Wed. Dec 18th, 2024

ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ കൂട്ടത്തിൽ ഇടം പിടിച്ച അപൂർവ്വം ബാങ്കർമാരിൽ ഒരാളായിരുന്നു ഉദയ് കൊടക്. തൻ്റെ ബാങ്കിലെ ഓഹരി, കേന്ദ്രം നിശ്ചയിച്ചിരുന്ന വിഹിതത്തിൽ കൂടുതലാണെന്ന കാരണത്താൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യമേഖല ബാങ്കായ കൊടക് മഹീന്ദ്ര ഒരു ദശാബ്ദത്തിലേറെയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി തർക്കത്തിലായിരുന്നു.

2018 ഡിസംബറിൽ കോടതി വരെ എത്തിയ തർക്കം 2020 ജനുവരിയിൽ കൊടക് മഹീന്ദ്രയുടെ ആവശ്യം അംഗീകരിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. റിസർവ് ബാങ്കുമായുള്ള ഒത്തുതീർപ്പിൻ്റെ സമയത്ത് ഇലക്ടറൽ ബോണ്ട് വഴി 35 കോടി രൂപ ബിജെപിക്ക് നൽകിയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്. ഇതിൽ 10 കോടി രൂപ ഒത്തുതീർപ്പ് നടക്കുന്നതിന് മുൻപ് കൊടുത്തുവെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.

കൊടക് മഹീന്ദ്ര ഗ്രൂപ്പിൻ്റെ മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി 32 മാസത്തേക്കു കൂടി ഉദയ് കൊടകിനെ അനുവദിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കുന്നതിന് മൂന്നാഴ്ച മുൻപ്,  2021 ഏപ്രിലിൽ കൊടക് ഗ്രൂപ്പിൻ്റെ സ്ഥാപനമായ ഇൻഫിന ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 25 കോടി രൂപ ഇലക്ടറൽ ബോണ്ടായി ബിജെപിക്ക് നൽകിയിരുന്നു.

റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുംബൈ ആസ്ഥാനമായുള്ള നോൺ ബാങ്കിങ്ങ് ഫിനാൻഷ്യൽ സ്ഥാപനമാണ് ഇൻഫിന ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്.  കൊടക് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇൻഫിന ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. 

റേറ്റിങ്ങ് ഏജൻസിയായ കെയർ റേറ്റിങ്ങിൻ്റെ റിപ്പോർട്ട് അനുസരിച്ച്  കൊടക് കുടുംബത്തിന് ഇൻഫിന ഫിനാൻസിൽ  50.01 ശതമാനം ഓഹരിയുണ്ട്. ബാക്കിയുള്ള 49.99 ശതമാനം ഉദയ് കൊടക് ഡറക്ടറായ മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡിൻ്റെ കൈവശമാണ്. ഇൻഫിന ഫിനാൻസിൽ നിന്നും ഇലക്ടറൽ ബോണ്ട് വഴി 60 കോടി രൂപ വാങ്ങിയ ഒരേയൊരു പാർട്ടിയാണ് ബിജെപി. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും കമ്പനി പണം സംഭാവന ചെയ്തിട്ടില്ല.

2013 ഫെബ്രുവരിയിൽ ഒരു സ്വകാര്യ ബാങ്കിലെ പ്രൊമോട്ടറുടെ ഓഹരി 15 ശതമാനമാക്കി നിയന്ത്രിച്ചു കൊണ്ടുള്ള മാർഗനിർദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 2003 ലാണ് കൊടക് മഹീന്ദ്ര ഫിനാൻസ് ലിമിറ്റഡിന് റിസർവ് ബാങ്ക് ബാങ്കിങ്ങ് ലൈസൻസ് നൽകുന്നത്. റിസർവ് ബാങ്കിൻ്റെ മാർഗനിർദേശങ്ങളുടെ ഭാഗമായി 2013ൽ 44.96 ശതമാനമായിരുന്ന ഓഹരി 2015 ഓടെ 15 ശതമാനമാക്കി കുറച്ചു. 2015ൻ്റെ അവസാനത്തിൽ പ്രൊമോട്ടർ ഗ്രൂപ്പിന് ബാങ്കിൽ ഇപ്പോഴും 40.02 ശതമാനം ഓഹരിയുള്ളതായി തെളിഞ്ഞു. 

2017 ഫെബ്രുവരിയിൽ കൊടക് മഹീന്ദ്രയുടെ ഓഹരി ഘട്ടങ്ങളായി കുറക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. തുടർന്ന് 2017 ജൂൺ 30 ഓടെ 30 ശതമാനം, 2018 ഡിസംബർ 31 ഓടെ 20 ശതമാനം 2020 മാർച്ച് 31 ഓടെ 15 ശതമാനം എന്നിങ്ങനെയായി ഓഹരി കുറച്ചു.

