Wed. Jan 22nd, 2025

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ടിലൂടെ സംഭവാന സ്വീകരിച്ചിട്ടില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസം ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ സിപിഐഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാരോപിച്ചിരുന്നു. തുടർന്നായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.

പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച യെച്ചൂരി സുതാര്യമായാണ് സംഭാവന സ്വീകരിച്ചതെന്ന് പറഞ്ഞു. നിയമപരമെങ്കില്‍ സംഭാവന സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും സീതാറാം യെച്ചൂരി ചോദിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

“നിയമപരമായാണ് സംഭാവന സ്വീകരിച്ചത്. എന്നാല്‍ ഇലക്ടറല്‍ ബോണ്ടിലൂടെ പണം വാങ്ങിയിട്ടില്ല. വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്.”, യെച്ചൂരി പറഞ്ഞു.

വിവാദ കമ്പനികളായ മേഘാ എഞ്ചിനിയറിങ്, നവയുഗ എഞ്ചിനിയറിങ് എന്നിവയിൽ നിന്ന് സിപിഐഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് ഷിബു ബേബി ജോണ്‍ ആരോപിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചിരുന്നത്.

മേഘാ എഞ്ചിനിയറിങ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അന്വേഷണങ്ങള്‍ നേരിട്ട് വരികയാണ്.