Sat. Apr 27th, 2024

 

ആശ വര്‍ക്കര്‍ എന്നാല്‍ അംഗീകരിക്കപ്പെടാത്ത തൊഴിലാളികള്‍ ആയിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. 2018 മുതല്‍ ഞങ്ങള്‍ക്ക് ഇരിപ്പില്ലാത്ത ജോലികള്‍ ആയിരുന്നു. പ്രളയവും, കൊവിഡും വന്നു. ഈ വര്‍ഷങ്ങളില്‍ എല്ലാം ഞങ്ങള്‍ രാപകലില്ലാതെ പണിയെടുത്തിരുന്ന ആളുകളാണ്. ആ ഒരു പരിഗണന പോലും ഞങ്ങള്‍ക്കില്ല. അന്ന് ഞങ്ങളെ ഒരുപാടു പേര്‍ അനുമോദിക്കുകയും ചെയ്തു. ആ അനുമോദനങ്ങളില്‍ ഒതുങ്ങുന്നതാണോ ഞങ്ങളുടെ ജീവിതം

നങ്ങള്‍ക്ക് ആരോഗ്യകരമായ എന്ത് കാര്യങ്ങളും ചെയ്തു കൊടുക്കാന്‍ എല്ലാ കാലത്തും ആശമാര്‍ തയ്യാറാണ് എന്നാണ് പള്ളിപ്പുറം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ ഷീല ഗോപി പറഞ്ഞത്. സേവന മനോഭാവത്തോടെ തന്നെയാണ് തങ്ങള്‍ ആശ വര്‍ക്കര്‍മാര്‍ ആയതെന്നും പൈസ മോഹിച്ചിട്ടില്ലെന്നും ഷീല ഗോപി പറയുന്നു. എന്നാല്‍ ജോലി ഭാരം കൂടുന്നതിനനുസരിച്ച് ആശമാരുടെ സാമ്പത്തിക നിലയെ കൂടി പരിഗണിച്ചുവേണം ആരോഗ്യ രംഗം മുന്നോട്ടു പോകേണ്ടതെന്നും ഷീല ഗോപി വ്യക്തമാക്കുന്നു.

”ഇപ്പോള്‍ ജനങ്ങളുടെ ആരോഗ്യകരമായ കാര്യങ്ങളില്‍ മാത്രമല്ല ഞങ്ങള്‍ ഇടപെടുന്നത്. പല വീട്ടുകാരും അവര്‍ക്ക് വേണ്ടിയുള്ളവരാണ് ഞങ്ങള്‍ എന്ന പരിഗണന തരുന്നുണ്ട്. അത് മനസ്സിലാക്കിയവര്‍ എന്ത് പ്രശ്‌നം ഉണ്ടെങ്കിലും ഞങ്ങളോടാണ് ആദ്യം പറയുക. ഇന്ന് ആശ പ്രവര്‍ത്തകര്‍ ആരോഗ്യ രംഗത്ത് ഒരു ഡോക്ടര്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ ചെയ്യുന്നുണ്ട്. അതിന് പിഎച്ച്സിയിലുള്ളവരുടെ പിന്തുണ എപ്പോഴുണ്ട്.

ഡേറ്റ ശേഖരിക്കുക എന്നത് ചെറിയ കാര്യമല്ല. ആദ്യകാലങ്ങളില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവഗണനകള്‍ നേരിട്ടുണ്ട്. വിവരങ്ങള്‍ ചോദിക്കുമ്പോള്‍ തരാത്തവര്‍ ഉണ്ട്. ഇപ്പോഴും ആധാര്‍ കാര്‍ഡ് നമ്പര്‍ ചോദിക്കുമ്പോള്‍ തരാത്തവര്‍ ഉണ്ട്. അതിന് അവര്‍ പറയുന്നത് നിങ്ങള്‍ക്ക് തരാന്‍ പ്രശ്നമില്ല. പക്ഷെ നിങ്ങളില്‍ നിന്നും വേറെ ആളുകളിലേയ്ക്ക് ഈ നമ്പര്‍ എത്തും അതാണ് പ്രശ്നം എന്നാണ്. സാമ്പത്തികമായി ആശ വര്‍ക്കര്‍മാര്‍ക്ക് ഉന്നതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കാലാകാലങ്ങളായി ആയിരം രൂപയും അഞ്ഞൂറ് രൂപയും കൂട്ടിതരുന്നുണ്ടെങ്കിലും ചെയ്യുന്ന ജോലിയ്ക്കുള്ള വേതനം ഞങ്ങള്‍ക്ക് കിട്ടുന്നില്ല.”, ഷീല ഗോപി വോക്ക് മലയാളത്തോട് പറഞ്ഞു.

