Mon. Dec 23rd, 2024

ന്യൂഡൽഹി: 2019 ഏപ്രിൽ 14 നും 2024 ഫെബ്രുവരി 15 നും ഇടയിൽ 22217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ടെന്നും ഇതില്‍ 22030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയെന്നും എസ്ബിഐ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇലക്ടറൽ ബോണ്ട് കേസിലെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് എസ്ബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

2019 ഏപ്രിൽ ഒന്നിനും 11നുമിടയിൽ 3346 ബോണ്ടുകൾ വാങ്ങിയതായും അതിൽ 1609 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019 ഏപ്രിൽ 12നും 2024 ഏപ്രിൽ 15നുമിടയിൽ 18871 ബോണ്ടുകൾ വാങ്ങിയതായും അതിൽ 20421 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റിയെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

2018 ലെ ഗസറ്റ് വിജ്ഞാപനമനുസരിച്ച് 15 ദിവസത്തെ കാലയളവിനുള്ളിൽ വീണ്ടെടുക്കാത്ത 187 ബോണ്ടുകൾ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി.

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ തീയതി, വാങ്ങിയവരുടെ പേരുകള്‍, ഇലക്ടറൽ ബോണ്ടുകളുടെ മൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ എസ്ബിഐ നല്‍കിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പാസ്​വേഡ് പരിരക്ഷയുള്ള പിഡിഎഫ് ഫയലുകളിലാണ് ഡാറ്റ കൈമാറിയത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് എസ്ബിഐക്ക് വേണ്ടി ഹാജരായത്.

വെള്ളിയാഴ്ച വൈകുന്നേരത്തിനകം ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ വെബസൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്ന എസ്ബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളുകയും മാര്‍ച്ച് 12 ന് രേഖകള്‍ സമർപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.