Sat. Jan 18th, 2025

കർണാടക: കർണാടകയിലെ കല്യാണ രാജ്യ പ്രഗതി പക്ഷ പാർട്ടി നേതാവ് ജി ജനാർദ്ദന റെഡ്ഡി വീണ്ടും ബിജെപിയിൽ ചേർന്നു. റെഡ്ഡി തന്റെ കല്യാണ രാജ്യ പ്രഗതി പക്ഷ പാർട്ടിയെ ബിജെപിയുമായി ലയിപ്പിക്കുകയും ചെയ്തു. ഒരു സ്ഥാനവും പ്രതീക്ഷിക്കാതെയാണ് ബിജെപിയിൽ ചേർന്നതെന്ന് ജനാർദ്ദന റെഡ്ഡി പറഞ്ഞു.

“ഞാൻ ഇന്ന് എന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു. നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാൻ ബിജെപി പ്രവർത്തകനായി ഞാൻ പ്രവർത്തിക്കും. ഒരു വ്യവസ്ഥകളുമില്ലാതെയാണ് ബിജെപിയിൽ ചേർന്നത്. എനിക്ക് ഒരു സ്ഥാനങ്ങളും വേണ്ട.”, ജനാർദ്ദന റെഡ്ഡി പറഞ്ഞു.

ജനാർദ്ദന റെഡ്ഡിയുടെ ഭാര്യയും രാഷ്ട്രീയ പ്രവർത്തകയുമായ അരുണ ലക്ഷ്മിയും ബിജെപിയിൽ ചേർന്നതായാണ് റിപ്പോർട്ട്.
ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെയും ബിജെപി സംസ്ഥാന പ്രസിഡൻറ് ബിവൈ വിജയേന്ദ്രയും സാന്നിധ്യത്തിലാണ് ജനാർദ്ദന റെഡ്ഡിയും ഭാര്യയും അംഗത്വം സ്വീകരിച്ചത്.

“ജി ജനാർദ്ദന റെഡ്ഡിയും ഭാര്യയും ബിജെപിയിൽ ചേർന്നു. ഇത് പാർട്ടിയെ ശക്തിപ്പെടുത്തും. 28 ലോക്സഭാ മണ്ഡലങ്ങളിലും ഞങ്ങൾ ജയിക്കും.”, യെദ്യൂരപ്പ പറഞ്ഞു.