ജനീവ: ലോകത്ത് നാല് വർഷത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ കുട്ടികൾ നാല് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി തലവന്‍ ഫിലിപ്പ് ലസാരിനി. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയുടെ തലവനാണ് ഫിലിപ്പ് ലസാരിനി.
“ലോകമെമ്പാടുമുള്ള നാല് വർഷത്തെ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഗാസയിൽ വെറും നാല് മാസത്തിനുള്ളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം. ഈ യുദ്ധം കുട്ടികള്‍ക്കെതിരായ യുദ്ധമാണ്. ഇത് അവരുടെ ബാല്യത്തിന്റെയും ഭാവിയുടെയും മുകളിലുള്ള യുദ്ധമാണ്” ഫിലിപ്പ് ലസാരിനി എക്‌സില്‍ കുറിച്ചു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 2019നും 2022നും ഇടയില്‍ ലോകത്താകെ നടന്നിട്ടുള്ള സംഘര്‍ഷങ്ങളില്‍ ഏകദേശം 12193 കുട്ടികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതിനേക്കാള്‍ കൂടുതലാണ് നാല് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.
12300 കുട്ടികളാണ് കഴിഞ്ഞ ഒക്ടോബറിനും ഫെബ്രുവരി മാസത്തിന്റെ അവസാനത്തിനും ഇടയിലായി ഫലസ്തീനില്‍ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ഗാസയില്‍ 31112 പേര്‍ കൊല്ലപ്പെടുകയും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 72760 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.