Tue. Nov 5th, 2024

ന്യൂ ഡല്‍ഹി: 2019 ഏപ്രിൽ 12 മുതലുള്ള ഇലക്ടറല്‍ ബോണ്ട് എല്ലാ വിവരങ്ങളും എസ്ബിഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി. വിവരങ്ങള്‍ മറച്ചുവെക്കരുതെന്നും ആൽഫാ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളും പുറത്ത് വിടണമെന്നും കോടതി നിർദേശിച്ചു. വ്യാഴാഴ്ചക്കകം എല്ലാ വിവരങ്ങളും എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം.

വിവരങ്ങള്‍ കൈമാറിയ ശേഷം എല്ലാ വിവരങ്ങളും പുറത്തുവിട്ടെന്ന് വ്യക്തമാക്കി വ്യാഴാഴ്ചക്കകം എസ്ബിഐ ചെയര്‍മാന്‍ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വിവരങ്ങൾ ലഭിച്ചാലുടനെ തിരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.

എസ്ബിഐക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. ‘ഓരോ വിവരങ്ങളും പുറത്തുവിടാൻ ഞങ്ങളോട് പറയൂ, അപ്പോൾ ഞങ്ങൾ പുറത്തുവിടാം’ എന്നാണ് എസ്ബിഐയുടെ സമീപനമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമർശിച്ചു.

കോടതിയുടെ ഇന്നത്തെ വിധിയോടെ ബോണ്ട് നമ്പറുകൾ കൈമാറാൻ എസ്ബിഐ നിർബന്ധിതരായിരിക്കുകയാണ്. നമ്പറുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ചെന്ന് അറിയാം.

ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെ​ബ്രു​വ​രി 15 നാണ് സുപ്രീംകോടതി റദ്ദാക്കിയത്. കഴിഞ്ഞ ദിവസം എസ്ബിഐ കൈമാറിയ ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചിരുന്നു. എസ്ബിഐ കൈമാറിയ രേഖകള്‍ പൂര്‍ണമല്ലാത്തതിനെ തുടര്‍ന്നാണ്‌ കോടതിയുടെ ഇന്നത്തെ വിധി.