Mon. Dec 23rd, 2024

കാസര്‍ഗോഡ്‌: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർഎസ്എസുകാരെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകരായ കേളുഗുഡെയിലെ അജേഷ്, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കാസര്‍ഗോഡ്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വെറുതെ വിട്ടത്.

റിയാസ് മൗലവിയെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി ആർഎസ്എസ് സംഘം കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. 2017 മാര്‍ച്ച് 20 നാണ് സംഭവം നടന്നത്. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ വിധി പറയുന്നത് പല തവണ മാറ്റിയിരുന്നു. ആദ്യം വിധി പറയാനിരുന്നത് ഈ വർഷം ഫെബ്രുവരി 29നായിരുന്നു. പിന്നീട് മാർച്ച് ഏഴ്, മാർച്ച് 20 തീയതികളിലേക്ക് വിധി പറയാനിരുന്നത് മാറ്റിയിരുന്നു. മൗലവി കൊല്ലപ്പെട്ട് 90 ദിവസം പിന്നിടുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

2019 ൽ കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചു. പലതവണ മാറ്റി വെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.

ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡിഎന്‍എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.