Mon. Dec 23rd, 2024

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറത്തിറക്കിയ ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. ആരാണ് അതിഷിക്ക് കത്ത് നൽകിയതെന്നും എപ്പോഴാണ് നൽകിയതെന്നതിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.

ജലവിഭവ വകുപ്പിലെ നടപടിക്കായി കഴിഞ്ഞ ദിവസമാണ് കെജ്‌രിവാൾ നിർദേശം നൽകിയത്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അധിക ജല ടാങ്കറുകൾ വിന്യസിക്കാനും അഴുക്ക് ചാലുകളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാനുമായിരുന്നു കത്തില്‍ നിർദേശിച്ചിരുന്നത്. പേപ്പറിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലുള്ള കത്തായിരുന്നു ആം ആദ്മി പാർട്ടി പുറത്തുവിട്ടത്.

കെജ്‌രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയൽ കമ്പ്യൂട്ടറോ, പേപ്പറോ, അനുബന്ധ സാധനങ്ങളോ ഇല്ലെന്ന് ഇഡി വ്യക്തമാക്കി. ഇഡി കസ്റ്റഡിയില്‍ കെജ്‌രിവാളിനെ വിടുമ്പോള്‍ ഭാര്യ സുനിത കെജ്‌രിവാളിനും പഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനും വൈകീട്ട് ആറിനും ഏഴിനും ഇടയിൽ അരമണിക്കൂർ കെജ്‌രിവാളിനെ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ സന്ദർശന സമയത്താണോ കത്തിൽ ഒപ്പിട്ട് നൽകിയതെന്നും ഇഡി അന്വേഷിക്കുന്നുണ്ട്.

വ്യാഴാഴ്ചയാണ് മദ്യനയക്കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 28 വരെ കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു.