Tue. Nov 5th, 2024

നടനും കോമഡി താരവുമായ ബിനു അടിമാലിക്കെതിരെ ആരോപണവുമായി ഫോട്ടോഗ്രഫർ ജിനേഷ്. തന്റെ ക്യാമറ ബിനു അടിമാലി തല്ലി തകർത്തെന്നും റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ജിനേഷ് പറയുന്നു.

ജിനേഷ് യുട്യൂബ് ചാനലിലൂടെ ബിനു അടിമാലിയുടെ ഭീഷണി വോയ്സ് ക്ലിപ്പടക്കം പുറത്ത് വിട്ടിട്ടുണ്ട്.

വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെയും അപകടത്തിൽ പരിക്കേറ്റ മഹേഷ് കുഞ്ഞു മോന്റെയും വീട്ടില്‍ ബിനു അടിമാലി പോയത് സഹതാപം കിട്ടുന്നതിനും ചീത്ത പേര് മാറുന്നതിനും വേണ്ടിയാണെന്നും ജിനേഷ് ആരോപിക്കുന്നു.

ജിനേഷിന്റെ വാക്കുകൾ ഇങ്ങനെ

ഞാനും ബിനു അടിമാലിയും തമ്മിൽ ചേട്ടൻ അനിയൻ ബന്ധമായിരുന്നു. അദ്ദേഹത്തിന് അപകടം പറ്റിയപ്പോൾ ആശുപത്രിയിൽ കൂടെ നിന്നതും എല്ലാ കാര്യങ്ങളും നോക്കിയതും ഞാനാണ്. ശേഷം ബിനു അടിമാലി, കൊല്ലം സുധിച്ചേട്ടന്റെ വീട്ടിൽ പോയിരുന്നു. അന്ന് നടക്കാൻ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു എന്നിട്ടും അദ്ദേഹം വീൽ ചെയർ ഉപയോഗിച്ചിരുന്നു. സിമ്പതി കിട്ടാൻ വേണ്ടിയാണ് അത് ഉപയോ​ഗിച്ചത്. ഇതോടെ എന്റെ ഇമേജ് മാറണം, അതിനുവേണ്ടിയുള്ള കാര്യങ്ങൾ നീ സോഷ്യൽ മീഡിയയിൽ ചെയ്യണം’ എന്നാണ് ബിനു ചേട്ടൻ എന്നോട് പറഞ്ഞത്. അങ്ങനെയാണ് സുധിയുടെ വീട്ടിൽ കാറിൽനിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. പക്ഷേ മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ പോയപ്പോൾ, വീഡിയോ പോസ്റ്റ് ചെയ്യരുതെന്ന് മഹേഷ് പറഞ്ഞു. പക്ഷെ ഫോട്ടോ എടുത്തിരുന്നു.

മൂന്നു വർഷം ബിനു ചേട്ടന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്തത് ഞാനാണ്. പിണങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടും പാസ്‌വേർഡും എല്ലാം തിരിച്ചു നൽകിയിരുന്നു. പക്ഷേ ബിനു ചേട്ടൻ, അക്കൗണ്ട് ഞാൻ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകി. ഞാൻ പോലീസ് സ്റ്റേഷനിൽ പോയി സത്യാവസ്ഥ പറഞ്ഞപ്പോൾ അവിടുത്തെ സാറിന് കാര്യം മനസ്സിലായി. പല തവണ ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ശ്രമിച്ചതുകൊണ്ടാണ് അക്കൗണ്ട് തുറക്കാൻ പറ്റാതായതെന്ന് പിന്നീട് എനിക്ക് മനസ്സിലായി.

പിന്നെയും ബിനു ചേട്ടൻ എന്നെ വിളിക്കുകയും ആളുടെ അക്കൗണ്ടിൽ തെറി കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് ഞാനാണെന്ന് പറയുകയും ചെയ്ത് എന്നെ ഭീഷണിപ്പെടുത്തി. ചേട്ടന് വലിയ ആളുകളുമായും ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷൻ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയിൽ എന്നെ വച്ചേക്കില്ലെന്നുമൊക്കെ ഭീഷണിപ്പെടുത്തി. അതോടെ എനിക്ക് പേടിയായി. എനിക്കു രണ്ടു പെൺമക്കളാണ്. തുടർന്ന് പൊലീസിൽ പരാതി നൽകി. പക്ഷേ ആദ്യം വിളിച്ചപ്പോൾ ബിനു ചേട്ടൻ വന്നില്ല. പിറ്റേ ദിവസവും പ്രശ്നം ഒത്തുതീർപ്പാക്കി.

പിന്നീട് ഒരുദിവസം ഫോട്ടോ ഷൂട്ടുണ്ടെന്ന് പറഞ്ഞ് റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി. ബിനു ചേട്ടൻ അവിടെ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടതും ഒരു റൂമിലേക്ക് വലിച്ചിട്ട് ക്യാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി മർദിച്ചു. അവിടെയുള്ള മറ്റ് ആർട്ടിസ്റ്റുകൾ ഓടി വന്ന് ഡോർ തല്ലിപ്പൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാൻ വീണ്ടും പോലീസിൽ പരാതിപ്പെട്ടു. കേസായി. ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു’- ജിനേഷ് പറഞ്ഞു.