Thu. Dec 19th, 2024

അഴിമതി ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന 25 പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് 2014 മുതൽ ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ നിന്ന് 10 പേർ, എൻസിപിയിൽ നിന്ന് നാല് പേർ, ശിവസേനയിൽ നിന്ന് നാല് പേർ, തൃണമൂൽ കോൺഗ്രസിൽ നിന്ന് മൂന്ന് പേർ, തെലങ്കു ദേശം പാർട്ടിയിൽ നിന്ന് രണ്ട് പേർ, സമാജ്വാദി പാർട്ടിയിൽ നിന്ന് ഒരാൾ, വൈഎസ്ആർ കോൺഗ്രസിൽ നിന്ന് ഒരാൾ എന്നിങ്ങനെയാണ് ഇഡിയെ ഭയന്ന് ബിജെപിയിലേക്ക് പോയത്.

ഇതിൽ 23 പേർക്ക് അവരുടെ രാഷ്ട്രീയ കൂറുമാറ്റം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും രക്ഷപ്പെടുന്നതിന് സഹായിച്ചിച്ചുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

മൂന്ന് കേസുകൾ പൂർണമായും ഇല്ലാതായി. 20 കേസുകൾ സ്തംഭിച്ച അവസ്ഥയിലാണ്.അന്വേഷണ വിധേയരായ നേതാക്കൾ ബിജെപിയിലേക്ക് മാറിയതിനുശേഷം ഇഡിയുടെ അന്വേഷണം നിലച്ചു എന്നതാണ് യാഥാർത്ഥ്യം. ലോക്സഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് ഈ പട്ടികയിലുള്ള ആറ് പേരാണ് ബിജെപിയിൽ ചേർന്നത്.

എൻഡിഎ സർക്കാർ അധികാരത്തിലേറിയതിനു ശേഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ട 95 ശതമാനം നേതാക്കളും പ്രതിപക്ഷത്തുള്ളവരാണെന്ന് 2022ലെ ഇന്ത്യൻ എക്സ്പ്രസിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞു. പാർട്ടി വിട്ട് ബിജെപിയിലെത്തിയാൽ പിന്നെ നേതാക്കൾക്കെതിരെ നിയമനടപടികളുണ്ടാകില്ല. പ്രതിപക്ഷം ഈ പ്രവൃത്തിയെ ‘വാഷിങ്ങ് മെഷീൻ’ എന്നാണ് വിളിക്കുന്നത്. 

അഴിമതി ആരോപണങ്ങളുണ്ടാകുമ്പോൾ പ്രതിപക്ഷ നേതാക്കൾ പാർട്ടി വിടുന്നത് പുതിയ കാര്യമല്ല. 2009ൽ യുപിഎ സർക്കാരിൻ്റെ കാലത്ത് ബിഎസ്പിയിൽ നിന്ന് മായാവതിയും എസ്പിയിൽ നിന്ന് മുലായം സിങ്ങും യുപിഎയിൽ ചേർന്നതോടെ ഇരുവർക്കുമെതിരെയുണ്ടായിരുന്ന അഴിമതി കേസുകൾ ഇല്ലാതായി. 

2022 – 23 വർഷങ്ങളിലെ കേന്ദ്ര ഏജൻസികളുടെ നടപടികൾ ഏറ്റവും കൂടുതൽ സംഭവിച്ചത് മഹാരാഷ്ട്രയിലാണ്. 2022 ൽ ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയിൽ നിന്നും വേർപ്പെട്ട് ബിജെപിയുമായി ചേർന്ന് പുതിയ സർക്കാരുണ്ടാക്കി. ഒരു വർഷത്തിനു ശേഷം അജിത് പവാർ വിഭാഗം എൻസിപിയിൽ നിന്നും വേർപ്പെട്ട് ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് അജിത് പവാറിൻ്റെയും പ്രഫുൽ പട്ടേലിൻ്റെയും പേരിലുണ്ടായിരുന്ന കേസുകൾ അവസാനിച്ചിരുന്നു. ബിജെപിയിൽ ചേർന്ന 25 നേതാക്കളിൽ 12 പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. ഇതിൽ 11 പേർ 2022ലാണ് ബിജെപിയിലേക്ക് പോയത്. 

