ഒരാള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ പോകുന്നുണ്ടെങ്കില്‍ ബാക്കി എല്ലാവരും അറിയും. ഉടനെ ഞങ്ങളെ വിളിച്ച് എല്ലാവരും തെറിവിളിക്കും. ‘നിനക്കൊക്കെ പറ്റിയത് മറ്റവന്‍ ആണല്ലേടീ’ എന്നോക്കോ ചോദിച്ചവര്‍ ഉണ്ട്. മെമ്പര്‍മാരുടെ ടോര്‍ച്ചര്‍ വേറെ.
വര്‍ഷങ്ങളായി ആശ വര്‍ക്കര്‍മാര്‍ സമൂഹത്തിനിടെ പ്രവര്‍ത്തിച്ചിട്ടും കൊവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതുവരെ അവരുടെ മൂല്യം ആരും ശരിക്കും അംഗീകരിച്ചിരുന്നില്ല. അതുവരെ ആര്‍ക്കും പരിചിതമല്ലാത്ത ഒരു മഹാമാരി ലോകമെമ്പാടും പടര്‍ന്നു പിടിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഒന്നും നോക്കാതെ ആശമാര്‍ പ്രവര്‍ത്തന സജ്ജരായി ഇറങ്ങി.
ബന്ധങ്ങളില്‍ നിന്നും ഒറ്റപ്പെട്ട മനുഷ്യര്‍ക്ക് ധൈര്യവും കരുത്തും പകര്‍ന്ന്, പ്രവാസികളെ ചേര്‍ത്തുപിടിച്ച് അവരെ പരിചരിച്ചത് ആശാ പ്രവര്‍ത്തകരാണ്. ആരോഗ്യ മേഖല തന്നെ അന്ധാളിച്ചു നിന്നപ്പോള്‍ മരുന്നുകളും സഹായങ്ങളുമായി ആശമാര്‍ കൊവിഡ് രോഗികളുടെ വീടുകളിലേയ്ക്ക് ഓടി. വാഹന സൗകര്യം ഇല്ലാതിരുന്നിട്ട് കൂടി തന്റെ സേവനം നിര്‍വഹിക്കാതിരിക്കാന്‍ ആശമാര്‍ക്ക് കഴിഞ്ഞിട്ടില്ല. പല ആശമാരും മനുഷ്യരെ പരിപാലിക്കുന്നതോടൊപ്പം തന്നെ വളര്‍ത്തു മൃഗങ്ങളേയും പരിപാലിച്ചു.
റേഷന്‍ കടയില്‍ ക്യൂ നിന്നും പലചരക്ക് കട തുറക്കുന്ന സമയം നോക്കി സാധങ്ങള്‍ വാങ്ങിയും വീടുകളില്‍ എത്തിച്ചു. മലം, മൂത്രം അടക്കം ശേഖരിച്ച് ടെസ്റ്റുകള്‍ക്ക് കൊണ്ടുപോയി. കിട്ടുന്ന 6000 രൂപ തികയാതെ വന്നപ്പോള്‍ സ്വര്‍ണം പണയം വെച്ചും കടം വാങ്ങിയും ആളുകളെ സഹായിച്ചു. പലരെയും മരണത്തില്‍ നിന്നും തിരിച്ചു കൊണ്ടുവന്നു. പല മരണങ്ങള്‍ക്കും സാക്ഷികളായി. ഭയത്തില്‍ നിസ്സഹായരായ മനുഷ്യരുടെ ഫോണ്‍ വിളികള്‍ക്ക് യാതൊരു മടിയും കൂടാതെ ഉത്തരം നല്‍കി, അവരെ ആശ്വസിപ്പിച്ചു. കൊവിഡ് പിടിപെട്ട് കിടന്നിടത്ത് നിന്നും ഫോണിലൂടെ ആളുകളെ വാക്‌സിനേഷന് വേണ്ടി എത്തിച്ചു.
ഇതുകൊണ്ടൊക്കെയാണ് ആശമാരെ ആരോഗ്യരംഗത്തെ മുന്‍നിര പോരാളികളെന്ന് വിശേഷിപ്പിച്ചത്. ജനങ്ങളുടെ ആക്ഷേപവും തെറി വിളികളും കേട്ട് കൊവിഡ് മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ ഓരോ ആശയും പ്രയത്‌നിച്ചത് കേവലം ജോലിയോടുള്ള ആത്മാര്‍ഥതകൊണ്ട് മാത്രമല്ല, മറിച്ച് ഓരോ സ്ത്രീയിലും ഊറിക്കിടക്കുന്ന മനുഷ്യത്വം കൊണ്ടുകൂടിയാണ്.
എന്നാല്‍ കൊവിഡ് ഭയം മാറിയത് മുതല്‍, നിസ്വാര്‍ത്ഥരായ ഈ തൊഴിലാളികളെ ഉദ്യോഗസ്ഥരും സര്‍ക്കാരും സൗകര്യപൂര്‍വ്വം മറന്നു. ജനത്തില്‍ ഭൂരിഭാഗം പേര്‍ക്കും പക്ഷേ ആ മറവി ബാധിച്ചില്ല. അവര്‍ ആശമാരെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തി. എന്നാല്‍ ചില മനുഷ്യര്‍ ആശമാരുടെ സേവനത്തെ മറന്ന് അധികാര പ്രയോഗങ്ങളും നടത്തി. കൊവിഡ് കാലത്തെ ആശമാരുടെ അധ്വാനത്തെയും സേവനത്തെയും അവര്‍ നേരിട്ട വെല്ലുവിളികളെയും അപമാനങ്ങളെലയും കൊവിഡിന് ശേഷം നേരിട്ട അവഗണനകളെയും മുന്‍നിര്‍ത്തി കൂടിയാണ് ആശ വര്‍ക്കര്‍ ജോലി മനുഷ്യത്വത്തെ ചൂഷണം ചെയ്യുന്ന തൊഴിലാണെന്ന് പറയാനുള്ള മറ്റൊരു കാരണം.
‘കൊവിഡിന് ശേഷം ഞങ്ങള്‍ താരങ്ങളാണ്. നേരത്തെ ഞങ്ങള്‍ ഒരു വീട്ടില്‍ കയറി ചെല്ലുമ്പോള്‍ ആശ എന്താണെന്ന് വിവരിച്ചു കൊടുക്കണമായിരുന്നു. കൊവിഡിനു ശേഷം അത് വേണ്ട. എല്ലാവര്‍ക്കും ഞങ്ങളെ അറിയാം. എന്നാല്‍ കൊവിഡിന്റെ സമയത്ത് ഞങ്ങള്‍ ശരിക്കും കഷ്ടപ്പെട്ടു. അന്നു രാത്രിയും പകലും ഇല്ലാതെ ഞങ്ങള്‍ പണിയെടുത്തു. ഏതു പാതി രാത്രിയ്ക്കും വിളിച്ചാലും ഞങ്ങള്‍ വീടുകളിലേയ്ക്ക് പോകുമായിരുന്നു. എല്ലാരും വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ ഞങ്ങളും പൊലീസും മാത്രമായിരുന്നു റോഡില്‍ ഉണ്ടായിരുന്നത്. കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഏതു സമയത്തും ജോലി എടുക്കാന്‍ ഞങ്ങള്‍ക്കായത്.
എന്‍സിഡി രോഗികള്‍ക്ക് ആശുപത്രികളില്‍ പോയി മരുന്ന് വാങ്ങി കൊടുത്തിരുന്നത് ഞങ്ങളാണ്. ഓട്ടോറിക്ഷാ കാശും മറ്റു ബുദ്ധിമുട്ടുകളും സഹിച്ചാണ് ഞങ്ങളിത് ചെയ്തത്. കൊവിഡ് ടെസ്റ്റ് എടുക്കാനും ഞങ്ങാളാണ് സഹായിച്ചത്. റേഷന്‍, പാല്, പലചരക്ക്, മീന് എന്തിന് പൂച്ചക്ക് വരെ ഞങ്ങള്‍ ഉണക്ക മീന്‍ വാങ്ങി കൊടുത്തിട്ടുണ്ട്. ഈ യാത്രകള്‍ക്കുള്ള പൈസ എല്ലാം ഞങ്ങള്‍ സ്വന്തമായാണ് കണ്ടെത്തിയത്. കൊവിഡിന്റെ അതേസമയത്ത് വെള്ളപ്പൊക്കവും ഉണ്ടായി. കഴുത്തു വരെയുള്ള വെള്ളത്തിലൂടെ നീന്തിയാണ് കൊവിഡ് രോഗികള്‍ക്ക് സഹായം എത്തിച്ചത്. ബിഗ്ഷോപ്പറും ചാക്കുമായാണ് ഞങ്ങള്‍ ആളുകള്‍ക്കുള്ള മരുന്നുകള്‍ വാങ്ങാന്‍ പോയിരുന്നത്. അത്രയും രൂക്ഷമായിരുന്നു കൊവിഡ് ഇവിടെ.
