Mon. Dec 23rd, 2024

ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആധികാരികമായ വിവരങ്ങൾ നൽകുന്നതിനും വ്യാജവാർത്തകൾ തടയുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ. യഥാർത്ഥ വിവരങ്ങൾ യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച് എന്നിവയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ ലക്ഷ്യം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ആധികാരിക വിവരങ്ങള്‍ നല്‍കാനാണ് തങ്ങളുടെ ശ്രമമെന്ന് ഗൂഗിള്‍ പുറത്തുവിട്ട ബ്ലോഗ്‌ പോസ്റ്റില്‍ പറയുന്നു.

“എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ വോട്ട് ചെയ്യണം എന്നിങ്ങനെയുള്ള വോട്ടിംഗ് വിവരങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ചിലൂടെ എളുപ്പത്തില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കണ്ടെത്താനായി ആളുകളെ പ്രാപ്തരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഞങ്ങള്‍ കൈകോര്‍ക്കുന്നു” ഗൂഗിള്‍ കുറിച്ചു.

ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളുടെയും ഫാക്ട് ചെക്കര്‍മാരുടെയും കണ്‍സോര്‍ഷ്യമായ ഇന്ത്യ ഇലക്ഷന്‍ ഫാക്ട് ചെക്കിങ് കളക്ടീവായ ശക്തിയ്ക്ക് ഗൂഗില്‍ പിന്തുണ നല്‍കും.

മാധ്യമ സ്ഥാപനങ്ങള്‍ക്കും ഫാക്ട് ചെക്കര്‍മാര്‍ക്കും ഫാക്ട് ചെക്കിങ് രീതികളും ഡീപ്പ് ഫേക്ക് ഡിറ്റക്ഷനും സംബന്ധിച്ച പരിശീലനം ശക്തി പ്രൊജക്ടിന്റെ ഭാഗമായി നല്‍കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജെമിനി പോലുള്ള എഐ ഉല്പന്നങ്ങളില്‍ നിയന്ത്രണം വരുത്തുമെന്നും ഗൂഗിള്‍ പറഞ്ഞു.