Sat. Jan 18th, 2025

ന്യൂ ഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) ജമാ എംഎൽഎയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയുമായ സീത സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സീത സോറന്റെ രാജി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ദെ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് സീത സോറന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും എന്നാല്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അങ്ങനെ ചെയ്യേണ്ടി വരുമെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം സീത സോറന്‍ പ്രതികരിച്ചു. ജെഎംഎം സ്ഥാപകന്‍ ഷിബു സോറന്റെ മൂത്ത മകന്‍ ദുര്‍ഗാ സോറന്റെ ഭാര്യയാണ് സീത സോറന്‍.

അതേസമയം, യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവും ഇന്ന് ബിജെപിയിൽ ചേർന്നു. തരൺജിത് സിങ് പഞ്ചാബിലെ അമൃത്സറിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ദെ, തരുൺ ചുഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് തരൺജിത് സിങ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. ഇലക്ട്രോണിക് വ്യാവസായിക രംഗത്ത് ഇന്ത്യയുടെ വികസനം തുടരണമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് തരൺജി സിങ് പറഞ്ഞു.