Thu. May 2nd, 2024

2021ൽ ഇന്ത്യയിൽ സൈനിക സ്കൂളുകൾ ആരംഭിക്കുന്നതിന് കോർപ്പറേറ്റുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇന്ത്യയിലുടനീളം 100 സൈനിക സ്കൂളുകൾ തുറക്കണമെന്ന പദ്ധതിയാണ് അന്ന് സർക്കാർ പ്രഖ്യാപിച്ചത്. സ്ഥലം, ഇൻ്റർനെറ്റ് സൗകര്യം, സാമ്പത്തികം, സ്റ്റാഫുകൾ തുടങ്ങിയവയുണ്ടെങ്കിൽ സ്കൂളുകളെ സൈനിക സ്കൂളുകളായി അംഗീകരിക്കും.  അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് അംഗീകാരത്തിനുള്ള മാനദണ്ഡമായി കണക്കാക്കിയിരുന്നത്. ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്തത് സംഘപരിവാർ സ്കൂളുകൾക്കും സംഘപരിവാർ ആശയമുള്ള സ്ഥാപനങ്ങൾക്കുമാണ്. 

40 സൈനിക സ്കൂൾ കരാറുകളിൽ 62 ശതമാനവും ആർഎസ്എസ് സ്കൂളുകൾക്കും ബിജെപി സ്കൂളുകൾക്കുമാണ് നൽകിയത്. സായുധ സേനയിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന പുതിയ പിപിപി(പബ്ലിക്- പ്രൈവറ്റ് പാർട്ടിസിപേഷൻ) മാതൃക ഗുണകരമായി തോന്നുമെങ്കിലും വലതുപക്ഷ പാർട്ടികളിൽ നിന്നുള്ളവരെ കൊണ്ടുവരുന്നത് ആശങ്കകളും  സൃഷ്ടിക്കുന്നുണ്ട്. 

സൈനിക സ്കൂൾ സംവിധാനത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് കോർപ്പറേറ്റുകളെ സൈനിക സ്കൂളുമായി ചേർന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. 2021 ഒക്ടോബർ 12നാണ് നിലവിലെ സൈനിക സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്ന സ്കൂളുകൾ ആരംഭിക്കുന്നതിന് നരേന്ദ്ര മോദി അംഗീകാരം നൽകിയത്. 

16000 കേഡറ്റുകളുള്ള 33 സൈനിക സ്കൂളുകൾ നിയമം വരുന്നതിനു മുൻപ് രാജ്യത്തുണ്ടായിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക് കേഡറ്റുകളെ നൽകുന്നതിൽ സൈനിക സ്കൂളുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 11 ശതമാനം സൈനിക സ്കൂൾ കേഡറ്റുകൾ സായുധ സേനയിൽ ചേർന്നതായി രാജ്യസഭയിൽ സമർപ്പിച്ച കണക്കുകളിൽ പറയുന്നു. 

 ‘പിപിപി ഒരു നല്ല മാതൃകയാണ്. എന്നാൽ ഈ കരാറുകൾ സ്വന്തമാക്കുന്ന ബിജെപിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണെന്നുള്ളത് ആശങ്ക ജനിപ്പിക്കുന്നു’. ജോലിയിൽ നിന്നും വിരമിച്ച മേജർ പറഞ്ഞതായി ദ റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ട് ചെയ്തു. വിവരവാകാശ നിയമങ്ങൾക്ക് ലഭിച്ച മറുപടികൾ പ്രകാരം 2022 മെയ് 5 നും 2023 ഡിസംബർ 27നുമിടയിൽ 40 സ്കൂളുകളാണ് സൈനിക സ്കൂളുമായുള്ള കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്.

ഇതിൽ 11 സ്കൂളുകൾ ബിജെപി രാഷ്ട്രീയ നേതാക്കളുടെ നേരിട്ടുള്ള ഉടമസ്ഥതിയിലുള്ളതോ അവർ അധ്യക്ഷനായ ട്രെസ്റ്റികളുടെ കീഴിൽ പ്രവർത്തിക്കുന്നതോ ആണ്. എട്ട് സ്കൂളുകൾ ആർഎസ്എസിൻ്റെയോ അതിൻ്റെ അനുബന്ധ സംഘടനകളുടെയോ ഉടമസ്ഥതയിലാണ്. ആറ് സ്കൂളുകൾ ഹിന്ദുത്വ സംഘടനകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. അംഗീകാരം ലഭിച്ച സ്കൂളുകളൊന്നും തന്നെ ക്രിസ്ത്യൻ, മുസ്ലിം സംഘടനകളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നവയല്ല.