അജിത് പവാർ മുൻ എംവിഎ സർക്കാരിൻ്റെ ഭാഗമായിരുന്നപ്പോൾ 2020 ഒക്ടോബറിൽ മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിച്ചിരുന്നു. എൻഡിഎ സർക്കാർ ഭരണത്തിലേറിയതിനു ശേഷം വീണ്ടും അന്വേഷണം ആരംഭിക്കുകയും അജിത് പവാർ ബിജെപിയിൽ ചേർന്നതിനുശേഷം അന്വേഷണം അവസാനിപ്പിക്കുകയുമായിരുന്നു. 

ചില കേസുകൾ പേരിന് വേണ്ടി നടത്തിയിരുന്നു. എന്നാൽ അതിനൊന്നും അന്വേഷണ പുരോഗതിയുണ്ടായിട്ടില്ല. 2020ൽ തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയ വെസ്റ്റ് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ നാരദ സ്റ്റിങ്ങ് ഓപ്പറേഷൻ കേസിൽ വിചാരണക്ക് വിട്ടുകിട്ടാനായി 2019 മുതൽ സിബിഐ ശ്രമിക്കുകയാണ്. എന്നാൽ ഇതുവരെയും ലോക്സഭ സ്പീക്കറിൽ നിന്നും അനുമതി ലഭിച്ചിട്ടില്ല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടേയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ്റെയും കേസുകൾ നിലച്ച മട്ടിലാണ്. മുൻ കോൺഗ്രസ് എംപി ജ്യോതി മിർദ, മുൻ ടിഡിപി എംപി വൈഎസ് ചൗധരി തുടങ്ങിയവർ ബിജെപിയിൽ ചേർന്നതിന് ശേഷം ഇവർക്കെതിരെയുള്ള അന്വേഷണം ഇഡി അവസാനിപ്പിക്കുകയായിരുന്നു.

കുറ്റാരോപിതർ പാർട്ടി മാറിയതോടെ കേസുകളുടെ ഗതിയിലുണ്ടായ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെ വേണ്ട നടപടികൾ സ്വീകരിക്കാനാകു എന്നാണ് ഒരു സിബിഐ ഉദ്യോഗസ്ഥൻ മറുപടി നൽകിയതെന്ന് ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. 

2023 ലാണ് എൻസിപി വിഭാഗം ബിജെപിയിൽ ലയിക്കുന്നത്. 2019ൽ മഹാരാഷ്ട്ര സ്റ്റേറ്റ് ബാങ്കിൽ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അജിത് പവാറിനും ശരദ് പവാറിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇഡിയുടെ അന്വേഷണം കോൺഗ്രസ് നേതാക്കളായ ജയന്ദ് പട്ടീൽ, ദിലിപ് റാവോ ദേശ്മുഖ് , എൻസിപിയുടെ ഈശ്വർലാൽ ജെയിൻ, ശിവാജി റാവോ നലവാഡെ  എന്നിവരിലേക്കും നീങ്ങിയിരുന്നു.

എയർ ഇന്ത്യയിൽ നിന്ന് 111 വിമാനങ്ങൾ വാങ്ങിയതിന് മുൻ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ ഇപ്പോൾ സിബിഐയുടെയും ഇഡിയുടേയും അന്വേഷണം നേരിടുകയാണ്. വിദേശ എയർലൈനുകൾക്ക് വേണ്ടി ലാഭകരമായ റൂട്ടുകൾ വിട്ട് നൽകി, വിദേശ നിക്ഷേപങ്ങൾ ഉപയോഗിച്ച് പരിശീലന സ്ഥാപനങ്ങൾ ആരംഭിച്ചു, ലോബിയിസ്റ്റ്(Lobbyist) ദീപക് തൽവാറുമായുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങളാണ്  പ്രഫുൽ പട്ടേലിനെതിരെയുള്ളത്. 

