ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക.
2017 – 18 മുതൽ 2020 – 21 വരെയുള്ള വർഷങ്ങളിലെ നികുതി പുനർനിർണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തുള്ള കോൺഗ്രസിന്റെ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി.
അനുബന്ധ രേഖകൾ ഒന്നും വെക്കാതെയാണ് നോട്ടീസ് കൈമാറിയിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ആദായ നികുതി വകുപ്പിന്റെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് പ്രതികരിച്ചു.
നേരത്തെ, 2014 – 15 മുതൽ 2016 – 17 വരെയുള്ള പുനര്‍നിർണയം ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.