Wed. Nov 6th, 2024

ന്യൂ ഡൽഹി: ഹിമാചൽ പ്രദേശിലെ ആറ് വിമത കോണ്‍ഗ്രസ് എംഎൽഎമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അയോഗ്യരാക്കിയ എംഎൽഎമാരെ വോട്ട് ചെയ്യാനും നിയമസഭാ നടപടികളിൽ പങ്കെടുക്കാനുമുള്ള അനുമതിയും കോടതി നിഷേധിച്ചു.

ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയില്‍ കോടതി ഹിമാചൽ സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

വിഷയത്തില്‍ നാലാഴ്ചക്കകം മറുപടി നൽകാനാണ് കോടതി നിർദേശം. ഹര്‍ജി മെയ് ആറിനുശേഷം വീണ്ടും പരിഗണിക്കും.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് കൂറുമാറി വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനുമാണ് ആറ് എംഎൽഎമാരെ അയോഗ്യരാക്കിയത്.

ഹിമാചലിൽ കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന ഏക രാജ്യസഭാ സീറ്റാണ് ഹർഷൻ മഹാജൻ എന്ന ബിജെപി സ്ഥാനാർത്ഥിയെ പിൻതുണച്ചതിന്റെ പേരിൽ നഷ്ടപ്പെട്ടത്. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ അഭിഷേഖ് മനു സിങ്‌വിയാണ് പരാജയപ്പെട്ടത്.