ആശ വര്‍ക്കര്‍ Screen grab

”എന്റെ കുട്ടികളുടെ പഠിത്തം കഴിഞ്ഞത് കൊണ്ട് ഈ ഓണറേറിയം എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പൈസ കിട്ടി ജീവിക്കുന്ന ആശമാര്‍ ഒരുപാടുണ്ട്. ഇന്നിപ്പോ അഞ്ഞൂറ് രൂപ കൊണ്ട് എന്തൊക്കെ സാധനങ്ങളാണ് കടയില്‍ നിന്നും വാങ്ങിക്കാന്‍ സാധിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം. പെണ്‍കുട്ടികള്‍ക്ക് പാഡ് വാങ്ങിക്കാന്‍ അമ്മമാരുടെ കയ്യില്‍ പൈസ ഉണ്ടായാല്‍ നല്ലതല്ലേ. വൈകീട്ട് വീട്ടിലേയ്ക്ക് തിരിച്ചു വരുമ്പോള്‍ കുട്ടികള്‍ക്ക് എന്തെങ്കിലും പലഹാരം വാങ്ങണമെങ്കില്‍ തന്നെ പൈസ വേണ്ടേ. 6000 രൂപ ഇതിനൊക്കെ തികയോ”? പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യം ഇല്ലാത്ത മുളവുകാട് പഞ്ചായത്തിലെ ആശ വര്‍ക്കര്‍ ചോദിക്കുന്നു.

”ഞങ്ങളാണ് ആരോഗ്യത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഞങ്ങളില്‍ നിന്നും ലഭിക്കുന്ന ഡേറ്റയാണ് കേന്ദ്രം വരെ പോകുന്നത്. കൊവിഡ് കാലത്ത് പോലും എല്ലാ ഡേറ്റയും കൊടുത്തത് ഞങ്ങളാണ്. ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ പോലും വിശ്വസിക്കാത്ത ആളുകള്‍ ഉണ്ട്. അവര്‍ പറയുന്നത് ആശ ചേച്ചി വരട്ടെ എന്നാണ്. ഞങ്ങള്‍ ഒരു ഓകെ പറഞ്ഞാലെ ജനങ്ങള്‍ക്ക് വിശ്വാസമാവൂ. മക്കളെ കുറിച്ച് അമ്മമാര്‍ക്ക് ഓര്‍മയില്ലാത്ത കാര്യങ്ങള്‍ പോലും ഞങ്ങള്‍ പറഞ്ഞ് കൊടുത്ത് ചെയ്യിക്കും. ആളുകള്‍ക്ക് ആരോഗ്യത്തെ കുറിച്ചുള്ള അവബോധമൊക്കെ പണ്ടത്തേക്കാള്‍ കൂടുതല്‍ ഇപ്പോഴുണ്ട്.

എന്നെ സംബന്ധിച്ച് എന്റെ വാര്‍ഡിലെ ഒരാള്‍ മരിക്കുന്ന ഒരു ഘട്ടം എത്തിയാല്‍ എന്നെ വിളിക്കും, ദേ വെള്ളം ഇറക്കുന്നില്ല ഒന്ന് വന്ന് നോക്കോ എന്ന് പറയും. ഞാന്‍ ഡോക്ടര്‍ അല്ല, പക്ഷെ അവിടെ ചെന്ന് നോക്കിയാല്‍ അവര്‍ക്ക് സമാധാനം ആണ്. ഇവര്‍ വിളിക്കുമ്പോള്‍ ചിലപ്പോ കറി അടുപ്പത്താവും. അപ്പൊ അത് ഓഫാക്കി പോകും. നേരം എത്ര ആയാലും ഒരു വിളി വന്നാല്‍ എന്നെ അവിടെ എത്തിക്കുന്നത് ഭര്‍ത്താവ് ആണ്.”, പള്ളിപ്പുറം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ മിനി പറയുന്നു.