2017 മെയിൽ ഓഹരി വിഹിതം 29.79 ശതമാനമായി കുറച്ച ബാങ്ക് 2018 ഓഗസ്റ്റിൽ ഓഹരി 19.7 ശതമാനമായി കുറക്കാമെന്ന് ആർബിഐയെ അറിയിച്ചിരുന്നു. ഓഹരി വിഹിതം വിൽക്കുന്നതിലൂടെയല്ല, മറിച്ച് ഓഹരിവിപണി ഉടമകൾക്ക് വിതരണം ചെയ്യുന്നതിന് മുൻപ് ലാഭവിഹിതം സ്വീകരിക്കാൻ നിക്ഷേപകരെ അനുവദിക്കുന്ന നോൺ ക്യുമിലേറ്റീവ് പ്രിഫറൻസ് ഷെയറുകളിലൂടെയാണ് അത് പ്രാവർത്തികമാക്കുന്നതെന്നും കൊടക് ബാങ്ക് അറിയിച്ചു. 

എന്നാൽ ഇത് റിസർവ് ബാങ്ക് നിരസിക്കുകയായിരുന്നു. നാല് മാസങ്ങൾക്ക് ശേഷം വിഷയം കോടതിയിലെത്തുകയും തുടർന്ന് രണ്ട് ബാങ്കുകളും തമ്മിൽ നടത്തിയ പല കൈമാറ്റങ്ങളും പുറത്തുവരികയും ചെയ്തു. 13 മാസങ്ങൾക്കു ശേഷം ഓഹരി 15 ശതമാനമായി കുറക്കണമെന്നതിൽ ഇളവ് വരുത്തി ആറ് മാസത്തിനുള്ളിൽ 26 ശതമാനമാക്കി കുറക്കാമെന്ന് രണ്ട് ബാങ്കുകളും തീരുമാനിക്കുകയായിരുന്നു.

മാസങ്ങൾക്ക് ശേഷം ദ വയറിൽ വന്ന റിപ്പോർട്ടിൽ, ‘ബാങ്കിങ്ങ് നിയന്ത്രണത്തിൻ്റെ ചരിത്രത്തിലെ വിചിത്രമായ അധ്യായം‘എന്നാണ് സ്വതന്ത്ര റിസർച്ച് അനലിസ്റ്റായ ഹെമീന്ദ്ര ഹസാരി സംഭവത്തെക്കുറിച്ച് എഴുതിയത്. ഈ ഒത്തുതീർപ്പിൽ വിജയം ഉദയ് കൊടകിനായിരുന്നുവെന്നും റിപ്പോർട്ടിൽ  ഹെമീന്ദ്ര ഹസാരി പറയുന്നു.

2020 ജൂണിൽ റിസർവ് ബാങ്ക് മറ്റൊരു മാർഗനിർദേശം കൊണ്ടുവന്നു. ഒരു ബാങ്കിൻ്റെ സിഇഒ അല്ലെങ്കിൽ മുഴുവൻ സമയ ഡയറക്ടറായി തുടരുന്ന പ്രൊമോട്ടറുടെ കാലാവധി 10 വർഷമായി കുറക്കണമെന്നായിരുന്നു അത്. ഉദയ് കൊടക് 17 വർഷമായി കൊടക് മഹീന്ദ്രയുടെ സിഇഒ ആയിരുന്നു. എന്നാൽ റിസർവ് ബാങ്കിൻ്റെ നിർദേശം പരിഗണനയിലിരിക്കെ തന്നെ കേന്ദ്ര ബാങ്ക് ഉദയ് കൊടകിന് മൂന്ന് വർഷം കൂടി സമയം നീട്ടിനൽകുകയായിരുന്നു.പിന്നീട് റിസർവ് ബാങ്ക് തീരുമാനത്തിൽ മാറ്റം വരുത്തുകയും 12 മുതൽ 15 വർഷം വരെ കാലാവധി പൂർത്തിയാക്കിയ മാനേജിങ്ങ് ഡയറക്ടർക്കോ മുഴുവൻ സമയ പ്രൊമോട്ടർക്കോ അവരുടെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കൊടക് ഗ്രൂപ്പ് ബിജെപിക്ക് പണം നൽകിയതിനു പിന്നാലെയായിരുന്നു ആർബിഐയുടെ മാറ്റം. 2023 സെപ്റ്റംബർ ഒന്നിനാണ് ഉദയ് കൊടക് കൊടക് മഹീന്ദ്ര ബാങ്കിൻ്റെ മാനേജിങ്ങ് ഡറക്ട്ർ സ്ഥാനത്തുനിന്നും രാജി വെക്കുന്നത്. ബാങ്കിൽ കൊടകിൻ്റെ ഓഹരി 25.71 ശതമാനമായി തുടരുകയും ചെയ്യുന്നു.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.