Fri. Jan 3rd, 2025

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് വെബ് പോർട്ടൽ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തക്കെതിരെ ഡൽഹി പോലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. 8000 പേജ് അടങ്ങുന്ന കുറ്റപത്രമാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡല്‍ഹി പട്യാല കോടതിയില്‍ സമര്‍പ്പിച്ചത്. ന്യൂസ് പോർട്ടലിൻ്റെ എഡിറ്റർമാർ, സഹസ്ഥാപകർ, ജീവനക്കാർ എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

അമേരിക്കന്‍ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ നെവില്‍ റോയ് സിംഗത്തില്‍ നിന്ന് ന്യൂസ് ക്ലിക്കിന് വേണ്ടി പണം വാങ്ങിയെന്നാണ് പ്രബീര്‍ പുരകാസ്തയ്ക്കെതിരെയുള്ള ആരോപണം.

ചൈന അനുകൂല പ്രചാരണം നടത്തുന്നതിന് വലിയ തോതിലുള്ള ഫണ്ട് ഇന്ത്യയിലടക്കം ലോകമെമ്പാടും വിതരണം ചെയ്യപ്പെടുന്നുവെന്ന് യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. തുടർന്ന് ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി പോലീസ് ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുരകായസ്തയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് 45 ദിവസത്തിനുശേഷം യുഎപിഎ നിയമപ്രകാരം പുരകായസ്തയെ അറസ്റ്റ് ചെയ്തതിരുന്നു. ഇതിനൊപ്പം നൂറോളം കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് നടന്ന മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ ന്യൂസ് ക്ലിക്കിലെ 46 മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും 300 ലേറെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.