ഒരു സുരക്ഷ സ്ഥാപനവുമായി ബന്ധപ്പെട്ട ഇടപാടിൽ ക്രമക്കേട് നടത്തിയെന്നാരോപണത്തിൽ ശിവസേന വക്താവായിരുന്ന പ്രതാപ് സർനായകിൻ്റെ കമ്പനി ഇഡി റെയ്ഡ് ചെയ്തിരുന്നു. 2021ൽ ഇഡിയുടെ പീഢനം ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെക്ക് പ്രതാപ് സർനായക് കത്തെഴുതിയിരുന്നു. പിന്നീട് ശിവസേന പിളർന്നപ്പോൾ പ്രതാപ് സർനായക് ഷിൻഡെ വിഭാഗത്തോടൊപ്പം ചേരുകയായിരുന്നു. നാഷണൽ സ്പോട്ട് എക്സ്ചെയ്ഞ്ച് കേസിലെ തട്ടിപ്പിൽ പ്രതാപ് സർനായകിനെതിരെ ഇഡി അന്വേഷണം നടത്തുകയാണ്. 

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസിൽ ഇപ്പോഴത്തെ ആസാം മുഖ്യമന്ത്രിയായിരുന്ന ഹിമാന്ത ബിശ്വ ശർമക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. ഗോവയിലെ ജലപദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾക്ക് കൈക്കൂലി നൽകിയെന്നാരോപണത്തിലും ഹിമാന്ത ബിശ്വ ശർമയുടെ പേരുണ്ടായിരുന്നു. എന്നാൽ പിന്നീട് കേസിൻ്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. 

മഹാരാഷ്ട്രയിലെ സർ സേനാപതി സൻതാജി ഗോർപാണ്ഡെ ഷുഗർ ഫാക്ടറിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസിൽ മന്ത്രി ഹസൻ മുഷ്രിഫിനെതിരെ ഇഡി അന്വേഷണം നടന്നിരുന്നു. മൂന്നു തവണ മുഷ്രിഫിൻ്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 2023ൽ ഹസൻ മുഷ്രിഫ് ബിജെപിയിൽ ചേർന്നു. പിന്നീട് റെയ്ഡുകളോ തുടരന്വേഷണങ്ങളോ ഉണ്ടായിട്ടില്ല.

2020ൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവായ ഭാവന ഗവാലിയുടെ വസതിയിൽ 2021ൽ ഇഡിയുടെ റെയ്ഡ് നടന്നിരുന്നു. ഭാവന ഗവാലിയുടെ സഹായിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 2022ൽ ഭാവന ഗവാലി ഷിണ്ഡെ വിഭാഗത്തോടൊപ്പം ബിജെപിയിൽ ചേർന്നു. കേസിൽ പിന്നീട് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 

ഫെമ ആക്ട് ലംഘനവുമായി ബന്ധപ്പെട്ട് ശിവസേന എംഎൽഎ യാമിനി ജാദവിനും ഭർത്താവ് യശ്വന്ദ് ജാദവിനുമെതിരെ ഇഡി അന്വേഷണം നടത്തിയിരുന്നു. 2022ൽ എൻഡിഎയുമായി ചേർന്നതിന് ശേഷം കേസിൽ അന്വേഷണങ്ങൾ നടന്നിട്ടില്ല. 

2018ൽ 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മുൻ ടിഡിപി എംപി സി എം രമേഷിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. 2019ൽ ബിജെപിയുമായി ചേർന്നതിന് ശേഷം കേസിൽ പുരോഗതിയുണ്ടായിട്ടില്ല.

ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് മുൻ പഞ്ചാബ് മുഖ്യ മന്ത്രി അമരീന്ദർ സിങ്ങിൻ്റെ മകൻ രണീന്ദർ സിങ്ങ് 2016 ൽ ഇഡി അന്വേഷണം നേരിട്ടിരുന്നു. 2022ൽ അമരീന്ദർ സിങ്ങ് ബിജെപിയിൽ ചേർന്നതിന് ശേഷം കേസിൽ തുടരന്വേഷണം നടന്നിട്ടില്ല.

2015ൽ മുലായം സിങ്ങ് യാദവിൻ്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സഞ്ജയ് സേത്തിൻ്റെ കമ്പനിയിൽ ഐടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. 2019ൽ സഞ്ജയ് സേത്ത് ബിജെപിയിൽ ചേർന്നു. ശേഷം അന്വേഷണം നടന്നുവെങ്കിലും നടപടികളുണ്ടായില്ല. 

നാരദ സ്റ്റിങ്ങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരിക്കെതിരെ 2017ൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 2020ലാണ് സുവേന്ദു അധികാരി ബിജെപിയിൽ ചേരുന്നത്. തുടർ നടപടിക്കായി സ്പീക്കറിൽ നിന്നും സിബിഐക്ക് അനുമതി ലഭിച്ചിട്ടില്ല.

പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 42 കോടി വായ്പയെടുത്തതിന് 2015ന് വൈഎസ്ആർ കോൺഗ്രസ് എംപി കെ ഗീതയുടെ ഉടമസ്ഥതയിലുള്ള വിശ്വേശ്വര ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.2019ൽ ഗീത ബിജെപിയിൽ ചേരുന്നത്. 2022ൽ  ഗീതയെയും ഭർത്താവ് രാമകോടേശ്വര റാവോയെയും അഞ്ച് വർഷത്തെ തടവ് ശിക്ഷക്ക് പ്രത്യേക കോടതി വിധിച്ചു. പിന്നീട് തെലങ്കാന ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. 

നാരദ സ്റ്റിങ്ങ് ഓപ്പറേഷൻ കേസിലും ശാരദ ചിട്ടി ഫണ്ട് കേസിലും മുൻ കൊൽക്കത്ത മേയറും ടിഎംസി നേതാവുമായിരുന്ന സോവൻ ചാറ്റർജി ഉൾപ്പെട്ടിരുന്നു. 2018ൽ മേയർ സ്ഥാനം രാജിവെച്ച സോവൻ ചാറ്റർജി 2019ലാണ് ബിജെപിയിൽ ചേരുന്നത്. 2021ൽ ബിജെപിയിൽ നിന്നും രാജിവെച്ച  സോവൻ ചാറ്റർജിയെ ആ വർഷം തന്നെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. സോവൻ ചാറ്റർജി ഇപ്പോൾ ജാമ്യത്തിലാണ്. 

അഴിമതിയാരോപണ കേസിൽ 2016നാണ് മഹാരാഷ്ട്ര മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയായ ഛഗൻ ബുജ്ബലിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. രണ്ട് വർഷത്തെ ശിക്ഷക്ക് ശേഷം 2018ൽ കേസിൽ ജാമ്യം ലഭിച്ച ഛഗൻ ബുജ്ബൽ 2023ലാണ് അജിത് പവാർ വിഭാഗത്തിനൊപ്പം ബിജെപിയിൽ ചേരുന്നത്. നിലവിൽ കേസിൽ വിചാരണ നടക്കുകയാണ്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ കോൺഗ്രസ് നേതാവായിരുന്ന കൃപാശങ്കർ സിങ്ങിനെയും മകനെയും 2012 ൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അന്വേഷണം നേരിട്ട കൃപാശങ്കർ സിങ്ങ് 2021ലാണ് ബിജെപിയിൽ ചേരുന്നത്. ഇതോടെ കേസും അവസാനിക്കുകയായിരുന്നു.