ഞങ്ങള്‍ കൊവിഡും കൊണ്ടാണോ വരുന്നത് എന്നുവരെ പറഞ്ഞവര്‍ ഉണ്ട്. കൊവിഡ് രോഗിയെ കൊണ്ടുപോകുന്ന വഴി എല്ലാം ബ്ലീച്ചിംഗ് പൗഡര്‍ ഇട്ടാണ് തേച്ച് കഴുകിയിരുന്നത്. മനുഷ്യരെ പോലെ മൃഗങ്ങളെയും ഞങ്ങള്‍ പരിപാലിച്ചിട്ടുണ്ട്. കട തുറക്കുന്ന സമയം നോക്കി ക്യൂ നിന്നാണ് പലര്‍ക്കും വീട്ടു സാധനങ്ങള്‍ വാങ്ങിച്ചു കൊടുത്തിരുന്നത്. ആ സമയത്ത് ഞങ്ങളുടെ കയ്യില്‍ പൈസ ഒന്നും ഇല്ലായിരുന്നു. സ്വര്‍ണം പണയം വെച്ച് വരെ ഞങ്ങള്‍ ആളുകള്‍ക്കുള്ള സേവനം ചെയ്തു. കൊവിഡ് കാലത്തെ സേവനത്തിന് 1000 രൂപയാണ് ആകെ കിട്ടിയത്. ജനങ്ങള്‍ ഞങ്ങളെയും ഞങ്ങളുടെ തൊഴിലിനേയും അംഗീകരിച്ചു. ജനങ്ങള്‍ക്ക് അറിയാം ഞങ്ങള്‍ എന്തൊക്കെയാണ് അവര്‍ക്ക് വേണ്ടി ചെയ്തത് എന്ന്.”, ‘നായരമ്പലം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറയുന്നു.
”കൊവിഡിന്റെ സമയത്ത് ശരിക്കും ഞങ്ങള്‍ ബുദ്ധിമുട്ടി. രോഗികളെ നോക്കണം, വാക്‌സിന്‍ വന്നതോടെ അത് കൂടുതല്‍ തലവേദനയായി. ഓരോ പ്രായം അനുസരിച്ചും രോഗങ്ങള്‍ അനുസരിച്ചും വാക്‌സിന്‍ ലിസ്റ്റ് തയ്യാറാക്കണം. വാക്‌സിന്‍ എടുക്കാന്‍ ആളുകളെ തെരഞ്ഞെടുക്കണം. അപ്പൊ ആളുകളില്‍ നിന്നുള്ള വിമര്‍ശനവും വേറെ. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകള്‍ക്കാണ് വാക്‌സിന്‍ കൊടുക്കുന്നത് എന്നുവരെ പറഞ്ഞവര്‍ ഉണ്ട്. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളുകള്‍ ആയിരുന്നു ഞങ്ങള്‍. എന്നാല്‍ അതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് തന്നിട്ടില്ല.”, നായരമ്പലം പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.
”കൊവിഡ് സമയത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുത്തത് എന്റെ വാര്‍ഡില്‍ ആണ്. പാതിരാത്രി പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഒക്കെ സ്ലോട്ട് ബുക്ക് ചെയ്താണ് വാക്‌സിന്‍ എടുക്കാന്‍ ആളുകളെ കൊണ്ട് പോയിരുന്നത്. ഒരു സമയത്ത് ഇവിട ഒന്നും വാക്‌സിന്‍ ഇല്ല. ആലപ്പുഴയില്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ. രണ്ട് മൂന്നു തവണയായി ഒരു സെന്ററില്‍ കൂടുതല്‍ സ്ലോട്ടുകള്‍ ഉള്ളതായി കണ്ടെത്തി. ആളുകളോട് വിളിച്ച് ആലപ്പുഴ പോകുന്ന കാര്യം പറഞ്ഞു. ബസ് ബുക്ക് ചെയ്ത് പിറ്റേ ദിവസം രാവിലെ 49 പേരെ കൊണ്ട് ഞാനും മെമ്പറും കൂടി ആലപ്പുഴയില്‍ പോയി.
കൊവിഡ് കാലത്ത് കുടുംബത്തെ മറന്നുള്ള പ്രവര്‍ത്തനം ആയിരുന്നു ഞങ്ങളുടേത്. പേടിച്ച് വീട്ടില്‍ ഇരിക്കാന്‍ കഴിയില്ലല്ലോ. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ക്ലാസുകളില്‍ പോകുമ്പോള്‍ ഞങ്ങള്‍ പറയും ആദ്യം കൗണ്‍സിലിംഗ് ഞങ്ങള്‍ക്കാണ് തരേണ്ടത് എന്ന്. ആ വിധത്തില്‍ ആയിട്ടുണ്ട് ഇപ്പോള്‍. പല കാര്യങ്ങളും മറന്നുപോകും. വീട്ടുകാരെ പോലും മറന്നുപോയിട്ടുണ്ട്. കൊവിഡ് കാലത്ത് റിലെ പോയ ആളുകളെ പോലെ ആയിരുന്നു നടന്നിരുന്നത്. ടെന്‍ഷന്‍ ഒഴിഞ്ഞ സമയം ഉണ്ടായിരുന്നില്ല. ആളുകളുടെ പിണക്കം, വാക്‌സിന്റെ കാര്യങ്ങള്‍ എല്ലാം നോക്കണം. പോരാത്തതിന് വീട്ടിലെ കാര്യങ്ങളും. കഞ്ഞിയും കറികളും ഒക്കെ യാന്ത്രികമായി വെച്ചിട്ടായിരുന്നു ഞങ്ങള്‍ പോയിരുന്നത്. അതിനുള്ള അംഗീകാരം ജനങ്ങള്‍ തന്നിട്ടുണ്ട്.”, പള്ളിപ്പുറം പഞ്ചായത്തിലെ മിനി പറഞ്ഞു.
