Wed. Jan 22nd, 2025

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സായുധ സേനകള്‍ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്‌സ്പ പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിന് നല്‍കുമെന്ന് ജമ്മു കശ്മീർ മീഡിയാ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

“സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിന് നല്‍കാന്‍ പദ്ധതിയുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ നേരത്തെ ജമ്മു കശ്മീർ പോലീസിൽ വിശ്വാസമില്ലായിരുന്നു. ഇപ്പോള്‍ അവര്‍ ശക്തരാണ്.”, അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിലെ വിവിധ സംഘടനകളും വ്യക്തികളും അഫ്സ്പ പിൻവലിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്നാണ്‌ കേന്ദ്ര സർക്കാർ ഈ വിഷയം പരിഗണിക്കാൻ തീരുമാനിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70% മേഖലകളിൽ നിന്നും അഫ്സ്പ പിൻവലിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുമ്പ് നടക്കും. ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണെന്നും അത് നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.