മുൻ ഗോവ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ദിഗംമ്പർ കാമത്ത് 2015ലെ ലൂയിസ് ബെർഗർ തട്ടിപ്പ് കേസിൽ ഇഡിയുടെ അന്വേഷണം നേരിട്ടിരുന്നു. 2017ൽ കാമത്തിൻ്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും 2022ൽ ദിഗംമ്പർ കാമത്ത് ബിജെപിയിൽ ചേരുകയുമായിരുന്നു. കേസിൻ്റെ വിചാരണ നടക്കുകയാണ്.

മുംബൈയിലെ ആദർശ് ഹൗസിങ്ങ് സൊസൈറ്റിയിൽ ഫ്ലാറ്റുകൾ അനുവദിച്ച കേസിൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെതിരെ 2012ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2024 ലാണ് അശോക് ചവാൻ ബിജെപിയിൽ ചേരുന്നത്. നിലവിൽ കേസിൻ്റെ വിചാരണ നടക്കുകയാണ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ കോൺഗ്രസ് നേതാവും വ്യവസായിയുമായ നവീൻ ജിൻഡാലിനെതിരെ 2016 – 17ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2024 ൽ നവീൻ ജിൻഡാൽ ബിജെപിയിൽ ചേർന്നു. കേസിൽ ഇഡിയുടെ അന്വേഷണം നടക്കുകയാണ്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന തപസ് റോയിയുടെ വസതി 2024ന് ഇഡി റെയ്ഡ് ചെയ്തിരുന്നു. 2024ൽ ബിജെപിയിൽ ചേർന്ന തപസ് റോയി കൊൽക്കത്തയിലെ  ബിജെപി സ്ഥാനാർത്ഥിയാണ്.

2017ൽ മുൻ കോൺഗ്രസ് നേതാവായിരുന്ന അർച്ചന പട്ടീലിൻ്റെ വസതിയിൽ ഐടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. 2024ലാണ് അർച്ചന പട്ടീൽ ബിജെപിയിൽ ചേരുന്നത്. നിലവിൽ  അർച്ചന പട്ടീലിൻ്റെ പേരിൽ കേസില്ലെന്നാണ് ഐടി ട്രിബ്യൂണൽ അറിയിച്ചിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം നേരിട്ട ഗീത കോഡ 2024ലാണ് ബിജെപിയിൽ ചേരുന്നത്. കോഡക്കെതിരായ മറ്റ് കേസുകളിൽ അന്വേഷണം തുടരുകയാണ്. 

സ്ലം റീഡെവലപ്മെൻ്റ് പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് 2017ൽ എൻസിപി നേതാവ് ബാബ സിദ്ദീഖിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 2024ൽ അജിത് പവാറിൻ്റെ വിഭാഗത്തോടൊപ്പം ബാബ സിദ്ദീഖി ബിജെപിയിൽ ചേർന്നു.

യെസ് ബാങ്ക് കേസിൽ 2020നാണ് കോൺഗ്രസ് നേതാവായിരുന്ന ജ്യോതി മിർദയെ ഇഡി ചോദ്യം ചെയ്യുന്നത്. 2021ൽ ഓഹരി വിപണിയിൽ കൃത്രിമ വിലക്കയറ്റം നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. 2024ലാണ്  ജ്യോതി മിർദ ബിജെപിയിൽ ചേരുന്നത്. 

വായ്പ തട്ടിപ്പ് നടത്തിയതിൻ്റെ പേരിൽ മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ സുചാന ചൗധരി 2018ലാണ് ചൗധരിയുടെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയത്. 2019ൽ സുചാന ചൗധരിയുടെ 315 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. 2019 ൽ സുചാന ചൗധരി ബിജെപിയിൽ ചേർന്നു. നിലവിൽ കേസ് വിചാരണക്ക് വിട്ടിരിക്കുകയാണ്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.