”കൊവിഡ് സമയത്ത് ജനങ്ങളില്‍ ഇന്നും ഞങ്ങള്‍ക്ക് ഒരുപാട് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ രോഗിയെ ഏതു ആശുപത്രിയിലേയ്ക്കാണ് കൊണ്ടുപോയതെന്ന് അറിയാന്‍ അവരുടെ വീട്ടുകാര്‍ വിളിക്കുന്നത് നമ്മളെയാണ്. ഡോക്ടര്‍മാര്‍ പോലും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ഞങ്ങള്‍ക്ക് എങ്ങനെയാണ് ഇവരെയൊക്കെ ഏത് ആശുപത്രിയിലേയ്ക്കാണ് കൊണ്ടുപോയത് എന്ന് അറിയാന്‍ കഴിയുന്നത്. പറവൂര്‍ ആശുപത്രിയില്‍ കൊണ്ടുപോയ ഒരാളെ പക്ഷെ കളമശ്ശേരിയിലേയ്ക്കായിരിക്കും കൊണ്ടുപോയിട്ടുണ്ടാവുക. ഇവരുടെ ഈ മൂവ്‌മെന്റ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിയില്ലല്ലോ. ജനങ്ങള്‍ ഞങ്ങളോടാണ് തട്ടിക്കയറുക. ഗള്‍ഫുകാരെ പോലും വെറുതെവിടാത്ത സാഹചര്യം ആയിരുന്നല്ലോ അന്ന്.
പലരും വിചാരിച്ച് വെച്ചിരിക്കുന്നത് എല്ലാ പണികളും ചെയ്യല്‍ ഞങ്ങളുടെ ഡ്യൂട്ടി ആണ് എന്നാണ്. ആളുകളുടെ ധാരണ ഞങ്ങള്‍ക്ക് ഒരുപാട് പൈസ കിട്ടുന്നുണ്ട് എന്നാണ്. കൊവിഡ് സമയത്ത് മാസം 1000 രൂപ വീതം ഞങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസം ആ പൈസ കിട്ടി. ഒമ്പത് മാസം ഒരു രൂപ പോലും കിട്ടിയില്ല. എന്നിട്ടും എല്ലാ പണികളും ഞങ്ങള്‍ ചെയ്തു. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ബാക്കിയുള്ളവരെയൊക്കെ ക്വാറന്റൈന്‍ ചെയ്യിക്കണം. അവരെ ടെസ്റ്റിന് കൊണ്ടുപോണം, കൊണ്ടുവരണം. വണ്ടി വിളിച്ചു കൊടുക്കണം, ഓരോ പ്രായത്തിനും അനുസരിച്ച് ആളുകളെ തിരിച്ച് ആ രീതിയില്‍ വേണം പ്രവര്‍ത്തങ്ങള്‍ ചെയ്യാന്‍. ഇതിനൊക്കെ പുറമേ ഇവര്‍ക്ക് മരുന്ന് എത്തിക്കണം. ഒരു വാര്‍ഡില്‍ എത്ര കൊവിഡ് രോഗികള്‍ ഉണ്ടോ അവര്‍ക്കൊക്കെ മരുന്ന് എത്തിക്കണം.
ഭക്ഷണം കൊണ്ടുകൊടുക്കല്‍ തുടങ്ങി പശുവിനു പുല്ലു വരെ ചെത്തിയ ആശമാരുണ്ട്. ചിലര്‍ക്ക് റേഷന്‍ കടയില്‍ നിന്നും അരി വാങ്ങി കൊടുക്കണം. വണ്ടി ഒന്നും ഓടാത്ത സമയം ആണ്. നടന്നു വേണം പോകാന്‍. ഞങ്ങളുടെ കയ്യില്‍ ആണെങ്കില്‍ പൈസയും ഇല്ല. ഫാര്‍മസിയില്‍ ചെന്നിട്ട്ു ഫാര്‍മസിസ്റ്റ് വരെ ഞങ്ങളെ നീക്കി നിര്‍ത്തിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റിന്റെ ഡ്യൂട്ടിയും ചെയ്തിട്ടുണ്ട്. പോരാത്തതിന് ഗര്‍ഭിണികളുടെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കണം. കൊതുക് നശീകരണം നടത്തണം.
ആദ്യ ഘട്ടത്തെ കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞത്. അടുത്ത ഘട്ടം വാക്‌സിനേഷനാണ്. വക്‌സിനേഷന്റെ സമയത്താണ് ഞങ്ങള്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടത്. തുടക്കത്തില്‍ വാക്‌സിന്‍ കുറവായിരുന്നല്ലോ. ഒരു വാര്‍ഡിനു കിട്ടുന്നത് ആറു വാക്‌സിനും ഏഴു വാക്‌സിനും ഒക്കെ ആയിരുന്നു. അതും മുന്‍ഗണന അനുസരിച്ചാണ് കൊടുക്കേണ്ടത്. ഒരാള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ പോകുന്നുണ്ടെങ്കില്‍ ബാക്കി എല്ലാവരും അറിയും. ഉടനെ ഞങ്ങളെ വിളിച്ച് എല്ലാവരും തെറിവിളിക്കും. ‘നിനക്കൊക്കെ പറ്റിയത് മറ്റവന്‍ ആണല്ലേടീ’ എന്നോക്കോ ചോദിച്ചവര്‍ ഉണ്ട്. മെമ്പര്‍മാരുടെ ടോര്‍ച്ചര്‍ വേറെ.