ഗുജറാത്ത് മുതൽ അരുണാചൽപ്രദേശ് വരെയുള്ള സൈനിക സ്കൂളുകളിൽ വലിയൊരു വിഭാഗം ബിജെപിയുടെ നേരിട്ടുള്ള പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവയാണ്.  അരുണാചൽപ്രദേശിൻ്റെ അതിർത്തിയായ  തവാങ്ങിലുള്ള സൈനിക സ്കൂളാണ് സംസ്ഥാനത്ത് അംഗീകാരം നേടിയിട്ടുള്ള ഒരോയൊരു സ്കൂൾ. മുഖ്യമന്ത്രി പേമ ഖണ്ഡുവിൻ്റെ ഉടമസ്ഥതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഗുജറാത്തിൽ മോത്തിഭായ് ആർ ചൗധരി സാഗർ സൈനിക സ്കൂളിന് അംഗീകാരം ലഭിച്ചിരുന്നു. മുൻ ബിജെപി സെക്രട്ടറി അശോക് കുമാർ ഭാവ്സംഘ്ഭായ്  ചൗധരിക്കാണ് സ്കൂളിൻ്റെ ഉടമസ്ഥാവകാശം. ഉത്തർപ്രദേശിലെ ശകുന്തളം ഇൻ്റർനാഷണൽ സ്കൂൾ പ്രവർത്തിക്കുന്നത് ബിജെപി എംഎൽഎ സരിത ബദൗരിയയുടെ ഉടമസ്ഥതയിലാണ്. ഹരിയാനയിലെ ബാബ മസ്ത്നാഥ് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ ഇപ്പോൾ സൈനിക സ്കൂളാണ്. മുൻ ബിജെപി എംപി മഹന്ദ് ചന്ദ്നാഥാണ് സ്കൂളിൻ്റെ സ്ഥാപകൻ. 

അടുത്തിടെ അംഗീകാരം ലഭിച്ച മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള വിതൽറാവോ വിഖേ പട്ടീൽ സ്കൂളിൻ്റെ അധ്യക്ഷൻ മുൻ കോൺഗ്രസ് എംഎൽഎ രാധാകൃഷ്ണ വിഖേ പട്ടീലാണ്. പട്ടീൽ 2019ൽ ബിജെപിയിൽ ചേർന്നിരുന്നു. അദാനി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ നെല്ലോറ ജില്ലയിലുള്ള അദാനി കമ്മ്യൂണിറ്റി എംപവർ ഫൗണ്ടേഷനു കീഴിലുള്ള അദാനി വേൾഡ് സ്കൂൾ അംഗീകാരം ലഭിച്ച സ്കൂളുകളിൽ ഉൾപ്പെടുന്നു. പുതിയ പിപിപി മോഡൽ നിരവധി ബിജെപി രാഷ്ട്രീയ നേതാക്കൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബിജെപി നേതാക്കൾക്ക് മാത്രമല്ല, ആർഎസ്എസ് സ്ഥാപനങ്ങൾക്കും അതുമായി ബന്ധപ്പെട്ട നിരവധി ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾക്കും സ്വകാര്യ സൈനിക സ്കൂളുകൾ നടത്താനുള്ള അനുമതി നൽകി. ഏഴ് സ്കൂളുകളുടെ നടത്തിപ്പവകാശം ആർഎസ്എസിൻ്റെ വിദ്യാഭ്യാസ ശാഖയായ വിദ്യാഭാരതി അഖിൽ ഭാരതീയ ശിക്ഷാ സൻസ്താൻ എന്നറിയപ്പെടുന്ന വിദ്യാഭാരതിക്കാണ് ലഭിച്ചിരിക്കുന്നത്.

ആർഎസ്എസിൻ്റെ സാമൂഹിക സേവന വിഭാഗമായ രാഷ്ട്രീയ സേവ ഭാരതിയുടെ ശാഖയായ ഭൗസാഹബ് ഭുസ്‌കുതേ സ്മൃതി ലോക് ന്യാസിനും സ്കൂളുകൾ നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

1978ലാണ് ആർഎസ്എസ് വിദ്യാഭാരതി സ്ഥാപിക്കുന്നത്. മുസ്ലീം വിരുദ്ധ പാഠ്യ പദ്ധതികൾ അവതരിപ്പിക്കുന്ന വിദ്യാഭാരതിക്കു കീഴിൽ 12065 സ്കൂളുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ‘ഹിന്ദുത്വ ആശയത്തോട് പ്രതിബദ്ധതയുള്ള, ദേശസ്നേഹമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക’ എന്നാണ് വിദ്യാഭാരതിയുടെ വെബ്സൈറ്റിൽ കുറിച്ചിരിക്കുന്നത്. 

