Mon. Dec 23rd, 2024

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി എംഎൽഎ കേതൻ ഇനാംദാർ രാജിവെച്ചു. മനസിന്റെ ഉള്ളിൽ നിന്ന് വന്ന തീരുമാനമാണെന്നും ആത്മാഭിമാനത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്നും കേതൻ ഇനാംദാർ പറഞ്ഞു. സ്പീക്കര്‍ ശങ്കര്‍ ചൗധരിക്കാണ് കേതൻ ഇനാംദാർ രാജിക്കത്ത് നല്‍കിയത്.

തന്‍റെ നീക്കം സമ്മർദ്ദതന്ത്രമല്ലെന്നും വരാനിരിക്കുന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ വഡോദര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രഞ്ജൻ ഭട്ടിന്‍റെ വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും കേതൻ ഇനാംദാർ പറഞ്ഞു.

2020 ജനുവരിയില്‍ കേതന്‍ ഇനാംദാര്‍ രാജികത്ത് നല്‍കിയിരുന്നുവെങ്കിലും ഗവര്‍ണര്‍ രാജി സ്വീകരിച്ചിരുന്നില്ല. ഗുജറാത്ത് സർക്കാറിലെ മന്ത്രിമാരും സീനിയർ ഉദ്യോഗസ്ഥരും അവഗണിക്കുന്നതായി ആരോപണമുയർത്തിയായിരുന്നു കേതന്‍ ഇനാംദാര്‍ അന്ന് രാജി വെക്കാനൊരുങ്ങിയത്.

“മുതിർന്ന പ്രവർത്തകരെയും സാധാരണ പ്രവർത്തകരെയും പാർട്ടി വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് ഞാൻ ഏറെക്കാലമായി പറയുന്ന കാര്യമാണ്. ഇക്കാര്യം ഞാൻ നേതൃത്വത്തെയും അറിയിച്ചിരുന്നു. 2020ൽ രാജിസന്നദ്ധത അറിയിച്ചപ്പോൾ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ആത്മാഭിമാനത്തേക്കാൾ വലുതല്ല ഒന്നും. ഇത് കേവലം കേതൻ ഇനാംദാറിന്‍റെ മാത്രം ശബ്ദമല്ല. എല്ലാ പാർട്ടി പ്രവർത്തകരുടെയും ശബ്ദമാണ്.”, ഇനാംദാർ പറഞ്ഞു.

കേതൻ ഇനാംദാറാർ വഡോദര ജില്ലയിലെ സാവ്‌ലിയില്‍ നിന്നും മൂന്ന് തവണ എംഎൽഎയായിട്ടുണ്ട്.

ഗുജറാത്ത് നിയമസഭയില്‍ 182 സീറ്റില്‍ 156 സീറ്റുകളാണ് ബിജെപിക്കുള്ളത്. മെയ് ഏഴിനാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്.