വാക്‌സിന്‍ കൊടുക്കുന്ന ആളുകള്‍ ആണെങ്കില്‍ പിപിഇ കിറ്റൊക്കെ ഇട്ട് സുരക്ഷയോടെയാണ് വരിക. ഞങ്ങള്‍ക്ക് മാസ്‌ക് വരെ രണ്ട് സന്നദ്ധ സംഘടനകള്‍ ആണ് തന്നത്. ആളുകളെ വിളിച്ച് വിളിച്ച് ഞങ്ങളുടെ ഫോണുകള്‍ ഹാങ്ങായി. വിളിച്ച് വിളിച്ച് ഞങ്ങളുടെ പലരുടെയും വായ പൊട്ടി.”, ഞാറക്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ ദീപ പറയുന്നു.
”എനിക്ക് കൊവിഡ് വന്ന് സീരിയസായി കിടക്കുന്ന സമയത്താണ് 75 പേരുടെ വാക്‌സിനേഷന്‍ വന്നത്. ആ സമയത്ത് നൂറ് പേരെ എങ്കിലും വിളിച്ചാല്‍ മാത്രമേ 75 പേരെ തയ്യാറാക്കാന്‍ പറ്റൂ. എനിക്ക് വയ്യാതിരുന്നിട്ടു കൂടി ആളുകളെ വിളിച്ച് വാക്‌സിനേഷന് വേണ്ടി തയ്യാറാക്കി.”, ഞാറക്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ ലിസി പറയുന്നു.
”ഫോണ്‍ ചെവിയില്‍ വെക്കാന്‍ വരെ സമയം കിട്ടാതായപ്പോള്‍ പലരും ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് വാങ്ങി. ഇതൊന്നും വാങ്ങിക്കാനുള്ള സാഹചാര്യം ഇല്ല. അല്ലാതെ വേറെന്ത് ചെയ്യാനാണ്. ഒരു ഫോണ്‍ കട്ട് ചെയ്താല്‍ അടുത്തത് വരികയാണ്.”, ഞാറക്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ സൗമ്യ വോക്ക് മലയാളത്തോട് പറഞ്ഞു.
”ഒരു വീട്ടില്‍ അഞ്ചു പേര്‍ പോസിറ്റീവായി. അവര്‍ മരുന്നിനു വേണ്ടി വിളിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ കൊവിഡ് വന്ന് ശ്വാസം പോലും എടുക്കാന്‍ കഴിയാതെ കിടക്കുകയായിരുന്നു. അവരോട് എന്റെ അവസ്ഥ പറഞ്ഞിട്ടും സമ്മതിക്കാതെ വന്നപ്പോള്‍ ബന്ധുക്കളെ വിട്ടാണ് മരുന്ന് വാങ്ങിപ്പിച്ചത്.”, ഞാറക്കല്‍ പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ ഷീന പറഞ്ഞു.
”രാത്രി പന്ത്രണ്ട് മണിക്കും ഒന്നര മണിക്കും ഒക്‌സീമീറ്ററും കൊണ്ട് പോയിട്ടുണ്ട് ഞാന്‍. ശ്വാസംമുട്ട് കൂടി കിടക്കുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റാണ് പോയത്. കൊവിഡ് വന്ന് മരിച്ച ആളുടെ മൃതദേഹം കൂടുതല്‍ പേര്‍ക്കൊന്നും കാണാന്‍ പറ്റില്ലലോ. ഇതിന്റെ ദേഷ്യവും സങ്കടവും ഒക്കെ ജനങ്ങള്‍ തീര്‍ക്കുന്നത് ഞങ്ങളോടാണ്”, ഞാറക്കലിലെ ആശ വര്‍ക്കര്‍ ദീപ പറയുന്നു.
”നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ക്ക് മരിച്ച ആളെ കാണാന്‍ പറ്റാത്തത് എന്ന് പറഞ്ഞ് എന്നെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിച്ചിട്ടുണ്ട്.”, മറ്റൊരു ആശ പ്രവര്‍ത്തക സൗമ്യ പറയുന്നു.
”കുടുംബശ്രീക്കാരും അംഗനവാടി വര്‍ക്കര്‍മാറും ഒരു പണിയും ചെയ്തിട്ടില്ല. അവര്‍ കൊവിഡിന്റെ റിപ്പോര്‍ട്ട് കൊടുക്കുന്നത് തന്നെ ഞങ്ങളോട് ചോദിച്ചായിരുന്നു. ഞങ്ങളെ ആകെ സഹായിച്ചിട്ടുള്ളത് ആര്‍ആര്‍ടിടിയിലെ ചെറുപ്പക്കാര്‍ ആണ്. അവര്‍ ഉച്ചക്ക് ഭക്ഷണപൊതികള്‍ വിതരണം ചെയ്തിടരുന്നു. ഓരോ ദിവസവും അവര്‍ പോകുന്ന ഏരിയകളിലേക്കുള്ള മരുന്നുകള്‍ അവരുടെ അടുത്ത കൊടുത്തുവിടും”. സൗമ്യയും ദീപയും പറഞ്ഞു.
”കൊവിഡ് വന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത ചില കുടുംബങ്ങള്‍ക്ക് അരിയും സാധങ്ങളൊക്കെ വാങ്ങിച്ചു കൊടുത്തിരുന്നു. കൊവിഡ് ഇല്ലെങ്കിലും സാധങ്ങള്‍ വാങ്ങിച്ചു കൊടുക്കാന്‍ പറഞ്ഞ് വിളിക്കാണ്. പറ്റില്ലാ എന്ന് പറഞ്ഞാല്‍ ഇവര്‍ പറയുന്നത് അതൊന്നും പറ്റില്ല നീയൊക്കെ കൊണ്ട്‌പോയി തിന്നില്ലേ എന്നാണ്.”, ദീപ പറഞ്ഞു.
കൊവിഡിന് ശേഷമാണ് ഒപിയില്‍ ഡ്യൂട്ടി വന്നത്. വരി നില്‍ക്കുന്ന ജനങ്ങളെ ഞങ്ങള്‍ നിയന്ത്രിക്കണം. അവരോട് എന്തെങ്കിലും ഒന്നു പറഞ്ഞാല്‍ അപ്പൊ പറയും ഈ ആശമാരൊക്കെ എന്നാ ഉണ്ടായത്, നിങ്ങളൊക്കെ ഏതാ എന്ന്. കൊവിഡ് വന്നപ്പോള്‍ മരുന്ന് വാങ്ങിക്കൊടുത്ത ആളുകളാണ് ഇങ്ങനെയൊക്കെ പറയുന്നത്. ജനങ്ങളും സര്‍ക്കാരും ഉദ്യോഗസ്ഥരും എല്ലാം ഞങ്ങളെ മറന്നു.”, ഞാറക്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ രാജേശ്വരി പറഞ്ഞു.
കൊവിഡ് കാലത്ത് സീരിയസായ ആളുകളെ ആശുപത്രിയില്‍ എത്തിച്ച് അവര്‍ രക്ഷപ്പെട്ടു വന്നതിനു ശേഷം ഒരുപാട് നന്ദി പറഞ്ഞ ആളുകളും ഉണ്ട്. ചുരിദാര്‍ വാങ്ങി തരികയും വീട്ടിലൊക്കെ വരികയും ചെയ്ത ആളുകള്‍ ഉണ്ട്. എനിക്ക് കൊവിഡ് വന്നപ്പോള്‍ സാധങ്ങള്‍ കൊണ്ട് എന്റെ അടുത്ത് വരട്ടെ എന്ന് ചോദിച്ചവരും ഉണ്ട്.”, ഞാറക്കലിലെ ആശ വര്‍ക്കര്‍ സൗമ്യ പറഞ്ഞു.
”എന്റെ വീടിനടുത്ത് താമസിക്കുന്ന ഒരാള്‍ക്കും അമ്മയ്ക്കും കൊവിഡായി. അവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. വീട്ടില്‍ ഉണ്ടായിരുന്ന ഭര്‍ത്താവിന് മൂലക്കുരുവിന്റെ അസുഖം കൂടി. ചോര വന്നുകൊണ്ടിരിക്കുകയാണ്. പുറത്ത് ആരോടെങ്കിലും പറയാന്‍ പറ്റോ. സഹികെട്ട് എന്നെ വിളിച്ച് കാര്യം പറഞ്ഞു. എങ്ങനെയെങ്കിലും ഒരു ഗുളിക സങ്കടിപ്പിച്ചു കൊടുക്കാന്‍ പറഞ്ഞു. ബ്ലീഡിങ്ങും ഉണ്ട്. ഒരാഴ്ചയായി മലം പോയിട്ട്. ഞാന്‍ അപ്പോള്‍ തന്നെ ഡോക്ടറെ വിളിച്ചു, മരുന്ന് എഴുതിച്ചു. അതുവാങ്ങി വീട്ടില്‍ കൊണ്ടുകൊടുത്തു. ആ സ്‌നേഹം ഇന്നും എല്ലാ ക്രിസ്തുമസ് രാവിനും ഉടുപ്പായിട്ടു എനിക്ക് കിട്ടാറുണ്ട്. ഇതുപോലെ ഓരോരുത്തരുടെ പ്രാര്‍ത്ഥനയിലും ഞങ്ങള്‍ ഉണ്ട്. ഇപ്പോഴും ഞങ്ങളെ കാണുമ്പോള്‍ പറയാറുണ്ട്, അന്ന് ചേച്ചി ഉള്ളത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന്.”, മട്ടാഞ്ചേരി കോര്‍പറേഷന്‍ പരിധിയിലെ ആശ വര്‍ക്കര്‍ സുല്‍ഫത്ത് പറഞ്ഞു.
”ഒരുപാട് പേര്‍ ഞങ്ങളെ ചീത്ത വിളിച്ചിട്ടുണ്ട്. പിന്നെ കുറെ സ്ത്രീകള്‍ ആ അവസ്ഥ മുതലെടുത്തിട്ടുമുണ്ട്. വീട്ടിലേയ്ക്കുള്ള പലചരക്ക് മുതല്‍ പാഡ് വരെ വാങ്ങിപ്പിച്ചിട്ടുണ്ട്. തേവര എസ്എച്ച് കോളേജിലെ ഒരു സാര്‍, അദ്ദേഹത്തിന്റെ ഭാര്യയുടെ മലം ടെസ്റ്റ് ചെയ്യാന്‍ എന്നെ വിട്ടിട്ടുണ്ട്. ആ വീട്ടിലെ ഒരാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നു. ബാക്കിയുള്ള ആര്‍ക്കെങ്കിലും പോകാം. പക്ഷെ അവര്‍ പേടിയാണെന്നും പറഞ്ഞ് എന്നെ വിട്ടു.” മട്ടാഞ്ചേരി കോര്‍പറേഷന്‍ പരിധിയിലെ ആശ വര്‍ക്കര്‍ മെഹറുന്നീസ വോക്ക് മലയാളത്തോട് പറഞ്ഞു.
”കൊറോണ സമയത്ത് എന്റെ ഏരിയയിലെ ജനങ്ങള്‍ എന്നെ നോക്കിയിരുന്നത് കള്ളപുള്ളിയെ പോലെ ആയിരുന്നു. ഞാന്‍ എന്തേ കട്ടിട്ട് എന്നെ കാറില്‍ കയറ്റി വേറെ ഏതോ സ്ഥലത്തേക്ക് കൊണ്ട് പോകുന്ന കാഴ്ച. ഇത് കണ്ടിട്ട് എന്റെ ഭര്‍ത്താവും മോനും കരയായിരുന്നു (കരയുന്നു). കൊവിഡ് പ്രവര്‍ത്തനത്തിന് വേണ്ടി അറിയാത്ത ആണുങ്ങളുടെ കൂടെ ഞാന്‍ ഒരു പെണ്ണു മാത്രമാണ് പുറത്തുള്ളത്. രാവിലെ 11 മണിക്ക് ഞാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോയി ഇരുന്നിട്ട്, ആ ഇരുപ്പ് 7 മണി വരെ എന്നെ ഇരുത്തി. എനിക്ക് പുറരം വേദന എടുത്തിട്ട് സഹിക്കാന്‍ പറ്റുന്നില്ല. മറ്റൊരു ആശ വര്‍ക്കര്‍ അവിടെ ഉണ്ടായിരുന്നു. അവള്‍ വരുന്നതും നോക്കി ഞാന്‍ ഇരിക്കാണ്. എനിക്കെന്റെ സങ്കടം പറയണമെങ്കില്‍ എനിക്ക് എന്റേതില്‍ പെട്ട ആരെയെങ്കിലും കാണണം. അവള്‍ വന്നതും ഞാന്‍ കെട്ടിപ്പിടിച്ച് കരയായിരുന്നു.”, മട്ടാഞ്ചേരിയിലെ ആശ വര്‍ക്കര്‍ ഷാഹിദ അനുഭവം പങ്കുവെക്കുന്നു.
”നാലു വട്ടം കൊവിഡ് വന്ന ആളാണ് ഞാന്‍. മൂന്നാമത് കൊവിഡ വന്നിട്ട് കച്ചേരിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ ആയിരുന്നു. ഒരു വലിയ ഹാളില്‍ 48 ബെഡുണ്ട്. ആരും ഇല്ല. ഞാന്‍ ഒരാള്‍ തനിച്ച്. സിസ്റ്റര്‍മാരൊന്നും വരില്ല അടുത്ത്. ഒറ്റക്ക് കിടക്കാനും എന്തെങ്കിലും അനക്കം കേട്ടാല്‍ പേടിയുള്ള എനിക്ക് പേടിയൊക്കെ മാറിയത് അന്ന് ഒറ്റയ്ക്ക് കിടന്നത് കൊണ്ടാണ്. ഒരു ദസ്‌വി മാത്രം ഉണ്ടായിരുന്നു എന്റെ കയ്യില്‍. ഞാനും റബ്ബും മാത്രമായിരുന്നു. ആ അനുഭവം ഞാന്‍ മറക്കില്ല. പേടിച്ചിട്ട് കണ്ണ് തുറന്നു കിടക്കായിരുന്നു. ഒന്ന് തിരിയാന്‍ പേടിയായിരുന്നു. സങ്കടം ആരോട് പറയും.
