Sat. May 4th, 2024

ചാലക്കുടി: നര്‍ത്തകി സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. സത്യഭാമ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് രാമകൃഷ്ണന്‍ ചാലക്കുടി ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതിയിലുള്ളത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പോലീസ് വ്യക്തമാക്കി.

അടുത്തിടെയാണ് നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ ജാതീയമായി അധിക്ഷേപിച്ചത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞിരുന്നു. രാമകൃഷ്ണന് സൗന്ദര്യമില്ലെന്നും പെറ്റ തള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ അഭിമുഖത്തിൽ പറയുന്നുണ്ട്.

സത്യഭാമയുടെ അധിക്ഷേപത്തെ തുടർന്ന് ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്നും സത്യഭാമ മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു.