Wed. Dec 18th, 2024

കൊവിഡ് മഹാമാരിയുടെ സമയത്ത് ഏറ്റവും കൂടുതൽ വിറ്റുപോയ ഡോളോ-650 എന്ന മരുന്നിൻ്റെ ഉത്പാദകരാണ് മൈക്രോ ലാബ് ലിമിറ്റഡ്. കർണാടക ആസ്ഥാനമായുള്ള ഈ ഫാർമസ്യൂട്ടിക്കൽ കമ്പനി ഇലക്ടറൽ ബോണ്ട് വഴി സിക്കിം ക്രാന്തികാരി മോർച്ച എന്ന രാഷ്ട്രീയ പാർട്ടിക്ക് നൽകിയത് ഏഴ് കോടി രൂപയാണ്. സിക്കിമിലാണ് മൈക്രോ ലാബിൻ്റെ ഏറ്റവും വലിയ നിർമാണ പ്ലാൻ്റ്  സ്ഥിതിചെയ്യുന്നത് . 

പ്രോജക്ട് ഇലക്ടറൽ ബോണ്ടിൻ്റെ വിശകലന റിപ്പോർട്ട് പ്രകാരം 35 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സംഭാവന ചെയ്ത 945 കോടി രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകളുടെ ഗുണഭോക്താക്കൾ അതത് കമ്പനികളുടെ  നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണപാർട്ടികളാണ്. 

സംസ്ഥാന സർക്കാരുകളും മരുന്ന് കമ്പനികളും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വലിയ മരുന്ന് കമ്പനികൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം അവർക്ക് ആവശ്യമാണെന്നും  പ്രതിപക്ഷ പാർട്ടികളോ തദ്ദേശീയരോ ജലമലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുന്നയിച്ചാൽ കമ്പനി ഉടമകൾക്ക് അതിനെ നേരിടാൻ ഭരണപാർട്ടികളുടെ പിന്തുണ വേണമെന്നും കൊച്ചിയിലെ സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിൻ്റെ ചെയർമാനും സ്ഥാപകനുമായ ധനുരാജ് ഡി പറഞ്ഞതായി സ്ക്രോൾ റിപ്പോർട്ട് ചെയ്തു. 

മരുന്ന് കമ്പനികളുടെ നിർമാണ യൂണിറ്റുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് മാത്രമേ മരുന്നുകളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ കമ്പനികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനാകു എന്നതും പ്രധാനമാണ്. 

ഇലക്ടറൽ ബോണ്ടിൽ സംഭാവന നൽകിയ ഏഴ് കമ്പനികൾ മരുന്നുകളുടെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി മാർച്ച് 18ന് പുറത്തുവിട്ട സ്ക്രോളിൻ്റെ റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 21ന് പുറത്തുവന്ന പുതിയ റിപ്പോർട്ട് പ്രകാരം ഈ ഇലക്ടറൽ ബോണ്ടുകളുടെ പ്രധാന പങ്കും ഉപയോഗിച്ചിരിക്കുന്നത് മരുന്ന് കമ്പനികളുടെ നിർമാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളാണ്.

കുറഞ്ഞത് 11 രാഷ്ട്രീയ പാർട്ടികളെങ്കിലും മരുന്ന് കമ്പനികളിൽ നിന്ന് ഇലക്ടറൽ ബോണ്ട് സ്വീകരിച്ചതായി വിവരങ്ങൾ സൂചിപ്പിക്കുന്നു. സിക്കിം ക്രാന്തകാരി മോർച്ച നാല് കമ്പനികളിൽ നിന്നും 25.5 കോടി രൂപ സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഭാരത് രാഷ്ട്ര സമിതി 14 കമ്പനികളിൽ നിന്നും സ്വീകരിച്ചത് 328.5 കോടി രൂപയാണ്. 2023 ഡിസംബറിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതിന് മുൻപ് വരെ മരുന്ന് കമ്പനികളുടെ കേന്ദ്രമായിരുന്ന തെലങ്കാന ഭരിച്ചിരുന്നത് ഭാരത് രാഷ്ട്ര സമിതിയായിരുന്നു.

