Mon. Dec 23rd, 2024

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് നിരവധി വാഗ്ദാനങ്ങളാണ് ബിജെപി തങ്ങളുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്ഥിരം വരുമാനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാക്കുമെന്നായിരുന്നു അതിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. 

ഇന്ത്യയിലെ  മിനിമം വേതനത്തിൽ 42 ശതമാനം ഉയർച്ചയുണ്ടായിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ബഹുത്വ കർണാടകയുടെ റിപ്പോർട്ട് പ്രകാരം 2011 മുതൽ 2022 വരെ സ്ഥിരം വരുമാനക്കാരുടെ ശരാശരി പ്രതിവാര വേതനത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടായിട്ടില്ല. 

2011ൽ സ്ഥിരം വേതനക്കാരനായ പുരുഷന് ലഭിച്ചിരുന്ന ശരാശരി വേതനം 3000 രൂപയാണ്. അതേസമയം, സ്ത്രീക്ക് ലഭിച്ചിരുന്നത് 2000 രൂപയാണ്. 2022ൽ സ്ഥിരം വേതനക്കാരനായ പുരുഷന് ലഭിച്ച ശരാശരി വരുമാനം 2791 രൂപയും സ്ത്രീക്ക് ലഭിച്ച ശരാശരി വരുമാനം 2135  രൂപയുമാണ്. 

2017ലെ കണക്കുകൾ പ്രകാരം സ്വയം തൊഴിൽ ചെയ്യുന്ന, നഗരത്തിൽ താമസിക്കുന്ന പുരുഷന് പ്രതിവാരം 2800 രൂപയാണ് ലഭിച്ചിരുന്നത്.  ഗ്രാമത്തിൽ താമസിക്കുന്ന പുരുഷന്  ലഭിച്ചിരുന്നത് 1500 രൂപയാണ്. നഗരത്തിൽ താമസിക്കുന്ന സ്ത്രീക്ക് 1000 രൂപയിൽ കൂടുതൽ മാത്രമാണ് ലഭിച്ചിരുന്നത്. ഗ്രാമത്തിലേക്ക് വരുമ്പോൾ 500 രൂപയിൽ കൂടുതലാണ് സ്ത്രീകൾക്ക് ലഭിച്ചിരുന്നത്. എന്നാൽ 2022ൽ വേതനനിരക്കിൽ ഉയർച്ചയുണ്ടായി. സ്വയം തൊഴിൽ മെച്ചപ്പെട്ടതായി തോന്നുമെങ്കിലും യാഥാർത്ഥത്തിൽ ഉയർന്ന വേതനമുള്ള സാമൂഹിക സുരക്ഷയുള്ള ജോലികൾ കുറയുകയും ജനങ്ങൾ കുറഞ്ഞ വേതനമുള്ള  സ്വയം തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുകയുമാണുണ്ടായതെന്ന് സിറ്റിസൺ ഫോറത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

വേതന നിരക്ക് പരിശോധിക്കുന്നതിനായി അനൂപ് സത്പതിയുടെ നേതൃത്വത്തിൽ 2019ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച കമ്മിറ്റി, ഇന്ത്യയിലെ മിനിമം വേതനം പ്രതിദിനം 375 രൂപയാക്കി ഉയർത്തണമെന്ന് അറിയിച്ചിരുന്നു. ഓരോ വ്യക്തിക്കും കൃത്യമായ ആഹാരം ഉറപ്പാക്കാൻ കഴിയുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയിരുന്നത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലേറിയാൽ ഇന്ത്യയിലെ മിനിമം വേതനം 400 രൂപയാക്കി ഉയർത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു.

ബഹുത്വ റിപ്പോർട്ട് പ്രകാരം സ്ഥിരം വരുമാനക്കാരായ തൊഴിലാളികളിൽ രണ്ടിൽ ഒരാൾക്കും സ്ഥിരവരുമാനം ലഭിക്കാത്ത തൊഴിലാളികളായ പത്തിൽ ഒൻപത് പേർക്കും സ്വയം തൊഴിൽ ചെയ്യുന്ന അഞ്ചിൽ മൂന്ന് പേർക്കും ഉറപ്പാക്കിയിരിക്കുന്ന മിനിമം വേതനത്തിലും കുറവാണ് ലഭിക്കുന്നത്. ഇന്ത്യയിൽ ഏകദേശം 30 കോടി ജനങ്ങൾ ദേശീയ മിനിമം വേതനെത്തേക്കാൾ കുറവാണ് സമ്പാദിക്കുന്നതെന്ന് ബഹുത്വ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ 83 ശതമാനം യുവാക്കളും തൊഴിൽരഹിതരായതെങ്ങനെയെന്ന് ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെൻ്റിൻ്റെയും സമീപകാല റിപ്പോർട്ടിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും  ജോലി ലഭിക്കാത്ത യുവാക്കളുടെ എണ്ണം 2000ത്തിൽ 35.2 ശതമാനമായിരുന്നെന്നും 2022ൽ 65.7 ശതമാനമായി വർദ്ധിച്ചുവെന്നും 2024ലെ ഇന്ത്യ എംപ്ലോയ്മെൻ്റ് റിപ്പോർട്ടിൽ പറയുന്നു.

അനാരോഗ്യവും വിദ്യാഭ്യാസക്കുറവുമുള്ള ഒരാൾക്ക് സാമ്പത്തിക ഉൽപാദനക്ഷമതയുണ്ടാകില്ലെന്നും ബഹുത്വ റിപ്പോർട്ടിൽ പറയുന്നുണ്ട്. വേതനക്കുറവും അസമത്വവും ഭരണഘടന വിരുദ്ധമാണെന്നും സാമ്പത്തിക വളർച്ചയെ ഇല്ലാതാക്കുന്നുവെന്നും വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രശ്നപരിഹാരത്തിനുള്ള കുറച്ച് മാനദണ്ഡങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്.

  1. എല്ലാവർക്കും ഭക്ഷണത്തിനുള്ള അവകാശം
  2. വേതനമുള്ള ജോലിയും കൃത്യമായി വേതനം ലഭിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം
  3. സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യസംരക്ഷണത്തിനുള്ള അവകാശം
  4. സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം
  5. പെൻഷനുകൾക്കുള്ള അവകാശം

റിപ്പോർട്ട് പ്രകാരം ജിഡിപിയുടെ 10 ശതമാനം സാമൂഹിക സുരക്ഷക്കുവേണ്ടി മാറ്റിവെക്കേണ്ടി വരും. 2024ലെ ബജറ്റിൽ ഉച്ചഭക്ഷണം, സംയോജിത ശിശുവികസന സേവനങ്ങൾ, പ്രധാനമന്ത്രി മാതൃ വന്ദന യോജന, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ പദ്ധതികൾക്കായി മൊത്തം ജിഡിപിയുടെ 0.40 ശതമാനം മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. 

സാമൂഹിക സുരക്ഷക്കുവേണ്ടി സാമ്പത്തിക നികുതി രണ്ട് ശതമാനവും ഇൻഹെറിറ്റൻസ് നികുതി 33.3 ശതമാനവും ഉയർത്തണമെന്നും ബഹുത്വ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള ചോദ്യത്തിന് ‘തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ സർക്കാരിന് പരിമിതിയുണ്ടെന്നും ഇത്തരം സാമൂഹിക വെല്ലുവിളികളെ പരിഹരിക്കാനാകുമെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നുമാണ്’  രാജ്യത്തിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വര നൽകിയ മറുപടി. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.