Sat. Jan 18th, 2025

ലഖ്‌നൗ: കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം ലീഗിന്റെ മുദ്ര പേറുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയ ശേഷം കമ്മീഷന്‍ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഉത്തര്‍ പ്രദേശിലെ സഹരാണ്‍പുരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ വിമര്‍ശിക്കുകയായിരുന്നു മോദി. സ്വാതന്ത്ര്യ സമരകാലത്തെ മുസ്ലീം ലീഗിന്റെ ചിന്തകളാണ് ഇപ്പോഴത്തെ കോൺഗ്രസ് പ്രകടന പത്രികയിലും പ്രതിഫലിക്കുന്നതെന്നും ബാക്കിയുള്ളിടത് ഇടതുപക്ഷ സ്വാധീനത്തിലാണെന്നും നരേന്ദ്ര മോദി വിമര്‍ശിച്ചു.

കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോള്‍ കമ്മീഷന്‍ കൈപ്പറ്റുന്നതിലായിരുന്നു ശ്രദ്ധയെന്നും ഇന്ത്യ മുന്നണി അധികാരത്തിലെത്തിയ ശേഷം കമ്മിഷന്‍ കൈപ്പറ്റാനാണ് ലക്ഷ്യം വെക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയും മോദി സര്‍ക്കാരും ഒരു മിഷനിലാണ് എന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.