”പദ്ധതിയുടെ തുടക്കത്തില്‍ ആശ വര്‍ക്കര്‍ ആയിട്ട് കയറിയ ആളാണ് ഞാന്‍. 17 വര്‍ഷമായി. ആദ്യമൊക്കെ മാതൃ-ശിശു സര്‍വേ എടുത്താല്‍ മതി എന്നാണ് പറഞ്ഞിരുന്നത്. കൊല്ലങ്ങള്‍ കഴിയും തോറും ജോലിയും വര്‍ദ്ധിച്ചു. വരുമാനം ഇല്ലാതെ വന്നപ്പോള്‍ പലരും മറ്റു ജോലികളിലേയ്ക്ക് പോയി. ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം പിടിച്ചു നിന്നു. അന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഇത് സര്‍ക്കാരിന്റെ പദ്ധതി ആണ്, ഈ രംഗത്ത് പ്രവര്‍ത്തിച്ചാല്‍ കുറച്ച് കഴിഞ്ഞാല്‍ ഉന്നതി ഉണ്ടാവും എന്നാണ്. എന്നാല്‍ ഇപ്പോള്‍ പൈസ ഇല്ല ഒന്നും ഇല്ല. വരുമാനം ഇല്ലാ എന്നുള്ളത് അന്നും ഇന്നും ഞങ്ങളെ അലട്ടുന്ന പ്രശ്നമാണ്. ആദ്യമൊക്കെ നിര്‍ബന്ധിത സേവനം ആയിരുന്നില്ല. ഇപ്പോള്‍ പല കാര്യങ്ങളും നിര്‍ബന്ധപൂര്‍വം ചെയ്യേണ്ട സാഹചര്യമാണ്. ‘, ഞാറക്കല്‍ പഞ്ചായത്തിലെ ആശ വാര്‍ക്കറായ ദീപ വോക്ക് മലയാളത്തോട് പറഞ്ഞു.

”പണ്ട് ജെപിച്ച്എന്‍മാര്‍ വാര്‍ഡില്‍ ഇറങ്ങി പണിയെടുക്കുമായിരുന്നു. അവര്‍ക്കും ഫീല്‍ഡ് വിസിറ്റ് ഉണ്ടായിരുന്നു. ഇന്ന് ഞങ്ങളാണ് അവരുടെ പണികള്‍ എല്ലാം ചെയ്യുന്നത്. ജോലി കൂടിയപ്പോള്‍ ഞങ്ങള്‍ക്ക് വയസ്സും കൂടി. 17 വര്‍ഷം ആയല്ലോ. അന്ന് ഓടിനടന്ന് ചെയ്ത കാര്യങ്ങള്‍ ഒന്നും ഇന്നിപ്പോള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. സര്‍ക്കാരുകള്‍ മാറിയും മറിഞ്ഞു വന്നാലും ഞങ്ങള്‍ക്ക് ഒരു ആനുകൂല്യങ്ങളും കിട്ടുന്നില്ല. ഇഎസ്‌ഐ ആണ് ഞങ്ങള്‍ക്ക് പ്രധാനമായും വേണ്ടത്. ഇങ്ങനെ ഓടി ചാടി നടക്കുന്നതിനിടെ ആശുപത്രില്‍ ആയി കഴിഞ്ഞാല്‍ ഒരു നേരത്തെ മരുന്നിനുള്ള പൈസ് പോലും ഞങ്ങള്‍ക്ക് സര്‍ക്കാര്‍ തരുന്നില്ല. അംഗനവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉണ്ട്. അവര്‍ ഫാനിന്റെ അടിയില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ വെയിലത്ത് ഫീല്‍ഡില്‍ ഓടിനടന്ന് പണിയെടുക്കുകയാണ്. അത് ഇവര്‍ മനസ്സിലാക്കുന്നില്ല.

ആശ വര്‍ക്കര്‍ എന്നാല്‍ അംഗീകരിക്കപ്പെടാത്ത തൊഴിലാളികള്‍ ആയിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. 2018 മുതല്‍ ഞങ്ങള്‍ക്ക് ഇരിപ്പില്ലാത്ത ജോലികള്‍ ആയിരുന്നു. പ്രളയവും, കൊവിഡും വന്നു. ഈ വര്‍ഷങ്ങളില്‍ എല്ലാം ഞങ്ങള്‍ രാപകലില്ലാതെ പണിയെടുത്തിരുന്ന ആളുകളാണ്. ആ ഒരു പരിഗണന പോലും ഞങ്ങള്‍ക്കില്ല. അന്ന് ഞങ്ങളെ ഒരുപാടു പേര്‍ അനുമോദിക്കുകയും ചെയ്തു. ആ അനുമോദനങ്ങളില്‍ ഒതുങ്ങുന്നതാണോ ഞങ്ങളുടെ ജീവിതം.”, എടവനക്കാട് പഞ്ചായത്തിലെ ആശ വര്‍ക്കര്‍ ചോദിക്കുന്നു.

സുരക്ഷിതമായ തൊഴിലിന് വേണ്ടി സമരം ചെയ്യുന്ന മഹാരാഷ്ട്രയിലെ ആശ വര്‍ക്കര്‍ Screen grab

”എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. സന്നന്ധ സേവനം കൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു പോകില്ലല്ലോ. ഇതില്‍ വന്നുപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തെങ്കിലും ജോലി കണ്ടെത്തുമായിരുന്നു. നേരത്തെ ഇതില്‍ നിന്നും കിട്ടുന്ന പൈസ കൊണ്ട് തട്ടിമുട്ടി ജീവിക്കുമായിരുന്നു. ഇപ്പോള്‍ കാലഘട്ടം മാറിയല്ലോ. ചെലവും കൂടുതല്‍ ആണ്. ആശമാരില്‍ പകുതി പേരും രോഗികള്‍ ആണ്. ചെക്ക് അപ്, മരുന്ന് തുടങ്ങിയവയ്ക്കൊന്നും പൈസ തികയില്ല. ഈ വരുമാനം കൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയും ആയി. പകര്‍ച്ചവാദികള്‍ ഉള്ള ആളുകള്‍ക്ക് ഞങ്ങളാണ് മരുന്നുകള്‍ എത്തിക്കുന്നത്. അവിടെ ഞങ്ങളുടെ ജിവിതം നോക്കിയല്ല മരുന്നുകള്‍ എടുത്തുകൊടുക്കുന്നത്. ഈ അസുഖങ്ങള്‍ എല്ലാം ഞങ്ങള്‍ക്കും പകരം. ഞങ്ങളുടെ ജീവിതത്തെ തന്നെ പണയം വെച്ചാണ് ഈ സേവനങ്ങള്‍ നല്‍കുന്നത്. ശരിക്കും ഞങ്ങളെ തൊഴിലാളികളായി അംഗീകരിക്കേണ്ടതാണ്. എന്നെ സംബന്ധിച്ച് ഞാന്‍ എഎന്‍എം (അസിസ്റ്റന്റ് നഴ്സിംഗ്) കോഴ്സ് പഠിച്ച് ജോലി ചെയ്തിരുന്നതാണ്. കുട്ടികള്‍ ചെറുതായിരുന്നപ്പോഴാണ് ജോലി രാജിവെക്കുന്നത്. കുട്ടികള്‍ വലുതായപ്പോള്‍ ആശ വര്‍ക്കര്‍ ആയി ജോലിയില്‍ കയറി. ഇപ്പോള്‍ ഇത് ഇട്ടിട്ടു പോകാന്‍ പറ്റാത്ത അവസ്ഥയാണ്.”, എടവനക്കാട് പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.

”കൂടി കൂടി വരുന്ന ഞങ്ങളുടെ ജോലി ഭാരത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ ഒന്നും പറയുന്നില്ല. എടുക്കുന്ന ജോലിക്ക് മാന്യമായ ശമ്പളം കിട്ടുന്നത് സംതൃപ്തിയാണ്. ഞങ്ങളുടെ വീടുകളില്‍ ഒന്നും അമ്പത്തിക സൗകര്യം ഇല്ല. ഞങ്ങളിന്ന് രോഗികളായി മാറിത്തീര്‍ന്നു. ചെവി കേള്‍ക്കാന്‍ പാടില്ല, കണ്ണ് കാണില്ല എല്ലാം കൊണ്ടും കഷ്ടത്തിലാണ്. ഫോണ്‍ ഉപയോഗിച്ച് ഉപയോഗിച്ച് കേടുവന്നു. ഒരു പുതിയ ഫോണ്‍ വാങ്ങാന്‍ ഇക്കാലത്ത് എത്ര പൈസ വേണം. എണീക്കുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെ ഫോണ്‍ വിളിയും കണക്കുകൂട്ടലും ആണ്. ആശയാവാനുള്ള അടിസ്ഥാന വിദ്യാഭ്യാസം എട്ടാം ക്ലാസാണ്. ഞങ്ങള്‍ക്ക് ഇംഗ്ലീഷ് കൂടുതല്‍ അറിയില്ല. ഇപ്പോള്‍ വരുന്ന നോട്ടീസുകളും അറിയിപ്പുകളും എല്ലാം ഇംഗ്ലീഷില്‍ ആണ്.

ഇതൊരു കൂലിപ്പണി പോലെയാണ്. ഒരു കല്‍പ്പണിക്കാരന്‍ ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ അയാള്‍ക്ക് അന്നു കൂലിയില്ല. അതുപോലെ ആണ് ഞങ്ങളും. ഒരു അവലോകനം നടത്തിയില്ലെങ്കിലും ഒരു ക്ലാസ് സംഘടിപ്പിച്ചില്ലെങ്കിലും എല്ലാം പൈസ കട്ട് ചെയ്യും. ഒരു മാസം മുഴുവന്‍ പണി എടുത്താലും എന്തെങ്കിലും കാരണം കൊണ്ട് ഒരു ക്ലാസ് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ 600 രൂപ കട്ട് ചെയ്യും. പത്ത് കാര്യം ചെയ്യുമ്പോള്‍ ആണ് ഈ 6000 രൂപ കിട്ടുന്നത്.”, എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറയുന്നു.

”പലര്‍ക്കും വീട്ടില്‍ കഷ്ടപ്പാടാണ്. ഈ കിട്ടുന്ന 6000 രൂപ കൊണ്ട് ജീവിക്കാന്‍ പറ്റണ്ടേ. ഭര്‍ത്താവ് ജോലി എടുത്താണ് ഇപ്പോഴും ജീവിക്കുന്നത്. ഇഷ്ടപ്പെട്ട ഒരു ഭക്ഷണം പോലും കഴിക്കാന്‍ പറ്റുന്നില്ല. കൊവിഡ് കാലത്ത് ഞങ്ങളെ പൊക്കി പിടിച്ചു. ഞങ്ങളെ ആരും പൊക്കി കാണിക്കണ്ട. ഞങ്ങള്‍ക്ക് ജീവിക്കാനുള്ള മാന്യമായ ശമ്പളം തന്നാല്‍ മതി. ഞങ്ങളുടെ സര്‍ക്കുലര്‍ പ്രകാരം ആഴ്ചയില്‍ നാലു ദിവസം പണി എടുത്താല്‍ മതി. എന്നാല്‍ അവര്‍ 31 ദിവസം പണി എടുക്കാനുള്ള ആക്ഷന്‍ പ്ലാനുകള്‍ ആണ് തയ്യാറാക്കി തരിക. ഇതിനെ ഒരിക്കല്‍ ഞങ്ങള്‍ ചോദ്യം ചെയ്തതാണ്. അപ്പോള്‍ സിസ്റ്റര്‍മാര്‍ അതിനുള്ള പ്രതികാരം ചെയ്യും. വിശപ്പിനെ ശമിപ്പിക്കാനുള്ള പൈസ ഒരു ജോലിയില്‍ നന്നും കിട്ടിയില്ലെങ്കില്‍ ആ ജോലി ചെയ്തിട്ടു കാര്യമില്ലല്ലോ. ഇന്ന് മിനിമം 500 രൂപ ഇല്ലാത്ത ജോലി കേരളത്തില്‍ ഇല്ലല്ലോ. ഞങ്ങള്‍ക്ക് ആകെ 6000 രൂപയാണ് കിട്ടുന്നത് എന്ന് പറയാന്‍ തന്നെ നാണക്കേടാണ്.”, എളംങ്കുന്നപ്പുഴയിലെ മറ്റൊരു ആശ വര്‍ക്കര്‍ പറയുന്നു.

ആശ വര്‍ക്കര്‍ Screen grab

”ഞങ്ങളുടെ 30, 35 വയസ്സിലാണ് ആശയായി കയറുന്നത്. ഇപ്പോള്‍ 17 വര്‍ഷം ആയി. ഇതുവരെ സമ്പാദ്യം ആയിട്ട് ഒന്നും ഇല്ല. അസുഖങ്ങള്‍ മാത്രമാണ് ഉള്ളത്. ഒരു ചിട്ടി കൂടിയത് അടക്കാന്‍ പോലും പറ്റുന്നില്ല. ഭര്‍ത്താവ് ചോദിക്കുന്നത് നീയൊക്കെ എന്തിനാണ് പണിക്ക് പോണത് എന്നാണ്. ഈ ജോലിയില്‍ നിന്നാണെങ്കില്‍ വിട്ടുപോകാന്‍ തോന്നുന്നില്ല. അത്രയ്ക്ക് അറ്റാച്ച്മെന്റ് ആയിപ്പോയി. പൈസ ഒന്നും കിട്ടാത്ത സങ്കടം എല്ലാ ആശമാര്‍ക്കും ഉണ്ട്. ഞങ്ങള്‍ക്ക് ഇത്രയും പ്രായം ആയി. ഇനി ആരെങ്കിലും എന്തെങ്കിലും ജോലിക്ക് ഞങ്ങളെ എടുക്കോ. പത്തു വര്‍ഷം കഴിഞ്ഞാല്‍ ഏതൊരു ജോലിയിലും സ്ഥിരപ്പെടുത്തും. ഞങ്ങളും വിചാരിച്ചിരുന്നു സര്‍ക്കാര്‍ ജോലിയല്ലേ സ്ഥിരപ്പെടുത്തും എന്ന്. ഇപ്പോള്‍ ഞങ്ങളുടെ ആവശ്യം നാല്‍പതും അന്‍പതും വയസ്സു കഴിഞ്ഞവരെ ഏതെങ്കിലും പാര്‍ട്ട് ടൈം ജോലിയില്‍ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തണം എന്നാണ്. 62 വയസ്സില്‍ റിട്ടയേഡ് ആവും എന്നാണ് ഇപ്പോള്‍ പറയുന്നത്. അത്രയും വര്‍ഷം എങ്കിലും ഞങ്ങളെ സ്ഥിര വരുമാനത്തിലേക്കേ് കൊണ്ടുപോണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.

എട്ട് ബുക്കോളം ഉണ്ട് ഞങ്ങള്‍ക്ക്. ഈ ബുക്ക് എല്ലാം എഴുതി ജെപിഎച്ച്എമ്മിനെ കൊണ്ട് ഒപ്പ് വാങ്ങിച്ചാലെ ഞങ്ങള്‍ക്ക് 6000 രൂപ ഓണറേറിയം കിട്ടൂ. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ കൂടുല്‍ പുസ്തകം ഉണ്ട് ഞങ്ങള്‍ക്ക്. ഈ വയസ്സാം കാലത്ത് ഇതെല്ലാം എഴുതി തയ്യാറാക്കണം. ഉന്നതങ്ങളിലേയ്ക്ക് പോകുന്ന എല്ലാ റിപ്പോര്‍ട്ടും ആദ്യം എഴുതി തയ്യാറാക്കുന്നത് ഞങ്ങളാണ്. എംഎല്‍എസ്പിക്കാരുടെ മുന്നിലും പിറകിലും ആശ വര്‍ക്കര്‍മാരാണ് ജോലി ചെയ്യുന്നത്. അവര്‍ വാങ്ങിക്കുന്ന സാലറി ഞങ്ങള്‍ക്ക് കിട്ടുന്ന ഓണറേറിയത്തേക്കാള്‍ എത്രയോ കൂടുതലാണ്. ജെപിഎച്ച്എന്‍മാര്‍ക്ക് മുക്കാഭാഗം ജോലികള്‍ ചെയ്തു കൊടുക്കുന്നത് ഞങ്ങളാണ്. പേപ്പര്‍ വര്‍ക്ക് മാത്രമേ അവര്‍ ചെയ്യുന്നുള്ളൂ.

2023-ല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഞങ്ങള്‍ക്ക് തന്നു. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു കൊടുക്കണം. ഇതിന് ഒരു രൂപ പോലും ഞങ്ങള്‍ക്ക് കിട്ടിയില്ല. ആശുപത്രിയുടെ സര്‍വേ ആണിത്. ഞങ്ങള്‍ക്ക് കിട്ടുന്ന ഇന്‍സന്റീവിനെ കുറിച്ച് പറയാന്‍ തന്നെ നാണക്കേടാണ്. 20 രൂപയൊക്കെ ആണ് ഒരു കാര്യം ചെയ്താല്‍ കിട്ടുന്നത്. ഇതൊക്കെ വളരെ മോശമായ കാര്യമല്ലേ. ഒരു ധര്‍മക്കാര്‍ക്ക് പോലും പത്തും ഇരുപതു രൂപ ഒരാളില്‍ നിന്നും കിട്ടുന്നുണ്ട്.”, ചെല്ലാനം പഞ്ചായത്തിലെ പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ആശ വര്‍ക്കര്‍മാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

ആരാണ് ആശാ വര്‍ക്കര്‍?

സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വര്‍ക്കര്‍ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം

എന്താണ് ആരോഗ്യം?

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ ആരോഗ്യം എന്നതുകൊണ്ടുദ്ദേശിച്ചിരുന്നത്. എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണ് ആരോഗ്യം.

Quotes

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്– വിർജിൽ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.