Mon. Dec 23rd, 2024

ന്യൂഡൽഹി: നവജാത ശിശുക്കളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലും ഹരിയാനയിലുമായി സിബിഐ നടത്തിയ റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. കേശവപുരത്തെ ഒരു വീട്ടിൽ നിന്ന് മൂന്ന് കുട്ടികളെയാണ് റെയ്ഡിൽ സിബിഐ രക്ഷപ്പെടുത്തിയത്. സ്ത്രീകളും ആശുപത്രി ജീവനക്കാരുമടക്കം ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.

നവജാത ശിശുക്കളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്നാണ് സിബിഐ റെയ്ഡ് നടത്തിയത്. 5.5 ലക്ഷം രൂപയും മറ്റ് രേഖകളും അന്വേഷണത്തിൽ കണ്ടെടുത്തു. രക്ഷിതാക്കളിൽ നിന്നും വാടക അമ്മമാരിൽ നിന്നുമാണ് കുഞ്ഞുങ്ങളെ വാങ്ങിയിരുന്നത്. ഈ കുട്ടികളെ 4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വിലയ്ക്ക് വിൽക്കുകയായിരുന്നു.

കുട്ടികളില്ലാത്ത ദമ്പതികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കി കബളിപ്പിച്ചതിലും പ്രതികൾക്ക് പങ്കുള്ളതായി സിബിഐ വെളിപ്പെടുത്തി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളിലൂടെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവരുമായും ഇന്ത്യയിലുടനീളമുള്ള കുട്ടികളില്ലാത്ത ദമ്പതികളുമായും പ്രതികൾ ബന്ധം പുലർത്തിയിരുന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹിയിൽ കുട്ടികളെ കടത്തുന്ന സംഘത്തിൽപ്പെട്ടവരെ സിബിഐ അറസ്റ്റ് ചെയ്തുവരികയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കും സിബിഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ആശുപത്രികളിലും പരിശോധന നടത്തിവരുകയാണ്.