2004ൽ നിലവിൽ വന്ന ഉത്തർപ്രദേശിലെ മദ്രസ നിയമം ഭരണഘടന വിരുദ്ധമാണെന്നും മതേതരത്വം എന്ന ആശയത്തിന് എതിരാണെന്നും വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. മദ്രസകൾ അടച്ചുപൂട്ടണമെന്നുള്ള കോടതി ഉത്തരവ് വന്നതോടെ 10,000 മദ്രസ അധ്യാപകരുടെയും 26 ലക്ഷം വിദ്യാർത്ഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
മദ്രസ വിദ്യാർത്ഥികളെ സർക്കാർ സ്കൂളുകളിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കാനും ആദിത്യനാഥ് സർക്കാരിനോട് കോടതി ഉത്തവ് നൽകി. ആവശ്യമെങ്കിൽ സ്കൂളുകളിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സ്കൂളുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ജസ്റ്റിസ് വിവേക് ചൗധരിയും ജസ്റ്റിസ് വിദ്യാർത്തിയും അടങ്ങുന്ന ബെഞ്ച് മാർച്ച് 22 പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കോടതി ഉത്തരവിനെ ശക്തമായി എതിർക്കുന്നുവെന്ന് മദ്രസ അസോസിയോഷനുകൾ വ്യക്തമാക്കി.
ഉത്തർപ്രദേശിൽ 16,513 അംഗീകൃത മദ്രസകളാണുള്ളത്. അതിൽ 560 മദ്രസകൾ സർക്കാരിൻ്റെ സഹായയത്തോടെ പ്രവർത്തിക്കുന്നവയാണ്. 8400 മദ്രസകൾ അംഗീകാരം ലഭിക്കാതെ പ്രവർത്തിക്കുന്നവയാണ്.
ഹൈക്കോടതിയുടെ ഈ ഉത്തരവ് അംഗീകൃത മദ്രസകളിൽ പഠിക്കുന്ന 19. 5 ലക്ഷം വിദ്യാർത്ഥികളെയും അംഗീകാരമില്ലാത്ത മദ്രസകളിൽ പഠിക്കുന്ന ഏഴ് ലക്ഷം വിദ്യാർത്ഥികളെയും ബാധിക്കുമെന്ന് ഉത്തർപ്രദേശ് മദ്രസ ബോർഡ് ചെയർമാൻ ഇഫ്തിഖർ അഹമ്മദ് ജാവേദ് പറഞ്ഞതായി ദ വയർ റിപ്പോർട്ട് ചെയ്യുന്നു.
മദ്രസ വിദ്യാഭ്യാസം, ആറ് മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസമെന്ന ഭരണഘടന അവകാശത്തെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
‘മറ്റ് മതത്തിലുള്ള കുട്ടികൾക്ക് ലഭിക്കുന്ന ആധുനിക വിദ്യാഭ്യാസം മദ്രസ വിദ്യാർത്ഥികൾക്ക് ലഭിക്കാത്തത് ആർട്ടിക്കിൾ 21 എ പ്രകാരം ഭരണഘടനവിരുദ്ധമാണ്. കുറഞ്ഞ ഫീസിൽ പരമ്പരാഗത വിദ്യാഭ്യാസം നൽകുന്നുവെന്ന ന്യായം പറഞ്ഞ് ഈ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
അൻഷുമാൻ സിങ്ങ് റാത്തോർ എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മദ്രസകളിലെ 1 മുതൽ 12 ക്ലാസുകളിലെ സിലബസ് പരിശോധിച്ച ഹൈക്കോടതി, മദ്രസകളിൽ നൽകുന്ന വിദ്യാഭ്യാസം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൽകുന്ന വിദ്യാഭ്യാസത്തിന് തുല്യമല്ലെന്നും ഗുണമേന്മയില്ലാത്തതാണെന്നും അറിയിച്ചു.
മദ്രസകളിലെ 1 മുതൽ 8 വരെയുള്ള ക്ലാസുകളിൽ ഭാഷാപഠനത്തിനോടൊപ്പം ഇസ്ലാം മതപഠനവും നിർബന്ധമാണ്. മതപഠന വിഷയത്തിൽ വിജയിച്ചില്ലെങ്കിൽ തുടർ ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് കടക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
മദ്രസകൾ മതവിദ്യാഭ്യാസം മാത്രം നൽകുന്ന സ്ഥാപനങ്ങളല്ലെന്നും യാതൊരുവിധ ഗ്രാൻ്റും അതിനുവേണ്ടി സ്വീകരിക്കുന്നില്ലെന്നും ആൾ ഇന്ത്യ ടീച്ചേഴ്സ് അസോസിയേഷൻ , മദ്രസ അറേബ്യയുടെ ദേശീയ ജനറൽ സെക്രട്ടറി വാഹിദുള്ള ഖാൻ പറഞ്ഞു.
പൗരസ്ത്യ ഭാഷകളായ അറബിക്, പേർഷ്യൻ, സംസ്കൃതം തുടങ്ങിയവയ്ക്ക് മാത്രമാണ് ഗ്രാൻ്റ് ലഭിക്കുന്നതെന്നും വേദിക് സ്കൂളുകൾ സർക്കാരിനു കീഴിലും മദ്രസകൾ 1996 മുതൽ ന്യൂനപക്ഷ വകുപ്പിന് കീഴിലും പ്രവർത്തിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളുവെന്നും വാഹിദുള്ള ഖാൻ പറഞ്ഞു.
ഞങ്ങൾ ആധുനിക വിദ്യാഭ്യാസവും പഠനത്തിൽ ഉൾപ്പെടുത്തുന്നു. മാത്രമല്ല ഹിന്ദുക്കളായ അധ്യാപകരും കുട്ടികളും വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുന്നുണ്ടെന്നും വാഹിദുള്ള ഖാൻ കൂട്ടിച്ചേർത്തു.
മദ്രസ അധ്യാപകരുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് ഹൈക്കോടതി മൗനം പാലിക്കുന്നത് ഞങ്ങളിൽ ഭയമുണ്ടാക്കുന്നുണ്ടെന്ന് അധ്യാപകനും ടീച്ചേഴ്സ് അസോസിയോഷൻ മാദാരിസ് അറേബിയയുടെ സോണൽ കോർഡിനേറ്ററുമായ ഫയാസ് അഹമ്മദ് മിഷ്ബാഹി പറഞ്ഞതായി വയർ റിപ്പോർട്ട് ചെയ്യുന്നു.
2018ൽ ഉത്തർപ്രദേശ് സർക്കാർ മദ്രസ ബോർഡിൽ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ എൻസിആർടി പുസ്തകങ്ങൾ അവതരിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം ഉത്തർപ്രദേശിൽ മദ്രസകൾ പ്രവർത്തിച്ചിരുന്നു. 1969 ലാണ് സർക്കാർ ആദ്യമായി യുപിയിൽ അറബിക്,പേർഷ്യൻ മദ്രസകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൊണ്ടുവരുന്നത്. തുടർന്ന് 1987ൽ മദ്രസകളുടെ നിയന്ത്രണത്തിനായി നോൺ സ്റ്റാറ്റ്യൂട്ടറി നിയമങ്ങളുണ്ടാക്കുകയും 1995ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുകയും ചെയ്തു. ശേഷം 2004 ലാണ് മദ്രസ നിയമം നിലവിൽ വരുന്നത്.