശ്രമം.

രാജ മഹേന്ദ്ര പ്രതാപിന്റെ അദ്ധ്യക്ഷതയിലാണ് കാബൂളില്‍ സര്‍ക്കാര്‍ സ്ഥാപിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് പുറത്ത് പതിറ്റാണ്ടുകള്‍ ചെലവഴിച്ച സ്വാതന്ത്ര്യ സമര സേനാനി മൗലാന ബര്‍കത്തുള്ളയായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ ഇന്ത്യയില്‍ ഈ പ്രസ്ഥാനവും തകര്‍ന്നു.

ഈ രണ്ടു വിഭാഗങ്ങളെയും പൂര്‍ണമായി ഇന്ത്യാ ഗവണ്‍മെന്റ് എന്ന് വിളിക്കാന്‍ കഴിയില്ല. അതിനു കാരണം ഈ രണ്ട് സര്‍ക്കാരുകളും വ്യാപകമായ അന്താരാഷ്ട്ര അംഗീകാരം നേടുന്നതില്‍ പരാജയപ്പെട്ടു. ലോക മഹായുദ്ധങ്ങള്‍ക്ക് ശേഷം ഈ സര്‍ക്കാരുകളെ അംഗീകരിച്ചിരുന്ന രാജ്യങ്ങള്‍ പിന്തുണ പിന്‍വലിച്ചു. ഈ രണ്ട് സര്‍ക്കാരുകളും ഒരിക്കലും ഇന്ത്യന്‍ പ്രദേശം നിയന്ത്രിച്ചിട്ടില്ല. ബോസ് ആന്‍ഡമാന്‍ ഔദ്യോഗികമായി കൈവശം വച്ചപ്പോള്‍, ദ്വീപുകള്‍ അപ്പോഴും ജാപ്പനീസ് അധിനിവേശത്തിലായിരുന്നു വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ മുഴുവന്‍ പ്രദേശങ്ങളും ഇന്ത്യന്‍, ജാപ്പനീസ് സൈന്യങ്ങള്‍ പിടിച്ചെടുത്തു. അതിര്‍ത്തിയില്‍ രൂപീകരിച്ച കാബൂള്‍ ഗവണ്‍മെന്റ് ഒരിക്കലും ഇന്ത്യയിലേയ്ക്ക് പ്രവേശിച്ചിട്ടില്ല. 1919-ല്‍ പിരിച്ചുവിടുന്നത് വരെ കടലാസില്‍ മാത്രമായിരുന്നു ഈ സര്‍ക്കാര്‍.

കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍

ഇതാദ്യമായല്ല കങ്കണയുടെ പ്രസ്താവനകള്‍ വിവാദമാകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിതാ സംവരണ ബില്ലിനെ കുറിച്ച് പറഞ്ഞ പരാമര്‍ശവും വിവാദമായിട്ടുണ്ട്.

സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം നല്‍കുന്ന വനിതാ സംവരണ ബില്‍ കാരണമാണ് തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതെന്നാണ് കങ്കണ റണാവത്ത് അവകാശപ്പെട്ടിരുന്നു. എന്നാല്‍ വനിതാ സംവരണ ബില്‍ ഇതുവരെ പ്രാബല്യത്തില്‍ വരാത്തതിനാല്‍ ഇത് തെറ്റായ അവകാശവാദമാണ്.

ബില്‍ ആദ്യമായി സഭയില്‍ അവതരിപ്പിച്ച് 27 വര്‍ഷത്തിന് ശേഷം, 2023 സെപ്റ്റംബര്‍ 20നാണ് ലോക്‌സഭയില്‍ പാസാക്കുന്നത്. സെപ്റ്റംബര്‍ 22ന് രാജ്യസഭയിലും പാസായി. സെപ്റ്റംബര്‍ 28ന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. എന്നാല്‍ സെന്‍സസും അതിര്‍ത്തി നിര്‍ണയവും പൂര്‍ത്തിയാക്കിയ ശേഷമേ ബില്‍ പ്രാബല്യത്തില്‍ വരൂ.

കൊവിഡ് 19 കാരണം പറഞ്ഞ് 2021ലെ സെന്‍സസ് കേന്ദ്രം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. 2023 സെപ്റ്റംബര്‍ 20ന് ലോക്‌സഭയില്‍ സംസാരിക്കവെ 2024ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വനിത സംവരണ നിയമം പ്രാബല്യത്തില്‍ വരൂവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

ഗാന്ധിയും നെഹ്രുവും Screengrab @ Copyright REUTERS

ഗാന്ധിയുടെ അഹിംസാ മാര്‍ഗം ഇന്ത്യയ്ക്ക് നേടിത്തന്നത് സ്വാതന്ത്യമായിരുന്നില്ല, ഭിക്ഷയായിരുന്നു എന്ന കങ്കണയുടെ പരാമര്‍ശം വലിയൊരു വിവാദത്തിന് കാരണമായിരുന്നു. രാജ്യം സ്വതന്ത്രമായത് മോദി ഭരണത്തിലേറിയ 2014 ലാണ് എന്നും കങ്കണ പറഞ്ഞിരുന്നു.

ഭഗത് സിംഗിനേയും സുഭാഷ് ചന്ദ്രബോസിനേയും ഗാന്ധിജി ഒരു തരത്തിലും സഹായിച്ചിട്ടില്ല. ഗാന്ധിയും നെഹ്റുവും ജിന്നയും ചേര്‍ന്ന് ബ്രിട്ടീഷുകാരുമായി സുഭാഷ് ചന്ദ്രബോസിനെ കുടുക്കാന്‍ ഉടമ്പടിയിലെത്തി. സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിലെത്തിയാല്‍ അദ്ദേഹത്തെ ബ്രിട്ടണ് കൈമാറും എന്നായിരുന്നു അവര്‍ ഉണ്ടാക്കിയ ഉടമ്പടിയെന്നും കങ്കണ പറഞ്ഞിരുന്നു.

ഭഗത് സിംഗിനെ തൂക്കിലേറ്റാന്‍ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നെന്നും ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്നും ഗാന്ധിക്ക് അധികാരം മാത്രമായിരുന്നു ലക്ഷ്യമെന്നും കങ്കണ പറഞ്ഞിരുന്നു.

സുരക്ഷിതത്വത്തിന്റെ വിഷയത്തില്‍ മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച കങ്കണയുടെ ട്വീറ്റും വിവാദമായിരുന്നു. സിനിമാ മാഫിയയേക്കാള്‍ കൂടുതല്‍ മുംബൈ പൊലീസിനെ ഭയപ്പെടുന്നുവെന്ന് കങ്കണയുടെ പരാമര്‍ശത്തില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. മുംബൈ പൊലീസിനു പകരം ഹരിയാനയിലെയോ, ഹിമാചല്‍ പ്രദേശിലേയോ പൊലീസിന്റെ കാവല്‍ മതിയെന്നാണ് കങ്കണ അന്ന് പറഞ്ഞത്. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെടുന്ന ഭരണപക്ഷം കങ്കണയ്ക്കെതിരെ ശക്തമായി രംഗത്തുവന്നതോടെ നടിയെ പിന്തുണച്ചിരുന്ന ബിജെപിയും പ്രതിരോധത്തിലായി.

2021 ല്‍ പശ്ചിമ ബംഗാളില്‍ വിദ്വേഷ പ്രചരണം നടത്തുകയും വര്‍ഗീയ കലാപത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് കങ്കണയ്ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിച്ഛായ മോശമാക്കിയെന്നായിരുന്നു പരാതി. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളില്‍ പ്രതികരിക്കുന്നതിനിടെ മമത ബാനര്‍ജിയെ പരിഹസിച്ചതിനെ തുടര്‍ന്നാണ് കങ്കണയ്ക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് അക്കൗണ്ട് പുനസ്ഥാപിച്ചത്.

