ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ബാലറ്റിങ് യൂണിറ്റിനും കൺട്രോൾ യൂണിറ്റിനും ഇടയിൽ പ്രിന്റർ സ്ഥാപിക്കുന്നത് നിലവിലെ തിരഞ്ഞെടുപ്പിലെ അഴിമതികൾക്ക് വഴിയൊരുക്കുമെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
വിവിപാറ്റിൽ എസ്എൽയു ( സിമ്പൽ ലോഡിംഗ് യൂണിറ്റ്) ഉറപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.
1961 ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ ബാലറ്റിങ് യൂണിറ്റിനും കൺട്രോൾ യൂണിറ്റിനും പരസ്പ്പരം നേരിട്ട് ബന്ധപ്പെടണം. ബാലറ്റിങ് യൂണിറ്റിനും കൺട്രോൾ യൂണിറ്റിനുമിടയിൽ വിവിപാറ്റ് പ്രിൻറർ സ്ഥാപിക്കുന്നത് 1961 ലെ 49 എ, 49 ബി (4), 49 ഇ, 49 ടി എന്നീ നിയമങ്ങളുടെ ലംഘനമാണെന്നും ഡിഎംകെ ഹർജിയിൽ പറയുന്നുണ്ട്.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കാനും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായി ബാലറ്റിംഗ് യൂണിറ്റിനും കൺട്രോൾ യൂണിറ്റിനും ഇടയിൽ പ്രിൻ്റർ സ്ഥാപിക്കരുതെന്ന് നിർദേശം നൽകാനും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് ഡിഎംകെ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.