Sat. May 4th, 2024

ന്യൂഡൽഹി: പ്രഭാത അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഭാരത കത്തോലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) തങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. എല്ലാ സ്കൂളുകളിലും സർവമത പ്രാർത്ഥന മുറി സജ്ജമാക്കണമെന്നും ക്രൈസ്തവ ആചാരങ്ങൾ പിന്തുടരാൻ മറ്റ് മതസ്ഥരായ വിദ്യാർത്ഥികളെ നിർബന്ധിക്കരുതെന്നും സിബിസിഐയുടെ പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

ദിവസേനയുള്ള പ്രഭാത അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം കുട്ടികളെക്കൊണ്ട് ചൊല്ലിക്കണമെന്നും സ്ഥാപനത്തിന്റെ മുഖ്യ കവാടത്തിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

കൂടാതെ സ്വാതന്ത്ര്യ സമര സേനാനികൾ, കവികൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ ചിത്രങ്ങൾ സ്കൂളിൽ സ്ഥാപിക്കാനും സ്കൂളുകൾക്ക് സുരക്ഷ കൂട്ടാനും നിർദ്ദേശമുണ്ട്.

അസമിലെ ഒരു സ്കൂളിൽ വൈദികരും കന്യാസ്ത്രീകളും അവരുടെ ഔദ്യോഗിക വേഷത്തിൽ എത്തരുതെന്ന് ഒരു സംഘടന നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിസിഐയുടെ പുതിയ മാർഗനിർദേശമെന്നാണു സൂചന.