Tue. Nov 5th, 2024

ന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം 2024 ലെ ആദ്യ 75 ദിവസത്തിനിടെ ക്രിസ്ത്യാനികൾക്കെതിരായ 161 ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

റിപ്പോർട്ട് പ്രകാരം ജനുവരിയില്‍ മാത്രം 70 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരിയിൽ 62 ഉം മാർച്ച് ആദ്യ പകുതിയിൽ 29 ഉം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കൂടുതലും മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ്.

ക്രിസ്ത്യാനികൾക്ക് ഛത്തീസ്‌ഗഢിൽ കുടിവെള്ളം പോലും നിഷേധിക്കുന്നുണ്ട്. മതപരമായ മരണാനന്തര ചടങ്ങുകൾ അനുവദിക്കുന്നില്ലെന്നും ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ നടത്താൻ നിർബന്ധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 47 സംഭവങ്ങളാണ് ഛത്തീസ്‌ഗഢിൽ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിസ്ത്യാനികൾ ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഛത്തീസ്ഗഢ്.

രണ്ടാം സ്ഥാനത്തുള്ള ഉത്തർപ്രദേശില്‍ 36 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതലും വ്യാജ കേസാണ്. ജന്മദിനാഘോഷ പരിപാടികൾ വരെ മതപരിവർത്തന ചടങ്ങായി തെറ്റിദ്ധരിപ്പിച്ച് കേസെടുത്തു. യുപിയിൽ ഭരണകൂടം സ്പോൺസർ ചെയ്ത നടപടികളാണ് അരങ്ങേറുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യുപി ഫ്രീഡം ഓഫ് റിലീജിയൻ ആക്റ്റ് (യുപി എഫ്ഒആര്‍എ) പോലുള്ള നിയമങ്ങളുടെ ദുരുപയോഗം 30 ലധികം പാസ്റ്റർമാരെ അറസ്റ്റ് ചെയ്യുന്നതിനും തടങ്കലിലാക്കുന്നതിനും കാരണമായെന്ന് യുസിഎഫ് പറയുന്നു.

മധ്യപ്രദേശ് 14 സംഭവങ്ങൾ, ഹരിയാന 10 സംഭവങ്ങൾ, രാജസ്ഥാൻ 9 സംഭവങ്ങൾ, ജാർഖണ്ഡ് 8 സംഭവങ്ങൾ, കർണാടക 8 സംഭവങ്ങൾ എന്നിവയാണ് ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ നേരിടുന്ന മറ്റ് സംസ്ഥാനങ്ങൾ. ഇന്ത്യയിലുടനീളമുള്ള 19 സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികൾക്കെതിരായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.