മരുന്ന് നിർമാതാക്കളിൽ നിന്ന് ഭാരതീയ ജനത പാർട്ടി സ്വീകരിച്ച തുക 394 കോടി രൂപയാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പണം എത്തിയിട്ടുള്ളത്. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചത് 140 കോടി രൂപയാണ്. 

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതോടെ കൂടുതൽ പണം ബിജെപിക്ക് ലഭിക്കാൻ തുടങ്ങി. 2023 നവംബർ 13ന് റെഡ്ഡീസ് ലാബിലെ ഒരു ജീവനക്കാരൻ്റെ വീട്ടിൽ ഇഡിയുടെ റെയ്ഡ് നടന്നിരുന്നു. തുടർന്ന് നവംബർ 17 ന് കമ്പനി 21 കോടി രൂപ ഇലക്ടറൽ ബോണ്ടായി സംഭാവന ചെയ്യുകയായിരുന്നു. ഇതിൽ 10 കോടി ബിജെപിക്കും 11 കോടി രൂപ അന്ന് ഹിമാചൽ പ്രദേശിലെ ഭരണപാർട്ടിയായ കോൺഗ്രസിനുമാണ് ലഭിച്ചത്. 

2022 ഒക്ടോബറിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിനെ തുടർന്ന്  ആറ് കോടി രൂപ മൈക്രോ ലാബ്സ് ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് സംഭാവന ചെയ്തിരുന്നു. മയക്കുമരുന്ന് നിയന്ത്രണ ഉദ്യോഗസ്ഥരിൽ നിന്ന് നോട്ടീസ് ലഭിച്ചതിന് ശേഷം രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യുന്നതാണ് മറ്റൊരു രീതി. 

ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ പണം സംഭാവന ചെയ്തത് ഗുജറാത്ത് ആസ്ഥാനമായുള്ള ടൊറൻ്റ് ഫാർമയാണ്. 61 കോടി രൂപയാണ് കമ്പനി ബിജെപിക്ക് നൽകിയത്. 2019ൽ കമ്പനിയുടെ ഗുജറാത്തിൽ പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റുകളിൽ നിർമിച്ചിരുന്ന രക്ത സമ്മർദ്ദത്തിൻ്റെ മരുന്നിൽ കാർസിനോജൻ കണ്ടെത്തിയതിനെ തുടർന്ന് യുഎസ് ഡ്രഗ് ആൻ്റ് അഡ്മിനിസ്ട്രഷൻ കമ്പനിക്ക് താക്കീത് നൽകിയിരുന്നു. ആ വർഷം കമ്പനി സംഭാവന ചെയ്ത 12.5 കോടി രൂപയിൽ 11.5 കോടി രൂപ നൽകിയത് ബിജെപിക്കായിരുന്നു.

2018നും 2023നുമിടയിൽ മരുന്നുകളുടെ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി ടൊറൻ്റ് ഫാർമക്ക് ഫുഡ് ആൻ്റ് അഡ്മിനിസ്ട്രേഷൻ നാല് തവണയാണ് നോട്ടീസ് അയച്ചത്. 

മറ്റൊരു അന്വേഷണം നടന്നത് ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ഹെൽത്ത് കെയറിനെതിരെയായിരുന്നു. 2022 ഒക്ടോബറിൽ കമ്പനി 18 കോടി രൂപയാണ് ബിജെപിക്ക് സംഭാവന ചെയ്തത്. 

മരുന്നുകളുടെ ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ മാത്രമല്ല ഭൂമി വിഹിതം, പാരിസ്ഥിതിക അംഗീകാരം തുടങ്ങിയ ആവശ്യങ്ങൾക്കും കമ്പനി സംസ്ഥാന സർക്കാരുകളെ ആശ്രയിക്കാറുണ്ട്. ഫാർമ വ്യവസായികൾ നേരിട്ടോ അല്ലാതെയോ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.