Thu. May 2nd, 2024

പട്ന: ലോക്സഭാ സീറ്റുകൾ പണം വാങ്ങി വിറ്റുവെന്നാരോപിച്ച് ചിരാഗ് പാസ്വാന്റെ ​ലോക് ജൻശക്തി പാർട്ടി (എൽ​ജെപി) യി​ൽ നിന്ന് 22 നേതാക്കൾ രാജിവെച്ചു. ജനറൽ സെക്രട്ടറിയും മുൻമന്ത്രിമാരുമടക്കം 22 നേതാക്കളാണ് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് എൻഡിഎയുടെ ഘടകക്ഷിയായ എൽജെപി വിട്ടത്. രാജിവെച്ച നേതാക്കൾ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നും ​പ്രഖ്യാപിച്ചു.

മുൻ മന്ത്രി രേണു കുശ്‌വാഹ, മുൻ എംഎൽഎയും എൽജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാർ, രവീന്ദ്ര സിംഗ്, അജയ് കുശ്‌വാഹ, സഞ്ജയ് സിംഗ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ഡാംഗി തുടങ്ങിയ പ്രമുഖർ ഉൾപ്പടെയുള്ളവരാണ് എൽ​ജെപിയിൽ (രാം വിലാസ്) നിന്നും രാജിവെച്ചത്.

പാർട്ടി പ്രവർത്തകർക്ക് സീറ്റ് നൽകുന്നതിന് പകരം പണം വാങ്ങി പുറത്തുള്ളവർക്ക് സീറ്റ് നൽകിയതായി പാർട്ടി വിട്ട മുൻ എംപി രേണു കുശ്‌വാഹ പറഞ്ഞു. വിമത എൽജെപി നേതാക്കൾ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്ന് പാർട്ടി വിട്ട സതീഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി എൽജെപി മത്സരിച്ച 6 സീറ്റുകളിലും വിജയിച്ചിരുന്നു. വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളിൽ അഞ്ച് മണ്ഡലങ്ങളിലാണ് എൽ​ജെപി (രാം വിലാസ്) മത്സരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്.