Thu. May 2nd, 2024

ന്യൂ ഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിർദേശം. ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാനാണ് ഉത്തരവിട്ടിരിക്കുന്നത്.

കൂടാതെ, പശ്ചിമ ബംഗാൾ ഡിജിപിയെയും മിസോറാമിലെയും ഹിമാചൽ പ്രദേശിലെയും ജനറൽ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാരെയും മാറ്റാന്‍ നിര്‍ദേശമുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി അടുത്ത ബന്ധമുള്ള ഡിജിപി രാജീവ് കുമാറിനെയാണ് മാറ്റാൻ ഉത്തരവിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ മൂന്ന് വർഷം പൂർത്തിയാക്കുകയോ സ്വന്തം ജില്ലയിൽ ഉള്ളവരോ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിച്ചിട്ടുണ്ട്.

മുൻപും ബംഗാൾ ഡിജിപിമാരെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാറ്റിയിട്ടുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമായിരുന്നു മുന്‍പ് മാറ്റിയിരുന്നത്.

ഏപ്രിൽ 19 നും ജൂൺ 1 നും ഇടയിൽ ഒന്നര മാസത്തേക്ക് നീണ്ടുനിൽക്കുന്ന ഏഴ് ഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ ഉത്തരവ്.