‘ആർഎസ്എസ്, സ്കൂൾ ടെക്സ്റ്റ് ആൻ്റ് മർഡർ ഓഫ് മഹാത്മ ഗാന്ധി: ദ ഹിന്ദു കമ്മ്യൂണൽ പ്രോജക്ട്’  എന്ന പുസ്തകത്തിൽ ഇത്തരം സ്കൂളുകൾക്ക് പ്രതിരോധ മന്ത്രാലയത്തിൽ  നിന്നും സ്പോൺസർഷിപ്പും പിന്തുണയും ലഭിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കാര്യം എഴുത്തുകാരിലൊരാളായ ആദിത്യ മുഖർജി ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനാധിപത്യ രാജ്യത്ത് വിദ്യാഭാരതി പോലുള്ള സ്കൂളുകൾ നിലനിൽക്കാൻ പാടില്ല. അവർ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്നു. ആർഎസ്എസ് സ്ഥാപനങ്ങളെ ദേശീയ സ്ഥാപനങ്ങളുമായി കൂട്ടിയിണക്കുന്നത് രാജ്യത്തിന് അപകടമാണെന്ന് ആദിത്യ മുഖർജി പറഞ്ഞതായി ദ റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ട് ചെയ്യുന്നു.

വിശ്വ ഹിന്ദു പരിഷത്തിൻ്റെ വനിത വിഭാഗമായ ദുർഗ വാഹിനിയുടെ സ്ഥാപകയും ഹിന്ദു രാഷ്ട്രീയ പ്രവർത്തകയുമായ സാധ്വി ഋതംബര നടത്തുന്ന സ്കൂളാണ് വൃന്ദാവനിലുള്ള സംവിദ് ഗുരുകുലം ഗേൾസ് സൈനിക് സ്കൂൾ. ബാബരി മസ്ജിദ് തകർക്കാൻ കാരണമായ രാമക്ഷേത്ര പ്രസ്ഥാനത്തിലെ  ഒരാളായിരുന്നു സാധ്വി ഋതംബര. 

കഴിഞ്ഞ വർഷം ജൂണിൽ സ്കൂളിൽ സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്യാമ്പിൽ സാധ്വി ഋതംബര ഒരു പ്രസംഗം നടത്തിയിരുന്നു. ആചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും ബഹുമാനത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രസംഗത്തിൽ, കോളേജുകളിലും സമൂഹമാധ്യമങ്ങളിലും നിയന്ത്രണമില്ലാതെ പെരുമാറുന്ന പെൺകുട്ടികൾ എന്ന് പറയുന്നുണ്ട്. 

‘കോളേജുകളിൽ നമ്മൾ എന്താണ് കാണുന്നത്? രാത്രി കാലങ്ങളിൽ പെൺകുട്ടികൾ പുകവലിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾ മദ്യക്കുപ്പികൾ പൊട്ടിക്കുന്നു. ബൈക്കുകളിൽ ആൺസുഹൃത്തുക്കളോടൊപ്പം മര്യാദയില്ലാതെ സഞ്ചരിക്കുന്നു. ഇന്ത്യയിലെ പെൺമക്കൾ ഇങ്ങനെ നിയന്ത്രണമില്ലാതെ ജീവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും ചിന്തിച്ചിരുന്നതല്ല. അവർ സമൂഹമാധ്യമങ്ങളിൽ മോശമായ റീലുകളിടുന്നു. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ശരീരം കാണിച്ച് ഫോട്ടോഷൂട്ടുകളെടുക്കുന്നു. ഈ പെൺകുട്ടികൾക്ക് സംസ്കാരമില്ല, അവർ മാനസിക രോഗികളാണ്’,  സാധ്വി ഋതംബര പറഞ്ഞു. 

സാധ്വി ഋതംബരയുടെ വൃന്ദാവനിലുള്ള സ്കൂളും ഹിമാചൽ പ്രദേശിലെ സോളനിലുള്ള രാജ് ലക്ഷ്മി സംവിദ് ഗുരുകുലവും പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക സ്കൂൾ സൊസൈറ്റിയുമായി ഒപ്പുവെച്ച മെമ്മോറാണ്ടാത്തിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തിൽ സൈനിക സ്കൂളുകൾ പ്രവർത്തിക്കുന്ന മാതൃകയെക്കുറിച്ചാണ് പറയുന്നത്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.