2020-ല്‍ ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവെ നടിയും രാഷ്ട്രീയക്കാരിയുമായ ഊര്‍മിള മണ്ടോന്ദ്കറെ കങ്കണ ‘സോഫ്റ്റ് പോണ്‍ സ്റ്റാര്‍’ എന്ന് വിളിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്ന ഊര്‍മ്മിള, 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഒരു ടിവി അഭിമുഖത്തിനിടെയാണ് കങ്കണ ഊര്‍മ്മിളയ്ക്കെതിരെ പ്രസ്താവന നടത്തിയത്.

തന്റെ രാഷ്ട്രീയ അഭിലാഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘സോഫ്റ്റ് പോണ്‍ ചിത്രങ്ങള്‍ക്ക്’ മാത്രം പേരുകേട്ട ഊര്‍മ്മിളയ്ക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിക്കുമെങ്കില്‍, എന്തുകൊണ്ട് തനിക്ക് കിട്ടില്ലെന്നാണ് കങ്കണ പറഞ്ഞത്.

ഊര്‍മിള മണ്ടോന്ദ്കര്‍ Screengrab @ Copyright Instagram

രാഷ്ട്രീയത്തിനപ്പുരം ബോളിവുസ് സിനിമാ ലോകത്തും കങ്കണ നിരവധി വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ബോളിവുഡിലെ പല പ്രമുഖരും ഡാര്‍ക്ക് വെബിലുണ്ടെന്നും മറ്റുള്ളവരുടെ മെയിലും വാട്‌സാപ്പ് മെസേജും ചേര്‍ത്തുന്നുണ്ടെന്നും കങ്കണ സാമൂഹിക മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.

ആമിര്‍ ഖാന്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ച അഭിമുഖത്തില്‍ തന്റെ ഭാര്യ ഹിന്ദു മതക്കാരിയാണെങ്കിലും മക്കള്‍ ഇസ്ലാം മതം മാത്രമാണ് പിന്തുടരുന്നതെന്ന് പറഞ്ഞിരുന്നു. ആമിറിന്റെ മക്കളില്‍ മതപരമായ കൂടിച്ചേരല്‍ നടന്നിട്ടുണ്ടെന്നും അവര്‍ക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങള്‍ ആവശ്യമാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും മക്കള്‍ എങ്ങനെ മുസ്ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും കങ്കണ ചോദിച്ചിരുന്നു.

കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ കരണ്‍ ജോഹറിനെ സ്വജനപക്ഷപാതത്തിന്റെ പതാകവാഹകന്‍ എന്ന് വിളിച്ചത് ബോളിവുഡില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. 2022-ല്‍ തന്നെ നോമിനേറ്റ് ചെയ്തതിന് ഫിലിംഫെയറിനെതിരെ കേസെടുക്കുമെന്നും കങ്കണ ഭീഷണിപ്പെടുത്തിയിരുന്നു.

FAQs

ആരാണ് സുഭാഷ് ചന്ദ്ര ബോസ്?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുവാൻ പോകുന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപീകരിച്ചു.

എന്താണ് ആസാദ് ഹിന്ദ്?

രണ്ടാം ലോകമഹായുദ്ധകാലത്ത് സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച താൽക്കാലിക സർക്കാർ.
1943 ൽ ജപ്പാന്റെ സഹായത്തോടെ, സിംഗപ്പൂരിലാണ് ഈ സർക്കാർ രൂപമെടുത്തത്. സുഭാസ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലായിരുന്നു ഇത്തരമൊരു സമാന്തര നീക്കം നടന്നത്. മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു ഈ സര്‍ക്കാരിന്റെ ലക്ഷ്യം.

ആരാണ് ജവഹര്‍ലാല്‍ നെഹ്‌റു?

ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

Quotes

“സ്വാതന്ത്ര്യത്തിന്‍റെ വില നൽകാൻ രക്തത്തിന് മാത്രമേ കഴിയൂ. എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം- സുഭാഷ് ചന്ദ്ര ബോസ്

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.