കൊവിഡായി ആശുപത്രിയില്‍ ആയപ്പോഴും ഈ ഡയറിയും കൊണ്ടാണ് പോയത്. എന്തെങ്കിലും ആവശ്യത്തിനു വിളിച്ചാല്‍ പറഞ്ഞു കൊടുക്കണമല്ലോ. നോമ്പ് കാലത്ത് വെള്ളവും കാരക്കയും മാത്രം കഴിച്ചിട്ട് ഭക്ഷണം കഴിക്കാതെ 12 മണി വരെ കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. ഫോണ്‍ വെച്ചാലല്ലേ ഭക്ഷണം കഴിക്കാന്‍ പറ്റൂ. രാത്രിയെല്ലാം ആളുകള്‍ വിളിച്ചാല്‍ പോകണം. ഇതിനെല്ലാം കൂട്ടുവരുന്നത് ഭര്‍ത്താക്കന്മാരാന്. ആളുകള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ വരെ ഞങ്ങള്‍ അവിടെ എത്തിയിട്ടുണ്ട്. ആ അവസ്ഥ നിങ്ങളൊന്നു ആലോചിച്ച് നോക്കിയേ. ഈ അനുഭവത്തിലൂടെയൊക്കെ ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു.”, മെഹറുന്നീസ കൂട്ടിച്ചെര്‍ത്തു.
”അന്നത്തെ ജെപിഎച്ച്എന്‍ നല്ല സപ്പോര്‍ട്ട് ആയിരുന്നു. മേരിക്കുട്ടി സിസ്റ്റര്‍. ഇന്നത്തെ ജെപിഎച്ച്എന്‍മാര്‍ അങ്ങനെയല്ല. സപ്പോര്‍ട്ട് കുറവാണ്. ഞങ്ങളെ ഒന്ന് ചേര്‍ത്ത് നിര്‍ത്തിയാല്‍ മതി. അത് ചെയ്യുന്നില്ല. ഇനി അത് മോഹിക്കുന്നും ഇല്ല. ഈ പ്രായത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിയം ഒരു സാവകാശം ഞങ്ങള്‍ക്ക് കിട്ടിയാല്‍ മതി. ഭയങ്കര മാനസിക പിരിമുറുക്കത്തിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. പറ്റില്ലെങ്കില്‍ ഇട്ടിട്ടു പോകാനാണ് ജെപിഎച്ച്എന്‍മാര്‍ പറയുന്നത്. എന്നോട് പറഞ്ഞത് ടാഗ് ഊരി കൊടുത്ത് ഇട്ടിട്ടു പോകാനാണ്.’, സുല്‍ഫത്തും മെഹറുന്നീസയും പറഞ്ഞു.
”നേരത്തെയൊക്കെ ക്യാബിളിന്റെ പൈസ പിരിക്കാന്‍ ചെല്ലുന്ന ആളായിട്ടും വെള്ളത്തിന്റെ ആളായിട്ടും ഒക്കെ ആയിരുന്നു ഞങ്ങളെ ആളുകള്‍ മനസ്സിലാക്കിയിരുന്നത്. കൊവിഡിന് ശേഷം ആശയെ ആശയായി തിരിച്ചറിഞ്ഞു തുടങ്ങി. ഇപ്പോള്‍ ഏത് ഇരുട്ടത്ത് കണ്ടാലും ആളുകള്‍ക്ക് തിരിച്ചറിയും.”, മട്ടാഞ്ചേരിയിലെ ആശ വര്‍ക്കര്‍ സീനത്ത് പറഞ്ഞു.
ഇത്രയും പറഞ്ഞത് ആശമാര്‍ കടന്നുപോയ അനുഭവങ്ങള്‍ ആണ്. ഒരു ആശയെന്ന നിലയിലും കൊവിഡ് കാലത്തും ഇവര്‍ നേരിട്ട, ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്ന അവഗണനകളെ കുറിച്ചും അപമാനങ്ങളെ കുറിച്ചും അടുത്ത അദ്ധ്യായത്തില്‍ വായിക്കാം.
FAQs
ആരാണ് ആശാ വര്‍ക്കര്‍?
സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വര്‍ക്കര്‍ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം
എന്താണ് കൊവിഡ്-19?
സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന പകർച്ചവ്യാധിയാണ് കൊവിഡ്-19. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്. രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി രണ്ടു മുതൽ 14 ദിവസം വരെയാണ്.
എന്താണ് വാക്സിൻ ?
ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം
Quotes
അവർ നിങ്ങൾക്ക് ഇരിപ്പിടം നൽകുന്നില്ലെങ്കിൽ, മടക്കാന്‍ കഴിയുന്ന കസേര കൊണ്ടുവരിക- ഷേർലി ചിഷോം